|    Nov 13 Tue, 2018 9:39 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വിഭജനരാഷ്ട്രീയത്തിന്റെ പുതിയ മുഖം

Published : 7th August 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അസമില്‍ 40 ലക്ഷത്തിലേറെ പൗരന്മാരെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരടു പട്ടികയില്‍ നിന്നു പുറത്താക്കി. ഈ നടപടി കുടത്തില്‍ നിന്ന് ഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമാണ്. ഒരുവശത്ത് പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടികയല്ലെന്ന് അധികൃതരും സുപ്രിംകോടതി വരെയും സമാശ്വസിപ്പിക്കുക, ഇവരെല്ലാം ബംഗ്ലാദേശുകാരായ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ പുറന്തള്ളാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭരണകക്ഷിയുടെ ഉന്നത നേതാക്കള്‍ പ്രഖ്യാപിക്കുക. ചെകുത്താനും കടലിനുമിടയില്‍ ഭയവിഹ്വലരായി ആശങ്കയുടെ നടുക്കടലില്‍ വീണത് അസമിലെ ജനസംഖ്യയുടെ വലിയൊരു ഭാഗമാണ്.
1951ലെ തിരഞ്ഞെടുപ്പ് പട്ടിക പുതുക്കാത്തതിനും പൂര്‍വ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥിപ്രവാഹത്തിനും ദേശീയ പൗരത്വ രജിസ്റ്ററിലുണ്ടായിരുന്നവര്‍ ഉത്തരവാദികളല്ല. അസമിലെ വിദ്യാര്‍ഥി പ്രക്ഷോഭകാരികളുമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉണ്ടാക്കിയ 1985ലെ കരാര്‍വ്യവസ്ഥകള്‍ക്കും പൗരത്വ രജിസ്റ്ററും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പ്പട്ടികയും പുതുക്കാതിരുന്നതിനും അസമിലെ ജനങ്ങള്‍ ഉത്തരവാദികളല്ല.
പ്രാദേശികവും ഭാഷാപരവും മതപരവുമായ വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ടും അധികാരവും രാഷ്ട്രീയനേട്ടങ്ങളും കൊയ്യാന്‍ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും അസമില്‍ മാറിമാറി ശ്രമിച്ചതിന്റെ ദുരന്തമാണ് ആ നാട് നേരിടുന്നത്. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി, മണ്ണിലും വിണ്ണിലും അവകാശമില്ലാത്തവരായി അവര്‍ മാറുന്നു. മൂന്നുകോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് 40 ലക്ഷത്തിലേറെപേര്‍ പൗരത്വമില്ലാതെ പുറന്തള്ളപ്പെടുന്നു. ആദ്യ പട്ടിക 2017 ജൂലൈയില്‍ വന്നപ്പോള്‍ ഒന്നര ലക്ഷം പേര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. അവസാന കരടു പട്ടികയില്‍ അത് 40 ലക്ഷമായി.
ബംഗാളി മാതൃഭാഷയായ മുസ്‌ലിംകളാണ് പൗരത്വം നഷ്ടപ്പെട്ടവരില്‍ ഏറെയും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഉത്തരപൂര്‍വ സംസ്ഥാനങ്ങളെ സ്വന്തം നാടായി സ്വീകരിച്ചവരാണ് നേപ്പാളി ഗൂര്‍ഖകള്‍. ബ്രിട്ടിഷ് ഗവണ്‍മെന്റ് രൂപീകരിച്ച ഗൂര്‍ഖാ റൈഫിള്‍സിന്റെ പിന്തുടര്‍ച്ചക്കാരെന്ന നിലയില്‍ ഇന്ത്യന്‍ പൗരന്മാരായി തലമുറകളായി കഴിഞ്ഞവര്‍. കേരളമടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയരെപ്പോലെ തൊഴിലെടുത്തു കഴിയുന്ന ഗൂര്‍ഖകള്‍ക്ക് അസം അന്യരാഷ്ട്രമായി മാറുകയാണ്; അവരുടെ ആശങ്ക ദേശവ്യാപകമായി മാറുകയും.
ഇതിനു മുമ്പ് വ്യാജ പൗരന്മാരെന്ന പരാതിയുണ്ടെങ്കില്‍ തെളിവു നല്‍കി അവരെ വോട്ടര്‍പ്പട്ടികയില്‍ നിന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യേണ്ട ബാധ്യത പരാതിക്കാരുടേതായിരുന്നു. ഇപ്പോള്‍ സ്വയം തെളിവു കണ്ടെത്തി ഹാജരാക്കി എന്‍ആര്‍സി അധികൃതരെയും സുപ്രിംകോടതിയെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറന്തള്ളപ്പെട്ട പാവപ്പെട്ട നിരപരാധികളുടേതായി നിശ്ചയിച്ചിരിക്കുന്നു. ഇവരില്‍ അതിനു കഴിവുള്ളവര്‍ അസമില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി 43ാം ഷേക്‌സ്പിയര്‍ സരണിയിലെ ബംഗാള്‍ സംസ്ഥാന ആര്‍ക്കൈവ്‌സില്‍ തെളിവുകള്‍ തേടുന്ന തിരക്കിലാണിപ്പോള്‍. 1952 മുതല്‍ 71 വരെയുള്ള തിരഞ്ഞെടുപ്പു പട്ടികയില്‍ തങ്ങളുടെ പൂര്‍വികരുടെ പേരുണ്ടായിരുന്നോ എന്ന അന്വേഷണത്തില്‍.
ലക്ഷക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ പൗരത്വത്തിന്റെ അടിവേരുകളുടെ തെളിവുകള്‍ തേടിയെടുക്കാന്‍ സാമ്പത്തികമായും ഭൗതികമായും കഴിയാത്ത സ്ഥിതിയാണ്. അവരിലേറെയും ഈ പ്രക്രിയയുടെ ഹരിശ്രീപോലും അറിയാത്തവരുമാണ്. ദേശീയ പൗരത്വ രജിസ്റ്ററും അടുത്ത ജനുവരിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയും അസമില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബിജെപി ഉദ്ദേശിക്കുന്ന ‘വിദേശി മുസ്‌ലിം’കളെ ഒഴിവാക്കി പൂര്‍ണ ശുദ്ധീകരണം ഉറപ്പാക്കുമെന്നു വ്യക്തം.
അത് ഏതു നിലയ്ക്കായിരിക്കും എന്നത് പട്ടികയില്‍ നിന്ന് ഇതിനകം പുറത്താക്കപ്പെട്ടവരുടെ വിവരങ്ങളില്‍ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അഞ്ചാമത് രാഷ്ട്രപതിയായി 74 മുതല്‍ 77 വരെ പ്രവര്‍ത്തിച്ച ഫക്രുദ്ദീന്‍ അലി അഹ്മദിന്റെയും 80ലും 84ലും യുപിയിലെ ബറേലി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗമായിരുന്ന ബീഗം അബിതാ അഹ്മദിന്റെയും കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പൗരത്വ രജിസ്റ്ററിലില്ല. 1857ലെ ലഹളയില്‍ പങ്കെടുത്ത് ആന്തമാന്‍ ജയിലില്‍ കഴിഞ്ഞ ബഹാദൂര്‍ ഗാന്‍പുറയുടെ മൂന്നാംതലമുറയുടെ പേരക്കുട്ടികളും ഈ അവസ്ഥയിലാണ്.
അസമില്‍ ബിജെപിയുടെ മുന്‍കൈയില്‍ പൗരത്വം നിഷേധിക്കപ്പെടുന്നത് മുസ്‌ലിംകള്‍ക്കു മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ബംഗാളികള്‍ക്കും ബിഹാറികള്‍ക്കുമൊക്കെയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയതയുടെയും മതജാതി വിദ്വേഷത്തിന്റെയും വിത്തുവിതച്ച് ബിജെപി രാഷ്ട്രീയ വിളവു കൊയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. മമത ഡല്‍ഹിയിലെത്തി സോണിയ, രാഹുല്‍ ഗാന്ധി, ശരത് പവാര്‍ തുടങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ കാണുകയുണ്ടായി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് അസം പ്രശ്‌നം ബംഗാളിലും ബിഹാറിലും മാത്രമല്ല, രാജ്യത്താകെ ഭവിഷ്യത്തുണ്ടാക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. ബിജെപിയുടെ നീക്കം രാജ്യത്ത് രക്തപ്പുഴ ഒഴുക്കുമെന്ന മമതയുടെ പ്രസ്താവന ബിജെപി നേതൃത്വത്തെ കൂടുതല്‍ പ്രകോപിതരാക്കി.
യഥാര്‍ഥത്തില്‍ അസമിലെ പൗരത്വപ്രശ്‌നം 1979ല്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ നടത്തിയ പ്രക്ഷോഭവുമായോ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റവുമായോ മാത്രം ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതല്ല. ഇതെല്ലാം പ്രശ്‌നം സങ്കീര്‍ണമാക്കുകയും കേന്ദ്രവും സംസ്ഥാനവും ഭരിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതതു ഘട്ടങ്ങളില്‍ എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസ് ചെയ്തത് ഇപ്പോള്‍ മറ്റൊരു രീതിയില്‍ ബിജെപി മുതലെടുക്കുകയാണെന്നത് വസ്തുതയാണ്.
1951നും 2018നും ഇടയിലുള്ള രാഷ്ട്രീയ ഭരണചരിത്രവുമായി ചുരുക്കിക്കാണാവുന്നതല്ല അസമിലെ പൗരത്വപ്രശ്‌നം. അസമും ബിഹാറും ത്രിപുരയുമൊക്കെ ചേര്‍ന്ന ബ്രിട്ടിഷ് ബംഗാളിന്റെ ചരിത്രത്തിലാണ് യഥാര്‍ഥ വര്‍ഗീയതയുടെയും അതുമായി ബന്ധപ്പെട്ട അസഹിഷ്ണുതയുടെയും വേരുകള്‍ എന്നതാണ് ചരിത്രവസ്തുത.
1757ലെ പ്ലാസി യുദ്ധത്തിലും 1764ലെ ബക്‌സര്‍ യുദ്ധത്തിലും വിജയിച്ചാണ് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി ബംഗാള്‍ പ്രസിഡന്‍സി രൂപീകരിച്ചത്. ബ്രിട്ടിഷ് കൊളോണിയല്‍ ഭരണം വൈസ്രോയി വാറണ്‍ ഹേസ്റ്റിങ്‌സ് ഉറപ്പിച്ചു. അസമും ബിഹാറും മറ്റും വിശാലമായ ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1874ലാണ് ബംഗാളിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ ആദ്യത്തെ ബംഗാള്‍ സെന്‍സസ് ആരംഭിച്ചതും രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ചതും.
മതസൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ജനതയെയാണ് രാഷ്ട്രീയലക്ഷ്യത്തോടെ രണ്ടായി വിഭജിക്കാന്‍ 1905ല്‍ വൈസ്രോയി കഴ്‌സണ്‍ പ്രഭു ശ്രമിച്ചത്. ഭരണസൗകര്യത്തിന്റെ പേരില്‍ കിഴക്കും പടിഞ്ഞാറുമായി ബംഗാളിനെ വിഭജിച്ചപ്പോള്‍ ബംഗാളികളായ ഹിന്ദുക്കളും മുസ്‌ലിംകളും രണ്ടിടങ്ങളിലായി. പുതുതായി സൃഷ്ടിച്ച പൂര്‍വ ബംഗാള്‍ അസമിനോടു ചേര്‍ന്ന് മുസ്‌ലിം ഭൂരിപക്ഷ മേഖലയായി. പ്രതിഷേധത്തെ തുടര്‍ന്ന് 1911ല്‍ ബംഗാള്‍ വിഭജനം ബ്രിട്ടിഷ് ഗവണ്‍മെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് ഈസ്റ്റിന്ത്യാ കമ്പനി കൊല്‍ക്കത്തയില്‍ നിന്ന്് ഭരണസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റിയത്.
ജനങ്ങളെ ഇപ്പോള്‍ മതത്തിന്റെ പേരില്‍, കുടിയേറ്റക്കാരുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയാണ്. അതിനെതിരായ ചെറുത്തുനില്‍പ് അസമിലെ ഭാഷാമത – ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ബംഗാളികളെയും ബിഹാറികളെയും ഒക്കെ ഒന്നിച്ചണിനിരത്തി നടത്താനാണ് മമതാ ബാനര്‍ജിയുടെയും മറ്റും മുന്‍കൈയില്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss