|    Apr 24 Tue, 2018 6:49 am
FLASH NEWS
Home   >  Fortnightly   >  

വിന്‍സെന്റ് വാന്‍ഗോഗ് കലയും ജീവിതവും

Published : 13th February 2016 | Posted By: swapna en

അബ്ദുള്ള പേരാമ്പ്ര

വാന്‍ഗോഗിനെ കുറിച്ച് കേസരി എ ബാലകൃഷ്ണപ്പിള്ള തന്റെ നവീന ചിത്രകല എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതകയുണ്ടായി: ‘മാനസിക രോഗികള്‍ക്കായുള്ള ഒരാശുപത്രിയില്‍ വെച്ച് 1890 ല്‍ വാന്‍ഗോഗ് ചിത്തഭ്രമത്താല്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. തന്റെ ആത്മമിത്രമായി തന്നോടൊന്നിച്ച് പാര്‍ത്തിരുന്ന പ്രസിദ്ധ ചിത്രകാരനായിരുന്ന പോള്‍ഗോഗിനോട് പിണങ്ങി വാന്‍ഗോഗ് തന്റെ ഒരു ചെവി ചെത്തിക്കളയുകയും, താന്‍ മൂലം പാശ്ചാത്യ കലാലോകത്തില്‍ ഏറ്റവും പ്രസിദ്ധമായ ഒരു കലഹം ജനിപ്പിക്കുകയും ചെയ്തു.’
കേസരിയുടെ ഈ അഭിപ്രായത്തോട് വിഭിന്നമായി പ്രതികരിച്ച ചിത്രകലാ നിരൂപകരുണ്ട്. വാന്‍ഗോഗിന് ഭ്രാന്ത് ഉണ്ടായിരുന്നു എന്നതിന് ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ പോള്‍ഗോഗിനോട് പിണങ്ങിയാണ് വാന്‍ഗോഗ് തന്റെ ചെവി ചെത്തിക്കളഞ്ഞതെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവരാണ് പലരും. അക്കാലങ്ങളില്‍ വാന്‍ഗോഗിന് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയ നൈരാശ്യത്തില്‍ പെട്ടാണ് വാന്‍ഗോഗ് തന്റെ ചെവി മുറിച്ചെടുത്ത് കാമുകിക്ക് സമര്‍പ്പിച്ചതെന്ന് പറയപ്പെടുന്നു. വാന്‍ഗോഗ് തന്റെ സഹോദരനയച്ച കത്തുകളിലും ഇതിന്റെ സൂചനയുണ്ട്. വാന്‍ഗോഗിന്റെ ജീവചരിത്രം രചിച്ച ഇര്‍വിങ്‌സ്റ്റോണ്‍ എന്ന അമേരിക്കക്കാരന്‍ ഈ ചിത്രകാരന്റെ പ്രണയ ജീവിതവും മറ്റും ഒരു നോവല്‍ രൂപത്തില്‍ രചിച്ച് പുസ്തകമാക്കിയിട്ടുണ്ട്.

ഖനികളിലെ ജീവിതം
ഒരു മര്‍ദ്ദിത ജനവിഭാഗമായി ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ ആണ്ടു കിടക്കുന്ന ഖനിത്തൊഴിലാളികള്‍ക്കൊപ്പം ജീവിച്ച് അവരുടെ ജീവിതവും കാലവും നേരിട്ട് മനസ്സിലാക്കി അവ തന്റെ വര്‍ണ്ണക്കൂട്ടുകളില്‍ ചിത്ര വൈവിധ്യമായി സംഭാവന ചെയ്യാന്‍ വാന്‍ഗോഗിന് കഴിഞ്ഞിരുന്നു. ബോറിനാഷില്‍ കല്‍ക്കരിത്തൊഴിലാളികളുടെ ഒപ്പമായിരുന്നു വാന്‍ഗോഗിന്റെ വാസം. അക്കാലങ്ങളില്‍ യാതനകളും വേദനകളും മാത്രം തിന്ന് നരകതുല്യമായിരുന്നു അവരുടെ ജീവിതം. അവര്‍ക്കിടയിലെ ജീവിതമാണ് വാന്‍ഗോഗിനെ സംസ്‌ക്കരിച്ചതെന്ന് പറയാം. പക്ഷേ, ഒരു കലാകാരനെന്ന നിലയില്‍ അവര്‍ക്കൊപ്പമുള്ള ജീവിതവും തൊഴിലും വാന്‍ഗോഗ് ഉപേക്ഷിക്കുകയാണുണ്ടായത്. അനന്തരം സ്വന്തം ജീവിതം മുന്നോട്ട് നീക്കാനുള്ള യാതൊരു വകയും കാണാതെ വാന്‍ഗോഗ് എന്ന ചിത്രകാരന്‍ അലഞ്ഞു നടന്നു. ജീവിത തിക്താനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ വാന്‍ഗോഗില്‍ ഉറങ്ങികിടക്കുകയായിരുന്ന ചിത്രകാരനെ ഉണര്‍ത്തി എന്നു പറയുന്നതാവും ശരി. ഇക്കാലങ്ങളിലാണ് വാന്‍ഗോഗില്‍ നിന്നും വിശ്വോത്തരമായ പല ചിത്രനിര്‍മ്മിതികളും പുറത്തുവരുന്നത്. ചിത്രകലയുടെ പരമ്പരതന്നെ പില്‍ക്കാലത്ത് വാന്‍ഗോഗില്‍ നിന്നും നമുക്ക് ലഭിച്ചു.
അടിസ്ഥാനപരമായി വാന്‍ഗോഗ്ചിത്രത്തിനുള്ള ഒരു മുഖമുദ്ര മര്‍ദ്ദിതരുടെ ശബ്ദമായിരുന്നു. അവരെ എങ്ങനെ സഹായിക്കും എന്നൊരു വിചാരധാര അദ്ദേഹത്തെ സദാ അലട്ടിക്കൊണ്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലാലാവണ്യമുള്ള പല വാന്‍ഗോഗ്ചിത്രങ്ങളുടെയും അന്തര്‍ധാര ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന പ്രസിദ്ധമായ ഒരൊറ്റ ചിത്രത്തിലൂടെ വ്യക്തമാവും.
പക്ഷേ, തൊഴിലാളി വിഭാഗത്തിനു വേണ്ടിയാണ് വാന്‍ഗോഗ് തന്റെ പല ചിത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയതെങ്കിലും അത്തരം ചിത്രങ്ങളെ ഉള്‍ക്കൊള്ളാനോ ചിത്രകാരനെ പരിഗണിക്കാനോ ആ ജനത തയ്യാറായില്ലെന്നതാണ് ചരിത്രം. അവര്‍ക്കെന്നും വാന്‍ഗോഗ് ഒരന്യനായിരുന്നു. ആ ചിത്രങ്ങളെയും കലാകാരനെയും തൊഴിലാളി വര്‍ഗ്ഗം തിരസ്‌ക്കരിച്ചെങ്കിലും അവരുടെ ജീവിതം കൊത്തിയ ചിത്രം സമ്പന്നവര്‍ഗ്ഗം തങ്ങളുടെ സ്വീകരണ മുറികളില്‍ സ്ഥാപിച്ച് കണ്ടാസ്വദിച്ചു എന്നത് വിധിവൈപരീത്യം. ഇതില്‍ വാന്‍ഗോഗിനും ദുഃഖമുണ്ടായിരുന്നു. തന്റെ സമകാലികരായ സേസനോടും മറ്റും വാന്‍ഗോഗ് തന്നെ ഇക്കാര്യം ദുഃഖപൂര്‍വ്വം പറഞ്ഞിട്ടുണ്ട്. ലസ്റ്റ് ഫോര്‍ ലൈഫ് എന്ന ഇര്‍വിംഗ് സ്റ്റോണിന്റെ കൃതിയിലും ഇതിനെക്കുറിച്ച് എഴുതിയിരുന്നു.

വാന്‍ഗോഗിന്റെ ചിത്രകല
‘എന്റെ മസ്തിഷ്‌ക്കത്തിലും ഹൃദയത്തിലും നിറയുന്നത് ചിത്രങ്ങളിലൂടെ ഞാന്‍ ആവിഷ്‌ക്കരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന ഭ്രാന്തിലാണ്’ വാന്‍ഗോഗ് പറഞ്ഞതാണിത്. ആത്മാവിഷ്‌ക്കാരത്തിന്റെ കലയാണ് ചിത്രകലയെന്ന് ഏറ്റവും ഊന്നിപറഞ്ഞ ചിത്രകാരനായിരുന്നു വാന്‍ഗോഗ്. അതിന്റെ ഉശിരുള്ള പ്രയോക്താവായിരുന്നു അദ്ദേഹം. ഇത് പൈതൃകമായി കിട്ടിയതാണെന്നു വേണം കരുതാന്‍. വാന്‍ഗോഗിന്റെ അമ്മ ചെറുപ്പത്തില്‍തന്നെ അദ്ദേഹത്തെ പ്രകൃതി നിരീക്ഷണത്തിനും ജീവജാലങ്ങളോടുള്ള അടുപ്പത്തിനും സഹായിച്ച ഒരു ഉദാത്ത മാതാവായിരുന്നു. അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ സഹജീവി സ്‌നേഹം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. പ്രത്യേകിച്ച് ഖനിത്തൊഴിലാളികളുമൊത്തുള്ള വാന്‍ഗോഗിന്റെ ജീവിതകാലത്ത്.
സേവനാ മോഹത്തിന്റെ തീക്ഷ്ണത പല വാന്‍ഗോഗ് ചിത്രങ്ങളിലും മുന്തിച്ച് നില്‍ക്കുന്നതായി കാണാം. ചിത്രമെഴുതുകയല്ല വാന്‍ഗോഗ് ചെയ്യുന്നത്. മറിച്ച് ചിത്രങ്ങളിലൂടെ പ്രസംഗിക്കുകയാണെന്ന് കേസരി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. പുല്ലും മരവും മൃഗങ്ങളും വരയ്ക്കുമ്പോള്‍ അവ യഥാര്‍ത്ഥ ജീവനുള്ളവയായി ഒരു അനുവാചകന് തോന്നുന്നത് അതുകൊണ്ടാണ്. പ്രേക്ഷകരില്‍ ക്ഷോഭം സൃഷ്ടിക്കാന്‍ കഴിവുള്ള ചിത്രകാരന്മാരില്‍ മുന്‍നിരയിലാണ് വാന്‍ഗോഗിന്റെ സ്ഥാനം. ലോകത്തിലെ മഹാചിത്രകാരന്മാരായ ബോട്ടിസെല്ലി, മൈക്കലാഞ്ചലോ, എല്‍ഗ്രെക്കോ എന്നിവര്‍ക്കൊപ്പമാണ് ഈ ധാരയില്‍ വാന്‍ഗോഗിന്റെയും ഇടം. പൗരസ്ത്യ ചിത്രകലാ രീതിയനുസരിച്ച് വാന്‍ഗോഗ് നിറങ്ങള്‍കൊണ്ട് അഗ്നിജ്വാലകള്‍ പടര്‍ത്തി.  ഔട്ട് ലൈനുകള്‍ വരയ്ക്കുമ്പോള്‍ രേഖകള്‍ ചിത്രങ്ങളുടെ രൂപഭാവത്തിന് പ്രത്യേക ചാരുത നല്‍കും. ഈയൊരു പ്രത്യേകത പാശ്ചാത്യ ചിത്രകലാരീതിക്കില്ല.
19ാം നൂറ്റാണ്ടിലെ പാശ്ചാത്യ ചിത്രകലാപാരമ്പര്യത്തില്‍ വാന്‍ഗോഗ്ചിത്രങ്ങളുടെ ഒരു പ്രത്യേകതയായി കാണുന്ന അദൃഷ്ടപൂര്‍വ്വത മറ്റൊരു ചിത്രകാരനിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയില്ല. വരയില്‍ വാന്‍ഗോഗ് കാണിച്ച ആത്മാര്‍ത്ഥത തന്നെയാണ് ഇതിന് കാരണമായി കലാനിരൂപകര്‍ പറഞ്ഞിട്ടുള്ളത്. ചിത്രകാരനായ സേസന്‍ തന്നെ വാന്‍ഗോഗ് ഒരു ഭ്രാന്തനെപ്പോലെ ചിത്രംവരച്ചു എന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നമുക്ക് കാണാവുന്ന വികാര തീക്ഷ്ണതയും വര്‍ണ്ണങ്ങളുടെ ഗരിമയും ആസ്വദിച്ചറിഞ്ഞാണ് സേസന്‍ ഇങ്ങനെ പറഞ്ഞത്. വാന്‍ഗോഗ് ചിത്രങ്ങളില്‍ അടിയൊഴുക്കായി വര്‍ത്തിച്ച ഭ്രാന്തിന്റെ ഒരംശമെങ്കിലും തങ്ങളുടെ ചിത്രങ്ങളില്‍ ആവേശിച്ചിരുന്നുവെങ്കില്‍ എന്ന് അക്കാലത്ത് പല ചിത്രകാരന്മാരും കൊതിച്ചു പോയിട്ടുണ്ട്! ഇത് ചിത്രകാരന്മാര്‍ക്ക് മാത്രമുണ്ടാവുന്ന ഒരു വികാരമല്ല. ഒരു സാധാ പ്രേക്ഷകന്‍പോലും അങ്ങനെ കൊതിച്ചു പോകുന്ന സമയമുണ്ട്. ഉദാഹരണമായി വാന്‍ഗോഗ് വരച്ച അദ്ദേഹത്തിന്റെ കസേര, പുകവലിക്കുന്ന പൈപ്പ്, അലങ്കാര രഹിതമായ ശയനമുറി എല്ലാം കാണുമ്പോള്‍ ഉള്ളിലുണരുന്ന പേരറിയാ വികാരവായ്പ്പുകള്‍ അത്തരത്തിലുള്ളതാണ്. പലപ്പോഴും ജനകീയ ചിത്രകലയുടെ ഒരു പ്രത്യേകത കൂടിയാണിത്. സമൂഹത്തില്‍ നിന്ന് വേറിട്ട് നിന്നുകൊണ്ടുള്ള ഒരു അസ്തിത്വം വാന്‍ഗോഗിന് ഉണ്ടായിരുന്നില്ലല്ലോ.
ഒരു ചിത്രപ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ അനുവാചകന്റെ ഹൃദയത്തില്‍ ആ ചിത്രങ്ങള്‍ ഉണര്‍ത്തിവിട്ട വികാര-വിചാരങ്ങള്‍ തന്റെയൊപ്പം കൂടെ പോരുന്നുണ്ടെങ്കില്‍ ആ ചിത്രങ്ങളാണ് മഹത്തരം എന്നു പറയേണ്ടിവരും. വാന്‍ഗോഗ്ചിത്രങ്ങള്‍ക്ക് ഈ പ്രത്യേകത ഉണ്ടായിരുന്നു. വാന്‍ഗോഗിന്റെ സൂര്യകാന്തിപൂക്കളും, അദ്ദേഹത്തിന്റെ കസേരയും, ബൂട്‌സും മറ്റും നമ്മുടെ ദൃഷ്ടിയില്‍നിന്നും ഒരിക്കലും മായാതെ ഉറക്കില്‍പോലും വേട്ടയാടുന്നവയാണ്. ഒരു മഹാ ചിത്രത്തിന്റെ അപരിത്യാജമായ ഗുണവിശേഷമാണത്.

വാന്‍ഗോഗിന്റെ ചിത്രങ്ങള്‍
വാന്‍ഗോഗിന്റെ യൗവ്വനകാലം പരീക്ഷണങ്ങളുടെയും കഷ്ടപ്പാടിന്റെതുമായിരുന്നു. വിധി ഈ ചിത്രകാരനെ നിരന്തരം വേട്ടയാടി. യൗവ്വനകാലത്ത് അദ്ദേഹം ചില പ്രണയങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും അവയെല്ലാം വേദനകള്‍ മാത്രമാണ് വാന്‍ഗോഗിന് സമ്മാനിച്ചത്. മാനസിക സമ്മര്‍ദ്ദത്തില്‍ ആണ്ടുപോയ വാന്‍ഗോഗിന്റെ ജീവിതം കാറ്റിലും കോളിലും പെട്ട പായ്ക്കപ്പല്‍ പോലെ ആടിയുലഞ്ഞു. പ്രണയ പരാജയം പോലെ സാമ്പത്തികമായും വാന്‍ഗോഗ് തീരാകയത്തില്‍ പെട്ടു. ഇതെല്ലാം ആ ചിത്രകാരനെ ചിത്തഭ്രമത്തിലെത്തിച്ചു. പരാശ്രിതനായി തീര്‍ന്നു അദ്ദേഹം. എല്ലാം തുറന്ന് പറയാനും എഴുതാനും സഹോദരനായ തിയോ മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ തമ്മില്‍ കൈമാറിയ കത്തുകള്‍ ലോകപ്രസിദ്ധമാണ്. ഈ കത്തുകളില്‍ നിന്നാണ് നാം വാന്‍ഗോഗിന്റെ ജീവിതത്തെയും ചിത്രകലയെയും ആ കാലഘട്ടത്തെയും കുറിച്ച് കൂടുതല്‍ അറിയുന്നത്. കടുത്ത അന്തര്‍മുഖത്വവും മാനസിക സംഘര്‍ഷങ്ങളും വാന്‍ഗോഗ്ചിത്രങ്ങളുടെ ഗതിമാറ്റി.
ഈ കാലത്താണ് ചിത്രകലയില്‍ വാന്‍ഗോഗ് ആത്മീയതയുടെ അംശം കൊണ്ടുവരുന്നത്. ആത്മീയത, ആധുനികത, ഭൗതികത എന്നിവയെല്ലാം ഒരേ സമയം ഈ ചിത്രങ്ങളില്‍ മേളിച്ചു. അതോടൊപ്പം റിയലിസവും സിംബോളിസവും വാന്‍ഗോഗ് ചിത്രങ്ങളോടൊപ്പം നിന്നു. ‘എക്‌സ്പ്രഷനിസം’ എന്ന പ്രസ്ഥാനത്തിന് ലോകം വാന്‍ഗോഗിനോടാണ് കടപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ സ്ഥാനം ചിത്രകലയില്‍ ആദര്‍ശവല്‍ക്കരിക്കുന്നത് വാന്‍ഗോഗാണെന്ന് പറയേണ്ടിവരും. വാന്‍ഗോഗിന്റെതായി അനേകം പ്രശസ്ത ചിത്രങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ‘സൂര്യകാന്തിപ്പൂക്കള്‍, മഞ്ഞക്കസേര, ആര്‍ലേ നഗരത്തിനു സമീപമുള്ള ഒരു പാടം, ‘റൂലിന്‍ എന്ന പോസ്റ്റ്മാന്‍, ആര്‍ലേക്കാരിയായ യുവതി, മില്ലിയേ എന്ന പട്ടാളക്കാരന്‍, പൂത്ത പെയര്‍വൃക്ഷം, ജീര്‍ണിച്ച വീട്, മദ്മാസെന്‍ ഗാഷേഎന്നിവ. ഈ ചിത്രങ്ങളെകുറിച്ചെല്ലാം വാന്‍ഗോഗ് തന്നെ തന്റെ സുപ്രസിദ്ധമായ കത്തുകളില്‍ വിവരിച്ചിട്ടുണ്ട്.
1888 ല്‍ അദ്ദേഹമെഴുതിയ ഒരു കത്തില്‍ വാന്‍ഗോഗ് പറഞ്ഞു: സൂര്യകാന്തിപ്പൂക്കളുടെ അര ഡസന്‍ ചിത്രങ്ങള്‍കൊണ്ട് എന്റെ ചിത്രമെഴുതിയ മുറി അലങ്കരിക്കാന്‍ ഞാന്‍ വിചാരിക്കുന്നു. ഈ അലങ്കാരം ഏറ്റവും മരതകപ്പച്ചമുതല്‍ക്ക് റോയല്‍ നീല വരെയുള്ള പലതരം നീലനിറങ്ങളോട് കൂടിയ ഭൂമികളില്‍ നിന്നു വളര്‍ന്ന് പ്രകാശിക്കുന്നതും ഓറഞ്ച് ചായമിട്ട വീതികുറഞ്ഞ പലകത്തുണ്ടുകളാല്‍ ചുറ്റപ്പെട്ടതുമായിരിക്കും. ഗോത്തിക്ക് ശില്പരീതികളിലുള്ള പള്ളികളിലെ ചായമിട്ട കണ്ണാടി ജനലുകളുടെ ഫലം അത് ജനിപ്പിക്കും.'(കേസരിയുടെ നവീന ചിത്രകല എന്ന പുസ്തകത്തില്‍ നിന്ന്). ഇതേ പോലെ അദ്ദേഹത്തിന്റെ ഒട്ടുമിക്ക പ്രശസ്ത ചിത്രങ്ങളെക്കുറിച്ചും വാന്‍ഗോഗ് എഴുതിയിട്ടുണ്ട്. ‘ആര്‍ലേക്കാരിയായ യുവതി’ എന്ന ചിത്രകാരിയെക്കുറിച്ച് എഴുതിയത് കാണുക: ഇന്നലെ അതിശാന്തവും മനോഹരവുമായ മറ്റൊരു കാഴ്ച കാണുകയുണ്ടായി. കാപ്പിയുടെ നിറവും ചാമ്പയുടെ നിറമുള്ള തലമുടിയും ഇളം കറുപ്പും വെള്ളയും ചേര്‍ന്ന കണ്ണുകളും ഇളം പിങ്ക് നിറത്തോട് കൂടിയ ഒരു തരം ചീട്ടി ബോഡീസുമുള്ള യുവതിയായിരുന്നു അത്.
ജീവിച്ചിരുന്ന കാലത്ത് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ക്ക് അധികമൊന്നും അംഗീകാരം ലഭിച്ചിരുന്നില്ല എന്ന കാര്യം നമുക്കറിയാം. അതിനൊരു കാരണം, വളരെ വൈകിയാണ് വാന്‍ഗോഗ്ചിത്രങ്ങള്‍ ലോകം ശ്രദ്ധിച്ചു തുടങ്ങിയത് എന്നതായിരുന്നു. പുതുകാലത്ത് കോടികള്‍ വാന്‍ഗോഗ്ചിത്രങ്ങള്‍ക്ക് വിലമതിക്കുന്നുണ്ട്. ഈയടുത്ത് ജര്‍മനിയില്‍ വെച്ചു നടന്ന ഒരു ചിത്രപ്രദര്‍ശനത്തില്‍ വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ ഇന്‍ഷൂര്‍ ചെയ്തത് 300 കോടി ഡോളറിനാണെന്ന് കേട്ടാല്‍ നമ്മില്‍ ഞെട്ടല്‍ ഉളവാകും. ഈ ചിത്രങ്ങളെല്ലാം വാന്‍ഗോഗ് വരച്ചകാലത്ത് അദ്ദേഹം 1 ഡോളര്‍ കിട്ടാതെ അസ്വസ്ഥ ചിത്തനായി നടക്കുകയായിരുന്നു എന്നോര്‍ക്കണം! അതുപോലെത്തന്നെ മ്യൂണിക്കിലും ഫ്രാങ്ക്ഫര്‍ട്ടിലും നടന്ന വാന്‍ഗോഗ്ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ കോടിക്കണക്കിന് ഡോളറിനാണ് പല ചിത്രങ്ങളും വിറ്റഴിക്കപ്പെട്ടത്. വിന്‍സന്റ് വാന്‍ഗോഗിന്റെ പ്രശസ്തമായ ചില ചിത്രങ്ങള്‍ക്ക് ഇന്നും വിലമതിക്കാന്‍ കഴിയില്ല. അവയില്‍ ചിലതാണ്: ദുഃഖപൂര്‍ണ്ണരായ കര്‍ഷകര്‍, വേദനിക്കുന്ന വൃക്ഷങ്ങള്‍, കിടക്കമുറി, സ്റ്റാറി നൈറ്റ്‌സ് തുടങ്ങിയവ. താനുപയോഗിച്ച നിറങ്ങളുടെ വിലയെക്കാള്‍ തന്റെ ചിത്രങ്ങള്‍ക്ക് ലോകം മൂല്യം കാണുന്ന ഒരു ദിവസമുണ്ടാവുമെന്ന് വാന്‍ഗോഗ് പറഞ്ഞത് പിന്നീട് ലോകം സത്യമാണെന്ന് തെളിയിച്ചു.

എക്‌സ്പ്രഷനിസവും വാന്‍ഗോഗും
ചിത്രകലയിലെ എക്‌സ്പ്രഷനിസത്തിന് പ്രാമുഖ്യം നല്‍കിയ ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു വിന്‍സെന്റ് വാന്‍ഗോഗ്. 1933 ല്‍ ജര്‍മ്മനിയില്‍ നിന്ന് നാസികള്‍ അധികാരം സ്ഥാപിച്ചതിന് ശേഷം അവിടുത്തെ ചിത്രകലയിലുണ്ടായ മാറ്റം വലിയതായിരുന്നു. നാസി ജര്‍മ്മനിയില്‍ എക്‌സ്പ്രഷനിസത്തിന് ക്ഷയം സംഭവിക്കുകയും റൊമാന്റിസത്തിന് പ്രാമുഖ്യം വരികയും ചെയ്തു. ജര്‍മ്മന്‍ എക്‌സ്പ്രഷനിസ്റ്റ് ചിത്രകാരന്മാരില്‍ ഏറ്റവും മഹാന്മാരായി പരിഗണിക്കപ്പെട്ടുവരുന്നവര്‍ എമില്‍നോള്‍ഡും, ഫ്രാന്‍സ്മാര്‍ക്കുമായിരുന്നു. 1853 മാര്‍ച്ച് 30 ാം തിയ്യതി നെതര്‍ലാന്റിലായിരുന്നുവല്ലോ വാന്‍ഗോഗിന്റെ ജനനം. ജര്‍മ്മനിയില്‍ ഈ പ്രസ്ഥാനം കത്തിനില്‍ക്കുമ്പോള്‍ നെതര്‍ലാന്റില്‍ എക്‌സ്പ്രഷനിസത്തിന്റെ വ്യക്താവായി വാന്‍ഗോഗുമുണ്ടായിരുന്നു. എങ്കിലും ഈ ചിത്രകലാരീതിയുടെ പ്രധാന കേന്ദ്രം നാസികള്‍ അധികാരം കയ്യാളുന്നതിന് മുമ്പുള്ള ജര്‍മ്മനിയായിരുന്നു. തീവ്രവികാരത്തിന് പ്രാമുഖ്യം നല്‍കുന്ന ചിത്രകഥന രീതിയാണ് എക്‌സ്പ്രഷനിസത്തിന്റെത്. വൈകാരികത മുറ്റിനില്‍ക്കുന്ന ആവിഷ്‌ക്കാര രീതിയായിരുന്നു വാന്‍ഗോഗിന്റെതെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ വ്യക്തിയധിഷ്ഠിത മൂല്യബോധം ഈ ചിത്രകലാരീതിയില്‍ പൊതുവേ അന്തര്‍ഭവിച്ചതായി കാണാം. ഈ കാരണത്താല്‍ എക്‌സ്പ്രഷനിസത്തെ മലയാളത്തില്‍ ‘വ്യക്താത്മക പ്രസ്ഥാനം’ എന്നും വിളിക്കാറുണ്ട്. ചിത്രത്തില്‍ വിഷയം മനസ്സിലാക്കാന്‍ ചിത്രകലാബോധമുള്ളവര്‍ക്കേ സാധ്യമാകൂ എന്ന നില ഈ രീതിക്കുണ്ട്. പക്ഷേ, അതില്‍ നിന്നും വേറിട്ട ഒരു വഴി വാന്‍ഗോഗ് വെട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക എക്‌സ്പ്രഷനിസ്റ്റ് ചിത്രങ്ങളും പ്രേക്ഷകരുമായി നന്നായി സംവാദിച്ചു. കട്ടിച്ചായം കോരിയൊഴിച്ചും രൂപത്തെ വക്രീകരിച്ചുമാണ് വാന്‍ഗോഗ് എക്‌സ്പ്രഷനിസ്റ്റ് ഭാവം തന്റെ മിക്ക ചിത്രങ്ങളിലും പ്രകടിപ്പിച്ചത്.
1940 ല്‍ കേസരി എ ബാലകൃഷ്ണപിള്ള എഴുതിയ ഒരു ലേഖനത്തില്‍, എക്‌സ്പ്രഷനിസത്തിന്റെ സാങ്കേതിക മാര്‍ഗ്ഗത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: ഒരു സാധനം തന്നില്‍ ജനിപ്പിക്കുന്ന പ്രത്യാഘാതങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആ സാധനത്തെ സൂക്ഷ്മമായും വിസ്തരിച്ചും ചിത്രീകരിക്കുവാന്‍ ഒരു പടമെഴുത്തുകാരന് സാധിക്കുന്നതല്ല. പ്രസ്തുത പ്രത്യാഘാതങ്ങളെ ശക്തിപൂര്‍വ്വം ചിത്രീകരിക്കുവാനാണ് അപ്പോള്‍ അയാള്‍ ശ്രമിക്കുന്നത്…സേസനെപ്പോലെ രൂപത്തിന്റെ ഘടന ചിത്രീകരിക്കുന്നതിലല്ല, വാന്‍ഗോഗ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. മറിച്ച് വികാര ക്ഷോഭങ്ങളുടെ പര്‍വ്വതീകരണത്തിലാണ്. അതുതന്നെയാണ് വാന്‍ഗോഗിന്റെ പ്രത്യേകതയും.       ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss