|    Oct 17 Wed, 2018 12:24 am
FLASH NEWS

വിഭാഗീയത; സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെട്ടു

Published : 21st September 2017 | Posted By: fsq

 

ചെര്‍ക്കള: വിഭാഗീയതയെ തുടര്‍ന്ന് സിപിഎം മുളിയാര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെട്ടു. 18 ബ്രാഞ്ച് കമ്മിറ്റികളാണ് മുളിയാര്‍ ലോക്കലിന് കീഴിലുള്ളത്. കഴിഞ്ഞ ദിവസമാണ് നാലു ബ്രാഞ്ചുകളിലാണ് സമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്നിടത്തും സമ്മേളനങ്ങള്‍ നടന്നില്ല. അടുത്തിടെ സിപിഎം കാറഡുക്ക ഏരിയാ കമ്മിറ്റി അംഗം മുളിയാര്‍ മഞ്ചക്കല്ലിലെ മാധവന്റെ വീടിന് നേരെ അക്രമം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് വിഭാഗീയതയ്ക്കും ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെടുന്നതിനും ഇടയാക്കിയത്. മാധവന്റെ വീടിന് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്നു ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഏരിയാ നേതാവ് ഇടപെട്ട് പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തടസ്സപ്പെട്ടത്.  അതിനിടെ ബദിയടുക്ക, കുമ്പള ഏരിയകളിലെ ബ്രാഞ്ച് സമ്മേളനങ്ങളിലും വിഭാഗീയത രൂക്ഷമായിട്ടുണ്ട്. ലൈഫ് പദ്ധതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് പദ്ധതിയില്‍ അര്‍ഹതപ്പെട്ടവരെ തഴയുകയും അതേസമയം നല്ല വീടുള്ളവര്‍ക്ക് തന്നെ വീണ്ടും വീടുകള്‍ അനുവദിക്കുകയും ചെയ്യുന്ന ലൈഫ് പദ്ധതിക്കെതിരെയാണ് പ്രവര്‍ത്തകര്‍ രംഗത്തുള്ളത്. കുമ്പള ഏരിയയിലെ നീര്‍ച്ചാല്‍, ബദിയടുക്ക, എന്‍മകജെ, കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റികളുടെ പരിധിയിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ലൈഫ് പദ്ധതിക്കെതിരെ അംഗങ്ങള്‍ രംഗത്തുവന്നത്. പദ്ധതി പ്രകാരം പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി ഗുണഭോക്താക്കളായി തിരഞ്ഞെടുത്തവരുടെ രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പല കുടുംബങ്ങളും തഴയപ്പെടുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടിനേതൃത്വത്തിനെതിരെ അണികള്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss