|    May 23 Tue, 2017 4:26 pm
FLASH NEWS

വിപ്ലവം ആശുപത്രി കിടക്കയിലൂടെ

Published : 27th February 2016 | Posted By: SMR

slug-madhyamargamമലയാളനാട്ടില്‍ തെങ്ങിന്റെ കുലയ്ക്കും മനുഷ്യന്റെ തലയ്ക്കും രക്ഷയില്ലെന്നാണ് പറയാറുള്ളത്. വിപ്ലവപ്പാട്ടുകള്‍ കേട്ടാല്‍ രക്തം തിളയ്ക്കും. വിപ്ലവമുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നതോടെ ആവേശംകൊണ്ട് രോമങ്ങള്‍ എഴുന്നേറ്റുനില്‍ക്കും.
മലയാളികള്‍ വിപ്ലവത്തിന്റെ മാര്‍ഗങ്ങളെക്കുറിച്ച് ഭാവനാസമ്പന്നമായ പല പദ്ധതികളും മുമ്പോട്ടുവച്ചിരുന്നു. ലോകത്തിലെ വിപ്ലവപ്പാര്‍ട്ടികളൊക്കെ അദ്ഭുതത്തോടെയാണ് അതൊക്കെ നോക്കിക്കണ്ടത്. മുല്ലപ്പൂവിപ്ലവമൊക്കെ ലോകത്തില്‍ ആരംഭിക്കുന്നതിന് എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പ് മലയാളികള്‍ തേങ്ങ വിപ്ലവവും ചക്ക വിപ്ലവവും മാങ്ങ വിപ്ലവവും ഒക്കെ നടത്തി പേരെടുത്തിട്ടുണ്ട്. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടത്താനുള്ള പരിശ്രമങ്ങളും ഇവിടെ നടന്നിരുന്നു.
സാഹിത്യവിപ്ലവത്തില്‍ മലയാളികള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിപ്ലവനാടകങ്ങള്‍ ലോകത്തില്‍ പോവാത്ത സ്ഥലങ്ങളില്ല. കേരളീയരുടെ വിപ്ലവചിന്ത എന്നാല്‍ ചിന്തകളുടെ ഒത്തമുകളിലാണ്. വാരിക്കുന്തത്തിലൂടെ വിപ്ലവം നടത്തിയതിന്റെ അംഗീകാരം മലയാളികള്‍ക്കു മാത്രമുള്ളതാണ്. പുന്നപ്ര-വയലാറില്‍ വാരിക്കുന്തവിപ്ലവം നടത്തി മുന്നൂറോളം വിലപ്പെട്ട ജീവനുകളാണ് രക്തസാക്ഷികളായി മാറിയത്. മന്ത്രിയെ തടയല്‍ വിപ്ലവത്തിലൂടെ കൂത്തുപറമ്പില്‍ അഞ്ചു ചെറുപ്പക്കാര്‍ ധീരരക്തസാക്ഷികളുമായി. ബോംബ് നിര്‍മാണത്തിലൂടെയും വിപ്ലവം ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
ഇങ്ങനെ വിപ്ലവത്തിന് ഭാവനാസമ്പന്നമായ പലപല മുഖങ്ങളും ഉണ്ടായി. വിപ്ലവമില്ലാതെ ജീവിതമില്ലെന്നായി. ഏറ്റവും ഒടുവിലായി ആശുപത്രി കിടക്കയിലൂടെ വിപ്ലവം നടത്താമെന്നു മലയാളികള്‍ ലോകത്തിനു മുമ്പില്‍ കാണിച്ചിരിക്കുകയാണ്. ഇതിനകം മൂന്നു ജില്ലകളില്‍ ഈ വിപ്ലവം അരങ്ങേറി.
പൂര്‍ണ ആരോഗ്യവാനായ പി ജയരാജന്‍ എന്ന ഒരു സഖാവ് ആശുപത്രി കിടക്കയില്‍ കിടന്ന് ഇപ്പോള്‍ നടത്തുന്ന വിപ്ലവം ചരിത്രത്തില്‍ തങ്കലിപികള്‍കൊണ്ട് ആലേഖനം ചെയ്യപ്പെടേണ്ടതാണ്.
കണ്ണൂരിലെ പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീചിത്ര എന്നീ ആശുപത്രികളിലാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ വിപ്ലവം നടത്തിവരുന്നത്. ഈ വിപ്ലവത്തിന്റെ ലക്ഷ്യമാണെങ്കില്‍ മഹത്തായതാണ്. ബിജെപിയുടെ കേന്ദ്രഭരണം തന്നെ കീഴ്‌മേല്‍ മറിച്ചിടാന്‍ പോന്നതാണത്.
മോദി സര്‍ക്കാരിന്റെ കൂട്ടിലുള്ള തത്തയായ, ആര്‍എസ്എസിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഓമനതത്തയായ സിബിഐ എന്ന മുതലാളിത്ത ഫാഷിസ്റ്റ് ഏകാധിപത്യശക്തിയെ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് പി ജയരാജന്‍ എന്ന നേതാവ് ഒറ്റയ്ക്ക് നേരിടുകയാണ്.
കൊലക്കേസില്‍ കുടുക്കി തന്നെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ധിക്കാരപരമായ നീക്കത്തെ ഇങ്ങനെയൊരു വിപ്ലവത്തിലൂടെയല്ലാതെ ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല. ഇനി നോക്കിനില്‍ക്കാന്‍ തീരെ സമയമില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിപ്ലവപ്രവര്‍ത്തകരും വിപ്ലവ അനുകൂലികളും വിപ്ലവ ആരാധകരും സഖാവ് പി ജയരാജന് പിന്തുണയര്‍പിച്ച് ആശുപത്രികളില്‍ പോയി കിടക്കണം. കേരളത്തിലെ ആശുപത്രി കിടക്കകളില്‍ കിടക്കുന്ന രോഗികളെ അടിച്ചോടിക്കണം. അവരൊക്കെ അവിടെ വെറുതെ കിടക്കുകയാണ്. ആശുപത്രി കിടക്കകള്‍ വിപ്ലവത്തിനുള്ളതാണ്. അവിടെ കിടക്കേണ്ടത് ആരോഗ്യമുള്ള വിപ്ലവകാരികളാണ്. $

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day