|    Sep 25 Tue, 2018 11:03 am
FLASH NEWS

വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളി വൃത്തിയാക്കി

Published : 3rd September 2018 | Posted By: kasim kzm

കട്ടപ്പന: ബ്ലോക്ക് പഞ്ചായത്തുതല ശുചീകരണ പരിപാടിയുടെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രമായ അഞ്ചുരുളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ കാലവര്‍ഷത്തില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെ വളരെയധികം മാലിന്യമാണ് കരയ്ക്കടിഞ്ഞത്. വെള്ളം കയറിയിറങ്ങിയതോടെ മണ്ണില്‍ പുതഞ്ഞുകിടന്ന കുപ്പിച്ചില്ലും മറ്റും സന്നദ്ധ പ്രവര്‍ത്തകര്‍ ഏടുത്തുമാറ്റി. പ്ലാസ്റ്റിക്, ഗ്ലാസ്, ചെരുപ്പുപോലെയുളള അജൈവ മാലിന്യങ്ങള്‍ എന്നിവയെല്ലാം വേര്‍തിരിച്ച് ശേഖരിച്ചാണ് ശുചീകരണം നടത്തിയത്. വേര്‍തിരിച്ച് ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സൂക്ഷിക്കുകയും പിന്നീടിവ വൃത്തിയാക്കി സംസ്‌കരണപ്ലാന്റുകളിലേക്കു നല്‍കുകയും ചെയ്യും. ശുചീകരണത്തിനിറങ്ങുന്നതിനു മുമ്പായി പ്രവര്‍ത്തകര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്നു വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ടീം ചപ്പാത്ത് മേഖലയില്‍ ശുചീകരണം നടത്തി. കട്ടപ്പന ബ്ലോക്കിനു കീഴിലുളള എല്ലാ പഞ്ചായത്തുകളിലും വിവിധ ടീമുകളായി തിരിഞ്ഞ് ഓരോ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അഞ്ചുരുളിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, ജില്ലാ ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ബിഡിഒ ഷാഫി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്‍, ജില്ലാ പ്ലാനിങ് ഓഫിസ് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്‌പെക്ടര്‍ പി കെ കുര്യാക്കോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയിമോന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ബ്ലോക്ക് ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മെഗാ ക്ലീനിങില്‍ പങ്കാളികളായി. മഴയ്ക്കു ശമനമായതോടെ നിരവധി വിനോദ സഞ്ചാരികളാണ് ഇപ്പോള്‍ അഞ്ചുരുളിയിലേക്കെത്തുന്നത്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരുന്നതും ദുര്‍ഗന്ധവും സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ ശുചീകരണം നടത്തിയത്. അഞ്ചുരുളിയില്‍ കരയിലേക്കു കയറിയുള്ള വെള്ളക്കെട്ടിലുളള മാലിന്യങ്ങള്‍ വെളളംമിറങ്ങിയതിനു ശേഷം നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മെഗാ ക്ലീനിങ് കട്ടപ്പന ബ്ലോക്ക് ചാര്‍ജ് ഓഫിസറായ ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു.കട്ടപ്പന മുനിസിപ്പാലിറ്റിയി ല്‍ നഗരസഭയുടെയും വിവിധവകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അധ്യാപകരുടെ നേതൃത്വത്തില്‍ വെള്ളയാംകുടി കോളനി, പി ഡബ്ലുഡിയുടെ നേതൃത്വത്തില്‍ കുന്തളംപാറ മേഖല, ഫോറസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് അമ്പലക്കവല, എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വള്ളക്കടവ് എന്നിവിടങ്ങള്‍ ശുചീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss