|    Jun 28 Wed, 2017 2:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിപ്ലവ നായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഹവാനയില്‍ കൂറ്റന്‍ റാലി; ഒബാമയും പുടിനും പങ്കെടുത്തില്ല

Published : 1st December 2016 | Posted By: SMR

ഹവാന: ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ അന്തരിച്ച ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോക്ക് ആദരാഞ്ജലി യര്‍പ്പിച്ച് കൂറ്റന്‍ റാലി. ‘ഞാന്‍ ഫിദല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങളാണ് തങ്ങളുടെ വിപ്ലവതാരകത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. ദേശീയഗാനത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ഫിദലിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗളിന്റെ ശ്രദ്ധാഞ്ജലിയിലൂടെയാണ് അവസാനിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഭരണത്തലവന്‍മാരും വിവിധ ലോകനേതാക്കളും ഫിദലിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോ, ബൊളിവിയന്‍ പ്രസിഡന്റ് ഇവാ മൊറാലിസ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറയ, മെക്‌സിക്കോ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ, ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചാവോ, ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് തുടങ്ങിയ ലോകനേതാക്കള്‍ വിപ്ലവനായകന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംബന്ധിച്ചത്.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്റെയും അസാന്നിധ്യം മുഴച്ചുനിന്നു. ഹവാനയിലെ യുഎസ് എംബസിയിലെ മുഖ്യ നയതന്ത്രജ്ഞനായ ജെഫ്രി ഡെലോറെന്റിസാണ് യുഎസിനെ പ്രതിനിധീകരിച്ചെത്തിയത്. കാസ്‌ട്രോയെ സത്യസന്ധനായ ചങ്ങാതി എന്ന് വിശേഷിപ്പിച്ച ക്രെംലിനിലെ പുടിന്റെ ഓഫിസ്, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക