|    May 27 Sat, 2017 9:21 pm
FLASH NEWS

വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി

Published : 8th October 2016 | Posted By: Abbasali tf

പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ്  പദ്ധതി നടത്തിപ്പിനായി ജില്ലാ നിരീക്ഷണ സമിതി രൂപവല്‍കരിച്ചു. ജില്ല കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. ജില്ലയില്‍ മലമ്പുഴ ഡാം ഉദ്യാനം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, തൃത്താലയിലെ വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നീ കേന്ദ്രങ്ങളിലെ എംഎല്‍എ മാര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ചെയര്‍മാനായുമാണ് നിരീക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്‍മാന്മാരായും ഡിടിപിസി സെക്രട്ടറി (എഡിഎം), വിനോദ സഞ്ചാര വകുപ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് നിരീക്ഷണ സമിതി .കേരളത്തിലെ 84 ടൂറിസം കേന്ദ്രങ്ങളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സപ്തംബര്‍ ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെയാണ് പ്രവര്‍ത്തന കാലയളവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നാഷനല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വാണിജ്യ വ്യാപാര മേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ തലത്തില്‍ നിരീക്ഷണ സമിതിക്കു പുറമെ കര്‍മ സമിതിയും ഉണ്ടാവും. പദ്ധതിയുടെ ഭാഗമായുള്ള കാര്യ പരിപാടികളില്‍ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ശുചിത്വവും ആരോഗ്യപരവുമായ പരിസരം സൃഷ്ടിക്കുകയും ശാസ്ത്രീയമായി ഖരമാലിന്യം ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു ടോയ്‌ലെറ്റുകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍, മികച്ച പ്രകാശ സംവിധാനങ്ങള്‍, മികച്ച നടപ്പാതകള്‍, ദിശാ ബോര്‍ഡുകള്‍, എല്ലാ വിഭാഗം സഞ്ചാരികള്‍ക്കുമുള്ള വിവിധ സൗകര്യങ്ങളും ഉപകരണങ്ങളും ഉറപ്പു വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍, അംഗപരിമിതര്‍ക്കുള്ള വീ ല്‍ ചെയറുകളും, റാംപുകളും സജ്ജമാക്കണം.സഞ്ചാരികള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തണം. പരിസ്ഥിതിക്ക് അനുകൂലമായ ഹരിത സൗഹൃദ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍, കാര്‍ബണ്‍ നിര്‍വീര്യമാക്കല്‍ തുടങ്ങിയവ നടപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങ ള്‍ ഏര്‍പ്പെടുത്തണം. തിരിച്ചറിയല്‍ കാര്‍ഡ് സഹിതമുള്ള പരിശീലനം നേടി ഉത്തരവാദിത്വമുള്ള ജീവനക്കാര്‍, വോളന്റിയര്‍മാര്‍, വിവിധ സേവന ദാതാക്കള്‍ എന്നിവരെ ടൂറിസം കേന്ദ്രങ്ങളില്‍ വിന്യസിക്കണം. ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ശാന്തകുമാരി, ഇന്ദിര രാമചന്ദ്രന്‍, വി ഐ ഷംസുദ്ദീന്‍, ഡിടിപിസി സെക്രട്ടറി എസ് വിജയന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി കമലമ്മ, ശുചിത്വമിഷന്‍ ഭാരവാഹികള്‍ മറ്റു ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day