|    Sep 25 Tue, 2018 3:22 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വിപ്ലവാവതാരങ്ങള്‍ വരവായികേരളത്തില്‍

Published : 29th January 2017 | Posted By: fsq

മധ്യമാര്‍ഗം

പരമു

കോക്കസ് ഭരണം നടക്കുന്നു എന്ന രഹസ്യ വിവരം കുറച്ചു മുമ്പ് പരമു ഈ കോളത്തില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കുമല്ലോ. അതു വായിച്ച് ഇടതുപക്ഷത്തെ യഥാര്‍ഥ വിപ്ലവകാരികള്‍ വായില്‍ തോന്നിയതൊക്കെ ആരോടെന്നില്ലാതെ വിളിച്ചുപറഞ്ഞുവത്രെ! സഖാവ് പിണറായി മന്ത്രിസഭയുടെ മധുവിധു കഴിയുന്നതിനു മുമ്പ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടുണ്ടോ എന്നാണ് കൗമാര-യൗവന പ്രായക്കാര്‍ വരെ ചോദിച്ചത്. കോക്കസ് ഭരണത്തെക്കുറിച്ച് ആരും ഏറ്റുപിടിക്കാതായപ്പോള്‍ പരമു കളവായി എന്തൊക്കയോ പറഞ്ഞുപരത്തി എന്ന മട്ടില്‍ ചില ചങ്ങാതിമാരും സംശയിച്ചു. നാടുവിട്ടുപോയാലോ എന്ന് ചിന്തിക്കുന്ന അവസരത്തിലാണ് കോക്കസിന് ഒരു പിടിത്തം കിട്ടിയത്. അതാണെങ്കില്‍ ചില്ലറ പിടിത്തവുമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ഒന്നൊന്നര ആളായ സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രന്‍ അവര്‍കളാണ് പരമുവിനെ സപ്പോര്‍ട്ട് ചെയ്തത്. കേരളഭരണത്തെ നിയന്ത്രിക്കാന്‍ ചില അവതാരങ്ങള്‍ ഉണ്ടെന്നാണ് പന്ന്യന്‍ സഖാവ് വെളിപ്പെടുത്തിയത്. കോക്കസ് ഇംഗ്ലീഷിലും അവതാരം മലയാളത്തിലും ഉള്ള വാക്കാണ്. സൂക്ഷിച്ച് വായിച്ചാല്‍ രണ്ടു വാക്കിനും ഒരേ അര്‍ഥം ലഭിക്കും. ഭരണത്തിന്റെ താക്കോല്‍സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്കു ചുറ്റും കോക്കസും അവതാരങ്ങളും ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇത് മധുവിധു കാലത്തു തന്നെ തുടങ്ങി എന്നതാണ് സവിശേഷത. ഭരണമുന്നണിയുടെ രണ്ടാമത്തെ കക്ഷിയുടെ നേതാവിനു തന്നെ പരസ്യമായി ഇങ്ങനെ വിമര്‍ശിക്കേണ്ടിവന്നത് ദുഃഖകരം തന്നെയാണ്. വാസ്തവത്തില്‍ സാധാരണ അവതാരങ്ങളെക്കുറിച്ചല്ല സിപിഐ നേതാവ് പറഞ്ഞതെന്ന് അറിയണം. എല്ലാനിലയ്ക്കും സ്വാധീനശക്തിയുള്ള വിപ്ലവാവതാരങ്ങളാണ്. ഈ ‘വക’കള്‍ ചുറ്റിലും കൂടിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി തനിയെ വിധേയനായിപ്പോവുകയാണത്രെ. സഹമന്ത്രിമാരെയും പാര്‍ട്ടിക്കാരെയും മുന്നണിക്കാരെയും മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും ഒന്നും മുഖ്യമന്ത്രിക്ക് അപ്പോള്‍ കാണാന്‍ കഴിയുന്നില്ല. അവതാരങ്ങളുടെ ശക്തി ഇവിടെയാണ്. സമീപകാലത്തെ ചില സംഭവങ്ങള്‍ ഓര്‍മപ്പെടുത്താം.  സംസ്ഥാനത്ത് അരിപ്രശ്‌നം  രൂക്ഷമായിട്ട് കാലം കുറച്ചായി. നോട്ട് പ്രശ്‌നത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു അരി. റേഷന്‍ ഷോപ്പില്‍ അരിയില്ല. അങ്ങാടിയിലുള്ളതിനു തീവിലയും. കഞ്ഞികുടിക്കാന്‍ കഴിയാതെ പാവങ്ങള്‍ നരകിക്കുന്നു. അപ്പോഴാണ് പ്രധാനമന്ത്രി മോദിജിയെ കണ്ട് സങ്കടം പറയാന്‍ മുഖ്യമന്ത്രി പരിവാരസമേതനായി ഡല്‍ഹിക്ക് പറന്നത്. പരിവാരത്തില്‍ അവതാരങ്ങളും ഉള്‍പ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തില്‍ തെക്കുവടക്ക് നടക്കുന്ന ഒരു അരിമന്ത്രിയും ഉണ്ട്. പി തിലോത്തമന്‍ എന്നാണു പേര്. സിപിഐ പാര്‍ട്ടിയിലുള്ള ആളാണ്.മുഖ്യമന്ത്രി അരിപ്രശ്‌നത്തില്‍ മോദിജിയെ കാണാന്‍ പോവുന്നു എന്നു കേട്ടതു മുതല്‍ യാത്രയ്ക്ക് തയ്യാറായി നില്‍ക്കുകയായിരുന്നു അരിമന്ത്രി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ഒന്നും അറിയിക്കാതിരുന്നപ്പോള്‍ വെറുതെ  ഒന്നുരണ്ടു തവണ മുഖ്യമന്ത്രിയെ മുഖം കാണിച്ചു. മുഖ്യമന്ത്രി വാതോരാതെ സംസാരിച്ചെങ്കിലും അരിയെപ്പറ്റി മാത്രം ഒന്നും മിണ്ടിയില്ല. അരിമന്ത്രിയോട് ഒരക്ഷരം പറയാതെ അരിപ്രശ്‌നത്തില്‍ മുഖ്യമന്ത്രി മോദിജിയെ വണങ്ങാന്‍ ഡല്‍ഹിക്ക് പറന്നു. അരിക്കൊപ്പം ലാവ്‌ലിന്‍ അരി, സിബിഐ അരി എന്നിവ മോദിജിയോട് പറഞ്ഞെന്നാണു കേള്‍ക്കുന്നത്. ലാവ്‌ലിന്‍ അരി റദ്ദാക്കിക്കിട്ടുന്നതിനു വേണ്ടിയാണത്രെ മുഖ്യമന്ത്രിയുടെ ഒറ്റയ്ക്കുള്ള സങ്കട ഹരജി സമര്‍പ്പിക്കല്‍ എന്നാണ് ചില സൂചനകള്‍. അങ്ങനെ നിവേദനം ബോധിപ്പിക്കലോടെ അരിപ്രശ്‌നം തീര്‍ന്നെങ്കിലും അല്ലറ ചില്ലറ പുതിയ പ്രശ്‌നങ്ങള്‍ പൊന്തിവരുകയും ചെയ്തു. റിപബ്ലിക് ദിനത്തില്‍ കേരള പോലിസിന് മാത്രം രാഷ്ട്രപതിയുടെ മെഡല്‍ ഇല്ലാതെ പോയതാണ് വലിയ ദുഃഖം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതത്രെ! മെഡലിനുള്ള പട്ടിക അയച്ചെന്നു കേരളവും കിട്ടിയിട്ടില്ലെന്ന് കേന്ദ്രവും ശക്തമായി പറയുന്നുണ്ട്. തര്‍ക്കവിതര്‍ക്കങ്ങള്‍ അടുത്ത റിപബ്ലിക് ദിനം വരെ നീളാന്‍ സാധ്യതയും കാണുന്നുണ്ട്. രാഷ്ട്രതലസ്ഥാനത്ത് ഇക്കുറി റിപബ്ലിക് ദിനം അടിച്ചുപൊളിച്ച് നടന്നെങ്കിലും കേരളം എവിടെയും ഉണ്ടായില്ല. വര്‍ണശബളമായ ഘോഷയാത്രയില്‍ കേരളത്തിന്റെ വകയായ ഒരു ഫ്‌ളോട്ട്‌പോലും കാണാനായില്ല. കോക്കസുകാരുടെയും അവതാരപുരുഷന്മാരുടെയും ഇടയില്‍ കിടന്നു ശ്വാസംപോലും കഴിക്കാന്‍ വിഷമിക്കുന്ന കേരള മുഖ്യമന്ത്രിക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം. പോലിസുകാരുടെ മെഡലും ഘോഷയാത്രയിലെ ഫ്‌ളോട്ടും ആനക്കാര്യമാണോ? കേരളത്തെ സംരക്ഷിക്കുന്ന ബെഹ്‌റ ഐപിഎസും സര്‍ക്കാരിനു പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുന്ന ഡോ. ജേക്കബ് തോമസ് ഐപിഎസും കൂടെയുള്ളപ്പോള്‍ മുഖ്യമന്ത്രി എന്തിനു പേടിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss