|    Dec 16 Sat, 2017 8:55 am
Home   >  Editpage  >  Middlepiece  >  

വിപ്ലവസേവനത്തിന് പട്ടും വളയും

Published : 10th January 2016 | Posted By: SMR

slug-indraprasthamകര്‍ക്കടകമായാല്‍ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരും ഉഴിച്ചിലും തിരുമ്മും ഒക്കെയായി ഒരു മാസക്കാലം അവധിയെടുക്കാറുണ്ട്. കര്‍ക്കടകചികില്‍സ എന്നാണ് ഇതിനു പറയുന്നത്. ആയുര്‍വേദ വിധിപ്രകാരമാണ് ചികില്‍സ. ശരീരത്തിനും മനസ്സിനും ഉത്തമം. ചികില്‍സ കഴിഞ്ഞ് പുറത്തിറങ്ങുന്ന കക്ഷി എത്ര പ്രായാധിക്യമുള്ളയാളാണെങ്കിലും യുവാവിന്റെ മട്ടില്‍ ഓജസ്സ് നേടിയിരിക്കും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ചികില്‍സയുടെ ചട്ടവട്ടങ്ങള്‍ പറയേണ്ടതില്ല. ചിട്ടകളും നല്ലരിക്ക എന്നു നാട്ടുകാര്‍ പറയുന്ന വിശ്രമകാലവും ഒക്കെ ഇതിന്റെ ഭാഗമാണ്. മല്‍സ്യമാംസാദികള്‍ ഉപേക്ഷിക്കണം. പുകവലിയും മദ്യപാനവും പാടില്ല. അങ്ങനെ പലതാണ് വിധികള്‍. അതെല്ലാം കടുകിട തെറ്റാതെ അനുവര്‍ത്തിക്കുന്ന കൂട്ടരാണ് നമ്മുടെ ജനനായകര്‍ എന്നതിന് അവരുടെ ആയുരാരോഗ്യസൗഖ്യം തന്നെ തെളിവ്.
കൊല്‍ക്കത്തയില്‍ ഡിസംബര്‍ അവസാനവാരം അഞ്ചുദിവസം നീണ്ടുനിന്ന സ്‌പെഷ്യല്‍ പാത്തിചികില്‍സയിലായിരുന്നു സിപിഎം എന്ന നമ്മുടെ മുഖ്യ വിപ്ലവകക്ഷി. 1964ല്‍ പിറന്നുവീണ പാര്‍ട്ടിയാണ്. മധ്യവയസ്സ് കടന്നു. പാര്‍ട്ടി നേതാക്കളില്‍ പലരും അതിനു മുമ്പേ ചെങ്കൊടിയുമായി ഇറങ്ങിയ കൂട്ടരാണ്. അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അതില്‍ പിളര്‍പ്പുണ്ടായത് ചരിത്രം. പിളര്‍പ്പിനുശേഷം പുതിയ പാര്‍ട്ടി ഉണ്ടായി. പേരും നാളും കൊടിയും ചിഹ്നവും ഒക്കെ ഗംഭീരമായി. ആദ്യ പോളിറ്റ്ബ്യൂറോയില്‍ ഒമ്പതു പേരുണ്ടായിരുന്നു. നവരത്‌നങ്ങള്‍ എന്നാണ് പാര്‍ട്ടിസാഹിത്യത്തില്‍ അവരെ വിശേഷിപ്പിക്കുന്നത്. എല്ലാവരും മണ്‍മറഞ്ഞു.
പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചത് 1964ല്‍ നടന്ന കേന്ദ്രകമ്മിറ്റിയില്‍നിന്നു 32 പേര്‍ ഇറങ്ങിപ്പോയ സംഭവമാണ്. ഉരുക്കുപോലെ ഉറച്ച അച്ചടക്കമുള്ള പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് ഏതു കഴുതയ്ക്കും അറിയാം. ആ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കടുകട്ടിയാണ്. മേല്‍കമ്മിറ്റികളും കീഴ്കമ്മിറ്റികളും പലതവണ ചര്‍വിതചര്‍വണം ചെയ്ത് നയങ്ങളും തന്ത്രങ്ങളും അടവുകളും തയ്യാറാക്കും. പിന്നെ അതു നടപ്പാക്കാന്‍ കൈമെയ് മറന്ന് രംഗത്തിറങ്ങും. അതിനിടയില്‍ വിരുദ്ധന്മാരുമായി ഏറ്റുമുട്ടലുകളുണ്ടാവും, സംഘട്ടനങ്ങളുണ്ടാവും, കൊല്ലും കൊലയുമുണ്ടാവും. സഖാക്കള്‍ അങ്ങനെ ആയിരക്കണക്കിനാണ് ജീവാര്‍പ്പണം ചെയ്തത്. അങ്ങനെ ജീവന്‍ നല്‍കി കെട്ടിപ്പടുത്ത പാര്‍ട്ടിയാണ്.
അന്ന് 1964ല്‍ ഇറങ്ങിപ്പോയ കൂട്ടരില്‍ അച്ചടക്കരാഹിത്യം ആരോപിക്കാവുന്നതല്ല. ഭിന്നതകള്‍ രൂക്ഷമായപ്പോള്‍ ഇറങ്ങിത്തിരിച്ചു. അന്ന് ഇറങ്ങിപ്പോയ കൂട്ടരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതില്‍ ഇന്നും സജീവമായി നില്‍ക്കുന്ന ഒരേയൊരാള്‍ നമ്മുടെ സ്വന്തം അച്യുതാനന്ദന്‍ സഖാവ് തന്നെ.
അച്യുതാനന്ദന് വീണ്ടും ഒരു ഇറങ്ങിപ്പോക്ക് വേണ്ടിവന്നു എന്നത് ചരിത്രത്തിലെ ദുരന്തമെന്നോ തമാശയെന്നോ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. സ്വന്തം നാടായ ആലപ്പുഴയില്‍ കഴിഞ്ഞ സംസ്ഥാന സമ്മേളന സമാപനവേദിയില്‍നിന്നാണ് സഖാവ് ഇറങ്ങിപ്പോയത്. അത്രയേറെ അപമാനകരമായിരുന്നു അവിടെ അന്തരീക്ഷം. അന്ന് ഇറങ്ങിപ്പോയ വിഎസ് ഇനി വീണ്ടും തിരിച്ചുവരില്ലെന്നു പലരും ആശ്വസിക്കുകയും ചെയ്തു.
എന്നാല്‍, വിഎസ് സഖാവിന് പട്ടും വളയും രക്തഹാരവും നല്‍കിയാണ് കൊല്‍ക്കത്തയില്‍ നടന്ന പ്ലീനം സമാപിച്ചത്. ഐക്യം തിരിച്ചുകൊണ്ടുവരാനുള്ള കായകല്‍പചികില്‍സയുടെ ഭാഗമായാണ് ആ പരിപാടി നടന്നത്. ബംഗാള്‍ സഖാക്കളാണ് പുന്നപ്ര വയലാറിന്റെ വീരപുത്രന് പട്ടും വളയും നല്‍കിയത്. ആ നേരത്ത് കേരളത്തില്‍നിന്നുള്ള വിപ്ലവകാരികള്‍ കൈയടിച്ചോ, വിപ്ലവഗാനങ്ങള്‍ മുഴക്കിയോ അതോ വേറെ വല്ലേടത്തും നോക്കിയിരുന്ന് സമയം കഴിച്ചുവോ എന്നൊന്നും ആര്‍ക്കും അറിയില്ല. കാരണം, അതൊക്കെ പാര്‍ട്ടി രഹസ്യങ്ങളാണ്.
യോജിപ്പിനുവേണ്ടി ഏതറ്റംവരെ പോവാനും കേന്ദ്രനേതൃത്വം തയ്യാറാണ് എന്ന സന്ദേശവും നല്‍കിയാണ് പ്ലീനം സമാപിച്ചത്. പാര്‍ട്ടിയെ രക്ഷിക്കാന്‍ എന്തു വഴി എന്നതിനെക്കുറിച്ച് പലവിധ ആലോചനകള്‍ നടന്നിട്ടുണ്ട്. സഖാക്കളോടും സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും മര്യാദയ്ക്കു പെരുമാറുക എന്ന മിനിമം പരിപാടി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാട്ടിലെ പല കമ്മ്യൂണിസ്റ്റുകളുടെയും സ്വഭാവവും പെരുമാറ്റവും ഒക്കെ നോക്കിയാല്‍ അത് എളുപ്പമുള്ള പരിഹാരക്രിയയല്ല എന്ന് ആരും സമ്മതിക്കും. പക്ഷേ, ഇത് അദ്ഭുതങ്ങളുടെ കാലമാണല്ലോ. അസാധ്യമായതും സംഭവിക്കും. കാക്ക വേണ്ടിവന്നാല്‍ മലര്‍ന്നു പറക്കും. സഖാക്കള്‍ എതിരാളികളോടു മാത്രമല്ല, നാട്ടുകാരോടും മര്യാദ കാണിക്കും.
അക്കാര്യത്തില്‍ മാതൃക കാട്ടിക്കൊണ്ടാണ് പ്ലീനം പിരിഞ്ഞത്. വിഎസ് സഖാവിന് ബിമന്‍ ബസു സഖാവ് ചുവന്ന കസവുമുണ്ട് പുതപ്പിച്ച നേരത്ത് എല്ലാവരും കൈയടിച്ചുവോ എന്നു കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ആരും കൂവിയതായി ബൂര്‍ഷ്വാ പത്രങ്ങള്‍ പോലും റിപോര്‍ട്ട് ചെയ്യുകയുണ്ടായില്ല. വേദിയിലിരുത്തിയ കാര്‍ന്നോരെ കേരളത്തിലെ ചിലരുടെ പരാതി കാരണം ഇറക്കി സഭയില്‍ മാറ്റിയിരുത്തിയതായി ചില കുബുദ്ധികള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, അതൊന്നും ആരും വിശ്വസിക്കുന്നില്ല. ചുരുങ്ങിയത് അടുത്ത തിരഞ്ഞെടുപ്പുവരെയെങ്കിലും ഇടതുപക്ഷ ഐക്യം അഭംഗുരമായി നിലനില്‍ക്കുമെന്ന് ഉറപ്പായി വിശ്വസിക്കുകയാണ് അഭികാമ്യം. $

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക