|    Jan 19 Thu, 2017 5:55 am
FLASH NEWS

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംതേടി കലിക്കോട് വെള്ളച്ചാട്ടം

Published : 27th September 2016 | Posted By: SMR

ഇരിക്കൂര്‍: മലബാറിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ഇടംതേടുകയാണ് കലിക്കോട് വെള്ളച്ചാട്ടം.കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരിക്കൂറിനു സമീപം ബ്ലാത്തൂര്‍-പാറ്റക്കലിനടുത്തുള്ള കലിക്കോട് വെള്ളച്ചാട്ടത്തോട് അധികൃതര്‍ കാട്ടുന്ന അവഗണനയാണ് തിരിച്ചടിയാവുന്നത്. പ്രകൃതി ഭംഗികൊണ്ടു അനുഗ്രഹീതമായ ഒരു കുഗ്രാമത്തിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
നീര്‍ച്ചോലയും പ്രകൃതി കടഞ്ഞെടുത്ത പാറക്കൂട്ടങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷക കാഴ്ചകളൊരുക്കുന്നവയാണ്. ചെറു കാട്ടുജീവികളും മല്‍സ്യങ്ങളും പക്ഷികളും നിരനിരയായി അടുക്കിവച്ചതുപോലെയുള്ള വലിയ പാറക്കല്ലുകളുമെല്ലാം വെള്ളച്ചാട്ടം കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്നതാണ്. ഊരത്തൂര്‍പറമ്പ്, ബ്ലാത്തൂര്‍, കല്യാട്, ചുങ്കസ്ഥാനം ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന കാട്ടരുവി കക്കട്ടുംപാറയും പിന്നിട്ട് ബ്ലാത്തൂര്‍-പാറ്റക്കല്‍ കലിക്കോട്ട് ചേരുമ്പോള്‍ ചെറിയ വെള്ളച്ചാട്ടമായി മാറുകയാണ്. മുകള്‍തട്ടുവരെ വിവിധ വനമേഖലയിലൂടെ പരന്നൊഴുകി നിലാമുറ്റം തോട് വഴി വളപട്ടണം പുഴയിലാണു ചേരുന്നത്. കടഞ്ഞ് മിനുസപ്പെടുത്തിയ രൂപത്തിലുള്ളതും വഴുപ്പുള്ളതുമായ പാറക്കൂട്ടത്തില്‍ കുളിയും സാഹസിക നടത്തവും പാറകയറിയിറങ്ങലും സഞ്ചാരികളുടെ പ്രധാന വിനോദമാണ്. മുകള്‍ തട്ടിലും താഴെ തട്ടിലുമുള്ള വെള്ളത്തിന് സമീപപ്രദേശങ്ങളിലൊന്നുമില്ലാത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്നു സഞ്ചാരികള്‍ പറയുന്നു.
വെള്ളത്തിലുള്ള അപൂര്‍വ ഇനം കുഞ്ഞു മല്‍സ്യങ്ങളും കുളിക്ക് സുഖംതരുന്നതിനാല്‍ നീരാട്ട് മണിക്കൂറുകളോളം നീളുകയാണ്. കാലവര്‍ഷം തുടങ്ങുന്നതോടെ വിവിധ ഭൂപ്രദേശങ്ങളില്‍നിന്ന് ഉറവയായി തുടങ്ങി ഒഴുകുന്ന അരുവി കുംഭം, മീനം, മേടം മാസങ്ങളിലാണ് പ്രധാന കാഴ്ചയൊരുക്കുന്നത്. ഡിസംബര്‍ മാസത്തോടെ വറ്റിത്തുടങ്ങും. വെള്ളച്ചാട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ കാടുകളാണ്. ഇവിടെ മയില്‍, കുരങ്ങ്, മുയല്‍, പക്ഷികള്‍, മല്‍സ്യങ്ങള്‍, കാട്ടുപൂച്ച, കാട്ടുകോഴി, പാമ്പ് വര്‍ഗങ്ങള്‍ എന്നിവയും ആസ്വാദനഭംഗി വര്‍ധിപ്പിക്കുന്നു.
യാതൊരുവിധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെങ്കിലും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഇവിടെ വാഹനങ്ങളിലായും അല്ലാതെയും നിരവധിപേരാണ് എത്തുന്നത്. പലരും കുടുംബസഹിതമാണു വരുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുള്‍പ്പെടെ പ്രകൃതി പഠനത്തിന്റെ ഭാഗമായും ഇവിടെ എത്തുന്നുണ്ട്.
ഇരിക്കൂര്‍ കല്യാട് റോഡില്‍ പാറക്കലില്‍ കണ്ണങ്കോട് വിഷ്ണുക്ഷേത്ര റോഡിലൂടെ ഒരു കിലോ മീറ്റര്‍ ബ്ലാത്തൂര്‍ റോഡിലൂടെയും ബ്ലാത്തൂര്‍ സ്‌കൂള്‍-ചോലക്കരി വഴിയും വെള്ളച്ചാട്ടത്തിലെത്താം.
ഒരു കിലോ മീറ്റര്‍ അകലത്തില്‍ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാനാവും. വെള്ളച്ചാട്ടം വരെ ടാറിട്ട റോഡില്ലെങ്കിലും നല്ല റോഡ് സൗകര്യമുണ്ട്. വാഹനങ്ങളില്‍ എത്താനാവും. സമീപ പ്രദേശങ്ങളിലൊന്നും വെള്ളച്ചാട്ടമില്ലാത്തതിനാല്‍ ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുകയാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയേ വെള്ളച്ചാട്ടത്തിന് ആയുസ്സുള്ളൂ. ഇക്കാലയളവിലേക്കായി നല്ലൊരു വിനോദ കേന്ദ്രമാക്കി മാറ്റാമെന്നാണ് പരിസരവാസികള്‍ പറയുന്നത്.
അധികൃതര്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുത്താല്‍ ജില്ലയുടെ മാത്രമല്ല, മലബാറിലെ തന്നെ ടൂറിസം ഭൂപടത്തില്‍ പുതിയ ഒരു അതിഥി—യെത്തുമെന്നുറപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക