|    Oct 23 Tue, 2018 9:24 pm
FLASH NEWS

വിനോദസഞ്ചാരികളെ പിഴിഞ്ഞ് ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളും

Published : 8th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയിലെത്തുന്ന സഞ്ചാരികള്‍ ഹോംസ്‌റ്റേ-റിസോര്‍ട്ട് ഉടമകളുടെ കടുത്ത ചൂഷണത്തിന് വിധേയരാവുന്നു. വാടക നിരക്ക് സംബന്ധിച്ച് ഏകീകരണമില്ലാത്തതും താമസസൗകര്യങ്ങളുടെ കുറവും മുതലെടുത്താണ് തോന്നുന്ന വാടക ഈടാക്കി ചൂഷണം തുടരുന്നത്. സമീപ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെട്രോനഗരങ്ങളിലേതിന് തുല്യമായ നിരക്കാണ് ജില്ലയില്‍ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും ഈടാക്കുന്നതെന്നാണ് ആക്ഷേപം. മൈസൂരു, ഊട്ടി, കുടക് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേതിനേക്കാള്‍ ഇരട്ടി നിരക്കാണ് ജില്ലയില്‍. താമസസൗകര്യത്തിന് ഭാരിച്ച തുക ഈടാക്കേണ്ടി വരുന്ന എന്ന കാരണം കൊണ്ടുതന്നെ സഞ്ചാരികള്‍ വയനാടന്‍ യാത്ര വണ്‍ഡേ ട്രിപ്പായി ചുരുക്കുകയാണെന്ന് ടൂര്‍ കോ-ഓഡിനേറ്ററായ അനൂപ് പറയുന്നു. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളും നഗരങ്ങളിലെ ലോഡ്ജുകളും വന്‍തുക വാടക വാങ്ങുന്നതില്‍ ഒട്ടും പിന്നിലല്ല. ജില്ലയിലെ റിസോര്‍ട്ടുകളിലെ അമിത വാടക വ്യക്തമാവാന്‍ ട്രാവല്‍ വെബ്‌സൈറ്റുകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതിയാവും. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മൈസൂരുവില്‍ പോലും വയനാട്ടിലേതിന്റെ പകുതി വാടകയേയുള്ളൂ. മൈസൂരുവില്‍ 700-800 രൂപയ്ക്ക് മോശമല്ലാത്ത താമസസൗകര്യം ലഭിക്കുമ്പോള്‍ കല്‍പ്പറ്റ നഗരത്തില്‍ മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കണമെങ്കില്‍ ഇതിന്റെ ഇരട്ടിയിലധികം നല്‍കണം. നേരത്തെ വൈത്തിരി, പടിഞ്ഞാറത്തറ, തിരുനെല്ലി ഏരിയകളിലെ റിസോര്‍ട്ടുകള്‍ വന്‍ തുക ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എല്ലാ പഞ്ചായത്തിലും ഉയര്‍ന്ന നിരക്കാണ്. വൈത്തിരിയിലും മഞ്ഞൂറയിലും തിരുനെല്ലിയിലുമൊക്കെയുള്ള റിസോര്‍ട്ടുകളില്‍ 15,000 രൂപയ്ക്ക് മുകളില്‍വരും ഒരു ദിവസത്തെ വാടക. റിസോര്‍ട്ട്, ഹോംസ്‌റ്റേ നടത്തിപ്പ് വഴി ജില്ലയ്ക്ക് സാമ്പത്തികമായി വലിയ മെച്ചമില്ലെന്നു മാത്രമല്ല, ഗുരുതരമായ പാരിസ്ഥിതികാഘാതം വരുത്തി പ്രവര്‍ത്തിക്കുന്ന നിരവധി റിസോര്‍ട്ടുകളുമുണ്ട്. വയനാട്ടിലെ വന്‍കിട റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമൊക്കെ ജില്ലയ്ക്ക് പുറത്തുള്ളവരുടെ ഉടമസ്ഥതയിലുള്ളതോ ലീസിന് നല്‍കിയതോ ആണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബംഗളൂരുവിലെ ഐടി മേഖലയില്‍ നിന്നടക്കം സഞ്ചാരികള്‍ ഒഴുകിയത്തെുമ്പോള്‍ വന്‍ വാടക കൊടുത്താലും ചിലപ്പോള്‍ താമസസൗകര്യം ലഭിക്കാതാവും. ഇതു മുതലെടുത്ത് അനധികൃത ഹോംസ്‌റ്റേകളും ജില്ലയില്‍ പെരുകുകയാണ്. മാസവാടകയ്ക്ക് കുടുംബങ്ങള്‍ക്ക് നല്‍കിയ ക്വാട്ടേഴ്‌സുകള്‍ അടക്കം ഒഴിപ്പിച്ചാണ് ഇത്തരം അനധികൃത ഹോംസ്‌റ്റേകള്‍ രൂപംകൊള്ളുന്നത്. ഇത്തരക്കാര്‍ക്ക് മാസത്തില്‍ നാലോ അഞ്ചോ ദിവസം വിനോദസഞ്ചാരികളെ കിട്ടിയാല്‍ മതി. ബോര്‍ഡ് വച്ച് പരസ്യമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ പഞ്ചായത്ത് ഓഫിസുകളുടെ കണ്‍മുന്നിലുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ല. ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് പ്രാഥമിക ലൈസന്‍സ് പോലും എടുക്കാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളുമുണ്ട്. പോലിസ് എന്‍ഒസി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, ലക്ഷ്വറി ടാക്‌സ് രജിസ്‌ട്രേഷന്‍, വാറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി അവശ്യം വേണ്ട രേഖകള്‍ പോലും വിവിധ സ്ഥാപനങ്ങള്‍ നേടിയിട്ടില്ല. സംസ്ഥാനത്ത് വ്യക്തമായ മാനദണ്ഡം ഇക്കാര്യത്തില്‍ ഇല്ലാത്തത് ഇത്തരക്കാര്‍ക്ക് തുണയാവുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss