|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിപിന്‍ ധനുര്‍ധരന് ബിനാലെ കലയുടെ കളരി; വോളന്റിയര്‍ ഇനി ആര്‍ട്ടിസ്റ്റ്‌

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: ചവറ തേവലക്കരയിലെ വിപിന്‍ ധനുര്‍ധരന്‍ പ്ലസ്ടു പഠനത്തിനുശേഷം കലയില്‍ കമ്പം മൂത്ത് പശ്ചിമ ബംഗാളിലെ ശാന്തിനികേതനില്‍ പ്രവേശനത്തിനു കുറച്ചൊന്നുമല്ല ശ്രമിച്ചത്. ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും നിരാശനാവാതെ മൂന്നാമതും ശ്രമിക്കുന്നതിനിടെയായിരുന്നു ജീവിതത്തിലെ ആ വഴിത്തിരിവ്.
2012ലെ ആദ്യ കൊച്ചി മുസിരിസ് ബിനാലെയാണ് വിപിന്റെ കലാജീവിതം മാറ്റിമറിച്ചത്. വിപിന്‍ അതില്‍ വോളന്റിയറായെത്തി. പിന്നീടു നടന്ന രണ്ട് ബിനാലെകളില്‍ ഫൗണ്ടേഷനിലെ ജീവനക്കാരനായിരുന്ന വിപിന്‍ വരാന്‍പോവുന്ന നാലാം ബിനാലെയിലെ ആര്‍ട്ടിസ്റ്റായി മാറുകയാണ്. ബിനാലെ ആദ്യ ലക്കത്തില്‍ നിന്ന് ഏറെ പഠിക്കാനായെന്ന് വിപിന്‍ പറയുന്നു. ആദ്യ മൂന്ന് ബിനാലെയി ല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കലാകാരന്മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു വിപിന്റെ ദൗത്യം. അത് യഥാര്‍ഥ വിദ്യാഭ്യാസമായി മാറിയപ്പോള്‍ ശാന്തിനികേതനില്‍ കിട്ടാത്ത പാഠങ്ങളിലൂടെ നാലാം ബിനാലെയില്‍ അദ്ദേഹം പങ്കാളിത്തമുള്ള കലാകാരനായി വളരുകയായിരുന്നു.
കേരളത്തിലെ സാമൂഹിക വിപ്ലവ വ്യക്തിത്വമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ദര്‍ശനങ്ങളാണ് വിപിന്‍ തന്റെ സൃഷ്ടിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ദേഹം മുന്നോട്ടുവച്ച പന്തിഭോജനമാണ് വിപിന്റെ സൃഷ്ടിയുടെ പശ്ചാത്തലം. സഹോദരന്‍ എന്നാണ് ബിനാലെ നാലാംലക്കത്തില്‍ വിപിന്‍ ധനുര്‍ധരന്‍ ഒരുക്കുന്ന സൃഷ്ടിയുടെ പേര്.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തിയ സമകാലീന പരിശീലനകളരിയിലൂടെയാണ് വിപിന് ബിനാലെ നാലാംലക്കത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്. 11 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്ത മട്ടാഞ്ചേരി എന്നു പേരിട്ടിരുന്ന ഈ പരിശീലനപരിപാടിയില്‍ പെട്രിച്ചോര്‍ എന്ന വീഡിയോ പ്രതിഷ്ഠാപനമാണ് വിപിന്‍ ഒരുക്കിയത്. ഇത് ക്യൂറേറ്റര്‍ അനിത ദുബെയെ ആകര്‍ഷിച്ചു. തുടര്‍ന്നാണ് ബിനാലെ നാലാംലക്കത്തില്‍ കലാസൃഷ്ടി അവതരിപ്പിക്കാനുള്ള ക്ഷണം വിപിന്‍ ധനുര്‍ധരന് ലഭിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss