|    Dec 13 Thu, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പദവിയുടെ നിഷ്പക്ഷത കൂടുതല്‍ ബോധ്യപ്പെടുന്നു: സ്പീക്കര്‍

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും അംഗീകാരവും അതോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടാവുക എന്നതു സ്പീക്കര്‍ പദവിയുടെ പ്രത്യേകതയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭയില്‍ സ്പീക്കര്‍ ഉയര്‍ത്തിയ നിലപാടിനെതിരേ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സ്പീക്കര്‍.
ശബരിമല മാത്രമാണ് കേരളത്തിന്റെ പ്രശ്‌നമെന്ന് കരുതുന്നില്ല. പ്രതിപക്ഷത്തിന്റെ എല്ലാ രീതികളെയും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല. സാമാജികരുടെ അവകാശവും അത് ലോകം അറിയേണ്ടതുമായ അവസരവുമാണു പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ശബരിമല വിഷയം സമഗ്രമായി ചര്‍ച്ച ചെയ്തതാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരേ വിഷയം അവതരിപ്പിക്കുന്നതു ശരിയല്ല. പെട്ടെന്ന് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കാനാണു പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളോട് തനിക്ക് ഒട്ടും അസഹിഷ്ണുതയില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയോ, ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.
പ്രതിപക്ഷത്തിന്റെ അവസരങ്ങള്‍ നിഷേധിച്ചിട്ടില്ല. സഭാനടപടി ചട്ടങ്ങള്‍ പ്രകാരം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റേത് വൈകാരിക പ്രകടനമാണ്. പ്രതിപക്ഷത്തിന് വൈകാരിക പ്രകടനങ്ങള്‍ക്കും വ്യത്യസ്തമായ പ്രതികരണങ്ങള്‍ക്കും താല്‍പര്യമുണ്ടാവാം. പ്രതിപക്ഷത്തിന്റെ ഇത്തരം ബോധ്യങ്ങളില്‍ താന്‍ അഭിപ്രായം പറയാനില്ല. ശബരിമലയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് ബുധനാഴ്ച്ച അനുമതി ചോദിച്ചു. അടിയന്തര പ്രമേയം പരിഗണിക്കുന്നതു ചോദ്യത്തരവേളയ്ക്ക് ശേഷം ശൂന്യവേളയിലാണ്. എന്നാല്‍ ചോദ്യത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളംവയ്ക്കുകയായിരുന്നു. ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ചോദ്യങ്ങള്‍ ക്ലബ്ബ് ചെയ്യാന്‍ നോട്ടീസ് നല്‍കിയവര്‍ പോലും ബഹളംവയ്ക്കാന്‍ എത്തിയതായും സ്പീക്കര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss