|    Jan 18 Wed, 2017 3:53 pm
FLASH NEWS

വിപരീതകാലേ വിനാശബുദ്ധി

Published : 16th January 2016 | Posted By: G.A.G

slug-vijuവോട്ടെടുപ്പ് അടുക്കുന്നതോടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ പൊടുന്നനെ കടുത്ത നീതിനിഷ്ഠരും നന്മയില്‍ ഗോപാലന്മാരുമാവും. കൂട്ടത്തില്‍ ദൗര്‍ബല്യം കൂടിയവര്‍ക്കാവും ഈ വേഷംകെട്ടിനുള്ള വ്യഗ്രത കൂടുതല്‍- അലമാരയില്‍ അസ്ഥിപഞ്ജരങ്ങള്‍ കൂടുതലുള്ളവര്‍ക്ക്. വോട്ടറുടെ കണ്ണില്‍ പൊടിയിടാനുള്ളതാണീ പ്രച്ഛന്നവേഷമെങ്കിലും വന്നുവന്ന് സംഗതി ബാലിശമാംവണ്ണം സുതാര്യമായിപ്പോവുന്നതാണ് ഫലിതം. ബാര്‍ കോഴക്കേസിന്റെ പരിണതി നോക്കുക. കോഴയുടെ 25 ശതമാനം പറ്റിയെന്ന് വിജിലന്‍സ് കോടതിക്ക് പ്രാഥമിക ബോധ്യമുണ്ടായതിനെ തുടര്‍ന്നാണല്ലോ ബാക്കി 75 ശതമാനത്തിന്റെ കാര്യം തിരക്കാന്‍ തുടരന്വേഷണം പ്രഖ്യാപിച്ചതു തന്നെ. കേസന്വേഷകന്‍ സമര്‍പ്പിച്ച വസ്തുതാവിവര റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിക്ക് ഈ ബോധ്യമുണ്ടാവുന്നത്. അഥവാ അന്വേഷകനും ന്യായാധിപനും ടി ബോധ്യത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. തുടരന്വേഷണം നടത്തിയ അതേ അന്വേഷകന്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്ന റിപോര്‍ട്ടാവട്ടെ, തന്റെ ആദ്യ ബോധ്യത്തെ കൂടി വിഴുങ്ങുന്ന ഒന്ന്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനമാണ് ടി ബോധ്യത്തിന് ഉപോദ്ബലകമായി ടിയാന്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴത്തെ ‘വീണ്ടുവിചാരം’ പക്ഷേ, ഈ കേസിലെ സാഹചര്യത്തെളിവുകളെ കൊഞ്ഞനംകുത്തുന്നു. മാത്രമല്ല, ഈ വീണ്ടുവിചാരത്തില്‍ എത്തിച്ചേര്‍ന്നത് അന്വേഷകനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തെളിവുകള്‍ സമ്മാനിക്കുകയും ചെയ്യുന്നു.തുടരന്വേഷണം എത്രയും വേഗം തീര്‍ക്കണമെന്ന് പ്രതിയായ മാണി ഒരു മാസത്തിലേറെയായി ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു. സോണിയാഗാന്ധി കോട്ടയത്തു വന്നപ്പോള്‍ ടിയാന്‍ അവരോട് പരാതിപ്പെട്ടതത്രയും ആഭ്യന്തരമന്ത്രിയെപ്പറ്റിയാണെന്നോര്‍ക്കുക. മുന്നണിരാഷ്ട്രീയമായിരുന്നില്ല, ഈ കേസുകെട്ടായിരുന്നു ഘടകകക്ഷിനേതാവിന്റെ മുഖ്യപ്രമേയം എന്നര്‍ഥം. എന്തായിരുന്നു ഇത്ര തിടുക്കം? ഒന്ന്, നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മാണിക്ക് മന്ത്രിസഭയില്‍ തിരിച്ചുകയറണം. വോട്ടെടുപ്പിന് ക്ലീന്‍ചിറ്റോടെ സ്വയം അവതരിപ്പിക്കുക മാത്രമല്ല ഉദ്ദേശ്യം. അടുത്തമാസം ബജറ്റ് അവതരിപ്പിക്കുക എന്നതുകൂടിയാണ്. അതിനുവേണ്ടിയാണ് ധനമന്ത്രിപദം ഒഴിച്ചിട്ടിരുന്നതു തന്നെ. മാണിയെ സംബന്ധിച്ച് ബജറ്റ് അവതരണത്തില്‍ ഇത് ഏറക്കുറേ അവസാന ചാന്‍സാണ്. ആയതിലേക്ക് സ്വരുക്കൂട്ടിയിട്ടുള്ള ‘ഡീലുകള്‍’ സുപ്രധാനമാണ്.രണ്ട്, ഈ ലക്ഷ്യങ്ങള്‍ക്കുള്ള മുഖ്യ മാര്‍ഗതടസ്സം ബാര്‍ നിരോധനത്തിന്‍മേല്‍ സുപ്രിംകോടതിയുടെ അന്തിമവിധിയായിരുന്നു. വിധി ഏറക്കുറേ ഊഹിക്കാവുന്നതുതന്നെയായിരുന്നു. സര്‍ക്കാരിന്റെ നയത്തില്‍ കോടതി കൈവയ്ക്കുന്ന പ്രശ്‌നമില്ല- ടി നയം ഭരണഘടനാവിരുദ്ധമാവാത്തിടത്തോളം. എന്നിരിക്കെ ബാറുടമകള്‍ക്ക് എതിരായ വിധി അവരെ പ്രകോപിതരാക്കുകയും കോഴക്കേസില്‍ അവര്‍ ‘ഉള്ളകാര്യം’ പറഞ്ഞ് മാണിയടക്കമുള്ളവരെ കുരുക്കിലാക്കാനുള്ള സാധ്യതയും സജീവം. അതു സംഭവിക്കാതെ നോക്കേണ്ടത് പ്രതിയുടെയും പ്രതിയാവാന്‍ സാധ്യതയുള്ള മറ്റു മന്ത്രിമാരുടെയും അനിവാര്യതയാണ്. തുടരന്വേഷണം തീര്‍ത്തുകിട്ടാനുള്ള തിടുക്കം തന്നെ ടി അന്വേഷണം എന്തായിത്തീരുമെന്നതിന്റെ സൂചനയായിരുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യങ്ങള്‍ രണ്ടാണ്. ഒന്ന്, തിടുക്കം കാണിക്കുന്ന മാണിക്കുള്ള ഉറപ്പ്. കേസ് അവസാനിപ്പിച്ചെടുക്കേണ്ട ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെന്നതാണ് ഈ ആത്മവിശ്വാസത്തിന്റെ കാതല്‍. കാരണം, അവരുടെ മന്ത്രിമാര്‍ക്കുള്ള സമാന കെണി. ശോഷിച്ചുവരുന്ന മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്സിനെ കൂടി പിണക്കാന്‍ ഇലക്ഷന്‍ കാലത്ത് തീരെ നിവൃത്തിയില്ല. പോരെങ്കില്‍ അഴിമതിഭൂതം ഭരണമുന്നണിയെ വല്ലാതെകണ്ട് അപായപ്പെടുത്തുകയും ചെയ്യുന്നു. സ്വാഭാവികമായും ബാര്‍ കോഴക്കേസിന് കര്‍ട്ടനിടേണ്ട പ്രഥമ ബാധ്യത കോണ്‍ഗ്രസ്സിനാവുന്നു. അതു രാഷ്ട്രീയവശം. സുപ്രിംകോടതി വിധിയോടെ പരസ്യമായി രംഗത്തുവരാനിടയുള്ള ബാറുടമകളുടെ കാര്യമാണ് രണ്ടാംഘടകം. വിധിവന്നയുടനെ ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞത് റിവ്യൂവിനു നോക്കട്ടെ എന്നാണ്. അതുകൊണ്ട് ഗുണമുണ്ടാവില്ലെന്ന് നിയമോപദേശം കിട്ടിയതും റിവ്യൂ ഹരജി വേണ്ടെന്നുവച്ചു. അങ്ങനെ കേസില്‍ തല്‍ക്കാലം ഒന്നും ചെയ്യാനില്ലെന്നായിട്ടും അവര്‍ കോഴക്കേസിലെ വാഗ്ദത്തവെടി മുഴക്കിയില്ല. ഇവിടെയാണ് മാണിയുടെ ആത്മവിശ്വാസത്തിന്റെ രണ്ടാം ഗുട്ടന്‍സ്. ഇപ്പറയുന്ന അസോസിയേഷന്‍ നേതാക്കള്‍ക്ക് കള്ളുകച്ചോടത്തിനു പുറമേ പല ബിസിനസ്സുകളുമുണ്ട്. ഭരണരാഷ്ട്രീയക്കാരെ അങ്ങനെയങ്ങു പിണക്കാന്‍ നിവൃത്തിയില്ല. ഇവരില്‍ പലരുടെയും കണക്കുപുസ്തകം പരതിയാല്‍ സര്‍ക്കാരിനു വേണ്ടത്ര വെടിക്കോപ്പു കിട്ടുകയും ചെയ്യും. ദല്ലാള്‍മാരും ഉപജാപകരും ഈ മര്‍മത്തിന്മേല്‍ കഠിനാധ്വാനം നടത്തുകയും ചെയ്തു. അങ്ങനെയാണ് സുപ്രിംകോടതി വിധി വന്ന് നാളിത്രയായിട്ടും ബാറുടമകളില്‍നിന്ന് പ്രത്യേകിച്ചൊരു പ്രതിലോമനീക്കവും ഉണ്ടാവാതിരുന്നത്. ഇതേസമയം അസോസിയേഷന്‍ നേതാക്കള്‍ മറ്റൊരു കെണിയിലേക്ക് വഴുതുകയായിരുന്നു. കോഴകൊടുക്കാനെന്നു പറഞ്ഞ് ബാറുടമകളില്‍നിന്നു പിരിച്ചെടുത്ത 25 കോടിക്ക് സംഘടനാംഗങ്ങള്‍ അവരെ ചോദ്യംചെയ്യാന്‍ തുടങ്ങി. കാശും പോയി ബാറും പോയി എന്നതു മാത്രമായിരുന്നില്ല പ്രശ്‌നം. മേല്‍ത്തരം നിലവാരമൊരുക്കാന്‍ ഇവരില്‍ പലരും വന്‍ തുക വായ്പയെടുത്ത് പണി നടത്തിയിരുന്നു. ബാര്‍ നിരോധനം കോടതി ശരിവച്ചതോടെ ആ തുക തിരിച്ചടയ്ക്കാന്‍ വഴിയില്ലാതായി. പലര്‍ക്കും ബാങ്കുകളുടെ നോട്ടീസ് കിട്ടുകയും ചെയ്തു. സ്വാഭാവികമായും അവര്‍ കോഴപ്പണം പിരിച്ചെടുത്ത നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. ഒന്നുകില്‍ പണം തിരികെ കിട്ടണം, അല്ലെങ്കില്‍ കോഴയുടെ നേര് പരസ്യമാക്കണം. ഒരുഘട്ടത്തില്‍ സംഘടന പിളരുമെന്ന നിലവരെയെത്തി. ഗത്യന്തരമില്ലാതെ നേതാക്കള്‍ സംഘടനാംഗങ്ങള്‍ക്കു വഴിപ്പെടുന്ന നിലയിലെത്തി. ഒടുവില്‍, ഇക്കഴിഞ്ഞ 11ന് അവര്‍ കേസന്വേഷകനായ വിജിലന്‍സ് എസ്പിക്ക് കത്തും കൊടുത്തു. ഈ മാസം 26ന് മൊഴിതരാമെന്ന്. ആ മൊഴിയുടെ ഉള്ളടക്കം എന്താവുമെന്ന് ഉറപ്പില്ലെങ്കിലും പ്രതിയെ സംബന്ധിച്ച് ഇതേ ഉറപ്പില്ലായ്മ ഒരു റിസ്‌ക് തന്നെയാണ്. ഇവിടെയാണ് ടേണിങ് പോയിന്റ്. 11ാം തിയ്യതി ബാറുടമാനേതൃത്വം കത്തുകൊടുക്കുന്നു, 13ാം ദിവസം ഹാജരായിക്കൊള്ളാമെന്ന്. വെറും മൂന്നാംപക്കം വിജിലന്‍സ് എസ്പി കേസുകെട്ട് അടയ്ക്കുന്നു. കോടതിക്ക് റിപോര്‍ട്ട് കൊടുക്കുന്നു: പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവില്ലെന്ന്. മൂന്നു ന്യായങ്ങളാണ് ടിയാന്‍ അവലംബിച്ചത്. ഒന്ന്, കോഴകൊടുത്തതായി പറയുന്ന തിയ്യതികളും സംഗതി കൊടുത്തവരുടെ ഫോണ്‍കോള്‍ ചരിത്രവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. രണ്ട്, തെളിവായി കിട്ടിയ ശബ്ദരേഖ എഡിറ്റ് ചെയ്തതായതിനാല്‍ സ്വീകരിക്കാന്‍ പ്രയാസമുണ്ട്. മൂന്ന്, ബാറുടമകള്‍ സഹകരിക്കുന്നില്ല. ശുദ്ധഅസംബന്ധങ്ങളാണ് ഇപ്പറഞ്ഞ മൂന്നു ന്യായങ്ങളുമെന്ന് വേഗം തിരിച്ചറിയാനാവും. ഒന്നാമത്, കോഴകൊടുത്ത തിയ്യതി- കോള്‍ ഡീറ്റെയില്‍സ് ഘടകം വച്ചുതന്നെയാണ് സാഹചര്യത്തെളിവുണ്ടെന്ന് ഇതേ ഡിറ്റക്റ്റീവ് മുമ്പു തന്റെ വസ്തുതാവിവര റിപോര്‍ട്ടില്‍ സ്ഥാപിച്ചിരുന്നത്. ടി റിപോര്‍ട്ടിനെയാണ് അന്ന് കോടതി അംഗീകരിച്ചതും. തുടരന്വേഷണത്തില്‍ ഈ ഘടകത്തെ തള്ളിക്കളയാന്‍ ഡിറ്റക്റ്റീവ് പറയുന്ന ഒരു വിശദീകരണം തന്നെ അന്വേഷണത്തിന്റെ ഇംഗിതം വ്യക്തമാക്കുന്നുണ്ട്. പ്രതിയുടെ പാലായിലെ വീട്ടില്‍ കോഴപ്പണവുമായി പോയെന്നു പറയുന്ന ബാറുടമാസംഘം നേതാവിന്റെ ഫോണ്‍ അന്നേരം പൊന്‍കുന്നം റേഞ്ചിലായിരുന്നുവത്രെ. ആയതിനാല്‍ തിയ്യതിയും ഫോണ്‍ റേഞ്ചും പൊരുത്തപ്പെടുന്നില്ലെന്നാണ് ഡിറ്റക്റ്റീവ് ബുദ്ധി. പാലായും പൊന്‍കുന്നവും തമ്മിലുള്ള ദൂരം കഷ്ടി 12 കിലോമീറ്റര്‍. പൊന്‍കുന്നം ടവറിനു കീഴില്‍നിന്ന് പാലാ ടവറിലേക്ക് ഒരു കാറിലെത്താന്‍ വേണ്ട സമയം ഓര്‍ത്തുനോക്കുക. മാത്രമല്ല, ഒരു അബ്കാരിക്ക് ഈ ഒരൊറ്റ ഫോണ്‍ മാത്രമേയുള്ളൂ എന്ന് ഡിറ്റക്റ്റീവ് ഉറപ്പിക്കുകയും ചെയ്യുന്നു!രണ്ട്, എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി അതു കണ്ട ഭാവം വയ്ക്കുന്നില്ല. സമ്പൂര്‍ണ ഉരുപ്പടി ആവശ്യപ്പെട്ടതായി പറയുന്നുമില്ല. തന്റെ റിപോര്‍ട്ടിന് അനുരൂപമായ തെളിവുകള്‍ മാത്രം മതി എന്നതാണ് ഒരു കുറ്റാന്വേഷകന്റെ നിലപാടെങ്കില്‍ കാര്യങ്ങള്‍ എത്രയോ എളുപ്പം. ഇതിനല്ലേ തുന്നിയ ഉടുപ്പിന്റെ പാകത്തില്‍ ദേഹം വെട്ടിയൊതുക്കുക എന്നു പറയാറ്?ബാറുടമകള്‍ സഹകരിക്കുന്നില്ല എന്ന മൂന്നാം ന്യായത്തിലാണ് ഡിറ്റക്റ്റീവിന്റെ ശേഷിക്കുന്ന ജൗളികൂടി അഴിഞ്ഞുപോവുന്നത്. 26ാം തിയ്യതി ഹാജരായിക്കൊള്ളാമെന്ന് ബാറുടമകള്‍ കത്തുകൊടുത്ത് 72 മണിക്കൂറിനകം ടിയാന്‍ റിപോര്‍ട്ട് കൊടുക്കുകയാണ്. എന്തായിരുന്നു അവരുടെ മൊഴിയെടുക്കാതിരിക്കാന്‍ സുകേശനുള്ള വ്യഗ്രത? തുടരന്വേഷണം തുടങ്ങിയിട്ട് 74 ദിവസമായി എന്ന ന്യായം പറയാം. എന്നാല്‍, 72ാം ദിവസം കിട്ടിയ മൊഴിസന്നദ്ധത എടിപിടീന്ന് ഒഴിവാക്കിയതോ? 75 ദിവസത്തിനകം റിപോര്‍ട്ട് തന്നിരിക്കണമെന്ന് കോടതി കല്‍പിച്ചിട്ടുമില്ല. ചുരുക്കത്തില്‍, സുകേശന്റേത് അന്വേഷണ റിപോര്‍ട്ടല്ല, നേര് തമസ്‌കരിക്കുന്ന ‘ധാരണാപത്ര’മാണ്. തന്റെ തന്നെ ആദ്യത്തെ വസ്തുതാവിവര റിപോര്‍ട്ടിനു കടകവിരുദ്ധം. അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ വലിയ സമ്മര്‍ദ്ദത്തിലകപ്പെട്ടു എന്നു വ്യക്തം. പ്രശ്‌നം പക്ഷേ, ഒരുദ്യോഗസ്ഥന്റെ ചാഞ്ചാട്ടമല്ല. വിജിലന്‍സ് എന്ന അന്വേഷണസംവിധാനത്തിന്റെ ദൗര്‍ബല്യവും ഭരണകൂടത്തിന് അതിനെ തരാതരം വഴറ്റിയെടുക്കാനുള്ള സൗകര്യവുമാണ്. അതിലുപരി, ഭരണഘടനാസ്ഥാപനങ്ങളെ ജീര്‍ണിപ്പിക്കാന്‍ നമ്മുടെ ജനാധിപത്യ രാഷ്ട്രീയനേതൃത്വങ്ങള്‍ എത്രകണ്ട് കൂസലില്ലാത്തവരായിരിക്കുന്നു എന്നതാണ്. ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തില്‍ മാത്രം ഇവ്വിധം മ്ലേച്ഛമാക്കപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളുടെ പട്ടിക നോക്കൂക- മുഖ്യമന്ത്രിപദം, സ്പീക്കര്‍, ഇലക്ഷന്‍ കമ്മീഷന്‍, അഡ്വ. ജനറല്‍ തൊട്ട് സര്‍ക്കാരിനെതിരേ ചില പാസിങ് കമന്റുകള്‍ നടത്തിയ നീതിപീഠങ്ങള്‍ വരെ. സുകേശന്‍ ഈ തമസ്‌കരണ റിപോര്‍ട്ട് കൊടുത്ത അതേ ദിവസം രാവിലെ ഭരണകക്ഷിയുടെ മറ്റൊരു വ്യഗ്രതാപ്രകടനം അരങ്ങേറി- ലാവ്‌ലിന്‍ കേസിലെ റിവ്യൂ ഹരജിയിലുള്ള വാദം തിടുക്കത്തിലാക്കാന്‍ സര്‍ക്കാരിന്റെ അപേക്ഷ. ഓര്‍ക്കണം, ഈ കേസില്‍ കേരളസര്‍ക്കാര്‍ വാദിയോ പ്രതിയോ അല്ല. സിബിഐയാണ് പ്രോസിക്യൂഷന്‍. റിവ്യൂ ഹരജി കൊടുത്തിട്ടുള്ളതും അവര്‍ തന്നെ. ഹരജിക്കാരനോ കോടതിക്കോ ഇല്ലാത്ത തിടുക്കം സര്‍ക്കാരിനുണ്ടെങ്കില്‍ റിവ്യൂ ഹരജി കൊടുത്ത് 26 മാസം അനങ്ങാതിരുന്നതെന്ത്? കേസിലെ ഒരു പ്രതി തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം നടത്തുന്ന സംസ്ഥാന യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് പൊടുന്നനെ ഭരണകക്ഷിക്ക് നീതിബോധമുദിക്കുന്നു! എന്നിട്ട് അതില്‍ രാഷ്ട്രീയപ്രേരണയൊന്നുമില്ല എന്ന് ഭാവാഭിനയം നടത്തുന്നു. ഇതാണ് ഘടാഘടിയന്മാരുള്ള കോണ്‍ഗ്രസ് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന ബാലിശ നിലവാരം. അവരുടെ കള്ളവും പൊയ്മുഖങ്ങളും അതിവേഗം സുതാര്യമായിപ്പോവുന്നു. കാരണം ആ പാര്‍ട്ടിയുടെ രാഷ്ട്രീയചിന്ത ഇപ്പോള്‍ അച്ചുതണ്ടാക്കുന്നത് ഇപ്പറഞ്ഞ രണ്ടു ഘടകങ്ങളെയുമാണ്. ചിന്ത അവ്വിധമാവുന്നതില്‍ അദ്ഭുതമില്ല. ഒന്നാമത്, ഭരണം പാടേ അലമ്പ്. അഴിമതിയും താന്തോന്നിത്തവും ഗ്രസിച്ച് സംഗതി രണ്ടു കൊല്ലമായി തളര്‍വാതം പിടിച്ചുകിടക്കുന്നു. ഏറക്കുറേ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലയളവുപോലെ. മുഖ്യകക്ഷിയാവട്ടെ അഭൂതപൂര്‍വമായ ഒരു തുറുങ്കന്‍ദശയില്‍. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പണ്ടേപ്പോലെ ഇന്നും കടങ്കഥ. നാളിതുവരെ ആ രോഗം മറച്ചുവച്ച് കാലക്ഷേപം ചെയ്തിരുന്നത് ദേശീയാടിസ്ഥാനത്തിലുള്ള അധികാരക്കളി വച്ചാണ്. കേന്ദ്രാധികാരം പോയി. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലായി പാര്‍ട്ടിപ്പിടി ക്ഷയിക്കുകയും ചെയ്തിരിക്കുന്നു. ഇതേസമയം, സ്വന്തം മുന്നണിയിലെ ഇതരകക്ഷികളാവട്ടെ ഒളിഗാര്‍ക്കികളുടെ പിടിയിലും. ഈ പരിതസ്ഥിതിയില്‍ ഭരണമുന്നണി ആരെ പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യം ഇലക്ഷന്‍കാലത്ത് മുഴച്ചുവരുന്നു. ലീഗും കേരളാ കോണ്‍ഗ്രസ്സും ലക്ഷണമൊത്ത ന്യൂനപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ്സിന്റെ പ്രാതിനിധ്യം സവര്‍ണ ഹിന്ദുക്കളും സുറിയാനി ക്രിസ്ത്യാനികളും ശിഷ്ടം മതേതരക്കാരും. ഇതില്‍ സവര്‍ണ ഹിന്ദുക്കളുടെ കാര്യത്തില്‍ പഴയ ഉറപ്പൊന്നുമില്ല. കാരണം, ബിജെപിയുടെ ശക്തിസംഭരണം. ഫലത്തില്‍, രണ്ടു ന്യൂനപക്ഷങ്ങളുടെ മാത്രം പിന്‍ബലമുള്ള കൂട്ടമായി യുഡിഎഫ് ചുരുങ്ങുന്നു. മതേതര വോട്ടിന് മൂല്യവും പ്രസക്തിയും വര്‍ധിക്കുന്ന കാലയളവാണിതെന്നോര്‍ക്കണം. കാരണം, ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി. പകല്‍പോലെ സുതാര്യമായ കള്ളങ്ങളും പൊയ്മുഖങ്ങളും ഏറ്റവുമെളുപ്പത്തില്‍ വികര്‍ഷണമുണ്ടാക്കുക മതേതര വോട്ടര്‍മാരിലാണെന്ന ലളിതസാരം പക്ഷേ, കോണ്‍ഗ്രസ്സിലെ ഘടാഘടിയന്മാരെ നിസ്സാരമായി ഒഴിഞ്ഞുപോവുന്നു. വിപരീതകാലേ വിനാശബുദ്ധി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക