|    Apr 21 Sat, 2018 6:02 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വിപ്ലവം വരുന്നത് കീറക്കടലാസിലൂടെ…

Published : 3rd June 2016 | Posted By: SMR

slug-madhyamargamവിപ്ലവം വരുന്നതും പോവുന്നതുമായ വഴികളെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല. വന്ന വിപ്ലവം തുടരുന്നതിനെയും തകരുന്നതിനെയും കുറിച്ച് പ്രവചിക്കാനാവില്ല. വിപ്ലവത്തിന്റെ മട്ടും മാതിരിയും അങ്ങനെയാണ്. വിപ്ലവത്തിന്റെ ജനനം അങ്ങ് യൂറോപ്പിലായതിനാല്‍ രൂപവും ഭാവവും നമുക്കൊന്നും പിടിയില്ലാത്തതാണ്. യുദ്ധത്തിലൂടെയാണ് വിപ്ലവം വരുക എന്നാണ് പൊതുവെ പറയാറുള്ളത്. ആകാശത്തിലും കടലിലും ഭൂമിയിലുമെല്ലാം ഓരോ രാജ്യങ്ങളും അതിനുവേണ്ടി സന്നാഹങ്ങള്‍ ഒരുക്കിവയ്ക്കുന്നുണ്ട്. തോക്കിന്‍കുഴല്‍ മുതല്‍ ബോംബിലൂടെ വരെ വിപ്ലവം വന്ന ചരിത്രമുണ്ട്. സമീപകാലത്ത് മുല്ലപ്പൂവിലൂടെയും വിപ്ലവം സന്തോഷമായി വന്ന അനുഭവങ്ങളുമുണ്ട്. മലയാളികള്‍ക്കാണെങ്കില്‍ വിപ്ലവത്തോട് പണ്ടേ വലിയ ആഭിമുഖ്യമാണ്.
ജനജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നുകിടക്കുകയാണ് ഇവിടെ വിപ്ലവം. സമരത്തില്‍ മാത്രമല്ല, കവിതയിലും സാഹിത്യത്തിലും സിനിമയിലും പോട്ടെ, ധരിക്കുന്ന കുപ്പായത്തില്‍പ്പോലും ഇവിടെ വിപ്ലവമയമാണ്. മലയാളികള്‍ക്കു മുമ്പില്‍ വിപ്ലവം ആകാശത്തുനിന്നു പൊട്ടിവീണതൊന്നുമല്ല. വിപ്ലവത്തിന്റെ യഥാര്‍ഥ വഴി ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുത്തത് മലയാളികളാണ്. വിപ്ലവ ആചാര്യന്മാര്‍പോലും കാണാത്ത വഴിയായിരുന്നു അത്.
ബാലറ്റ് വിപ്ലവം എന്നതാണ് അതിനു ചരിത്രം നല്‍കിയ പേര്. 1957ലായിരുന്നു ആ സംഭവം. വെറുമൊരു കീറക്കടലാസില്‍ മലയാളികളായ വോട്ടര്‍മാര്‍ വിപ്ലവമാര്‍ഗം തിരഞ്ഞെടുത്തു. അങ്ങനെയാണ് സഖാവ് നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ലോകത്ത് എവിടെയും അതിനു മുമ്പ് ഒരു കമ്മ്യൂണിസ്റ്റ് ഈ വഴിയിലൂടെ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നില്ല. അതുകൊണ്ട് കീറക്കടലാസ് വിപ്ലവത്തിന്റെ ഒരു വഴിയാണ്. വാസ്തവത്തില്‍ വഴി മാത്രമല്ല, വിപ്ലവം തന്നെയാണിത്. ചവറ്റുകുട്ടയില്‍ താഴ്ത്താനോ നശിപ്പിക്കാനോ കത്തിക്കാനോ പാടില്ലാത്ത വിപ്ലവത്തിന്റെ രക്തനക്ഷത്രം തന്നെയാണ് എന്നു ബുദ്ധിയുള്ളവരും അതില്ലാത്തവരും നന്നായി മനസ്സിലാക്കണം. വിപ്ലവപ്പാര്‍ട്ടിയും വിപ്ലവ സര്‍ക്കാരും കീറക്കടലാസ് ഉല്‍പാദിപ്പിക്കാനും സംരക്ഷിക്കാനും ബൃഹദ് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പോവുകയാണത്രെ.
പുറംലോകം ഇപ്പോഴാണ് അറിഞ്ഞതെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ പ്രാചീനകാലം മുതല്‍ കീറക്കടലാസിന്റെ മഹത്ത്വം മനസ്സിലാക്കിയവരാണ്. പിണറായിയിലെ ഒരു വായനശാലയില്‍ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന്റെ ഏക തെളിവ് അഞ്ചോ ആറോ കീറക്കടലാസുകളാണ്. സംശയമുള്ളവര്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസ് ആയ എം എന്‍ സ്മാരകമന്ദിരത്തിലെ ലൈബ്രറിയില്‍ പോയാല്‍ ഈ കീറക്കടലാസുകള്‍ നേരില്‍ കാണാവുന്നതാണ്. പാര്‍ട്ടി ഒളിവിലും തെളിവിലും കഴിഞ്ഞപ്പോള്‍ സന്ദേശങ്ങള്‍ കൈമാറിയതൊക്കെ ഇത്തരം വിപ്ലവ കീറക്കടലാസുകളിലാണെന്നു പഴയകാല നേതാക്കള്‍ അനുസ്മരിക്കുന്നുണ്ട്. പ്രായംകൊണ്ടും അനുഭവംകൊണ്ടും സഖാവ് വി എസ് അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടിപ്രവര്‍ത്തനത്തിനിടയില്‍ ഉപയോഗിച്ച വിപ്ലവ കീറക്കടലാസുകള്‍ ആര്‍ക്കെങ്കിലും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുമോ? വയസ്സുകാലത്തും സഖാവ് വിപ്ലവ കീറക്കടലാസുകള്‍ ഉപയോഗിക്കുന്നു എന്നത് അഭിമാനകരവും അത്യന്തം ആഹ്ലാദകരവുമാണ്. പാര്‍ട്ടിയോടും പാര്‍ട്ടി പാരമ്പര്യത്തോടുമുള്ള കൂറും പ്രതിബദ്ധതയും സഖാവ് വച്ചുപുലര്‍ത്തുന്നതിനു വേറെ ഉദാഹരണങ്ങള്‍ നിരത്തിവയ്ക്കണോ? നട്ടുനനച്ചു വളര്‍ത്തിയ സ്വന്തം പാര്‍ട്ടിയില്‍ എന്തും ഏതും പറയാനും ഉപദേശിക്കാനുമുള്ള സ്വാതന്ത്ര്യം സഖാവിനു നേരത്തേ തന്നെയുണ്ട്. അങ്ങനെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞതുകൊണ്ട് പോളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവാകാനുള്ള ഭാഗ്യവും ലഭിച്ചു.
വിപ്ലവ കീറക്കടലാസ് കൊടുക്കുന്നതും വാങ്ങുന്നതും പാര്‍ട്ടി രഹസ്യമാണ്. അത് പാര്‍ട്ടിക്കാരല്ലാതെ മറ്റാരും അറിയാന്‍പാടില്ല. അറിഞ്ഞാല്‍ പാര്‍ട്ടിക്ക് മാത്രമല്ല, നാടിനും ആപത്ത് വരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടി അച്ചടക്കവും രഹസ്യങ്ങളും മുറുകെ പിടിച്ചുപോരുന്ന സഖാവ് വി എസ് അച്യുതാനന്ദന്‍ തനിക്ക് കാബിനറ്റ് റാങ്ക് കിട്ടണമെന്ന കുറിപ്പുള്ള കീറക്കടലാസ് വളരെ രഹസ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ഏല്‍പിച്ചത്. ഏവരും പ്രസംഗത്തില്‍ ശ്രദ്ധിക്കുന്ന ഒരവസരത്തിലായിരുന്നു ഈ വിപ്ലവപ്രവര്‍ത്തനം നടത്തിയത്. നിര്‍ഭാഗ്യത്തിന് ഒരു ചാനല്‍ കാമറക്കാരന്‍ ആ രഹസ്യം ഒപ്പിയെടുത്തു. പിന്നീടാണ് കീറക്കടലാസ് സജീവ ചര്‍ച്ചയായി മാറിയത്. എനിക്ക് കീറക്കടലാസിന്റെ ആവശ്യമുണ്ടോ എന്ന സഖാവ് വിഎസിന്റെ ചോദ്യം പാര്‍ട്ടിയോടുള്ള കൂറ് വീണ്ടും വെളിവാക്കുന്നതാണ്. പാര്‍ട്ടിയുടെ രഹസ്യം ചോര്‍ത്താന്‍ ഉത്തമ കമ്മ്യൂണിസ്റ്റായ സഖാവ് വി എസ് അച്യുതാനന്ദന്‍ തയ്യാറായിട്ടില്ല. തയ്യാറാവുകയുമില്ല. കാരണം, പാര്‍ട്ടിയാണ് അദ്ദേഹത്തിനു വലുത്. കാബിനറ്റ് റാങ്ക് അല്ല. അക്കാര്യം പാര്‍ട്ടിക്കും സഖാവിനും അറിയാം. ജനങ്ങള്‍ക്കാണ് അറിയാത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss