|    Oct 22 Sun, 2017 12:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വനംവകുപ്പിന്റെ ആനപിടിത്തം

Published : 8th October 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തൃശൂര്‍: കേരളത്തിലെ ആനസംരക്ഷണകേന്ദ്രങ്ങള്‍ കാട്ടാനകളെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതായി റിപോര്‍ട്ട്. വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ ഊറ്റംകൊള്ളുമ്പോഴും വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാട്ടില്‍നിന്നു കുട്ടിയാനകളെ പിടികൂടുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം പറയുന്നു. ഇത്തരത്തില്‍ 12 ആനക്കുട്ടികളെയാണ് നിയമവിരുദ്ധമായി സംസ്ഥാനത്തെ വിവിധ ആനസംരക്ഷണകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കോന്നി ആനസംരക്ഷണകേന്ദ്രത്തില്‍ അഞ്ച് ആനക്കുട്ടികളെയാണ് കൂട്ടിലടച്ചിരിക്കുന്നത്. കോട്ടൂര്‍ കേന്ദ്രത്തില്‍ മൂന്നും കോടനാടും കരുളായിയിലും രണ്ടുവീതവും ആനക്കുട്ടികളെ കയറില്‍ ബന്ധിച്ച് കൂട്ടിലടച്ചിട്ടുണ്ട്. കേരളത്തില്‍ എല്ലാവര്‍ഷവും ശരാശരി മൂന്ന് ആനക്കുട്ടികളെ കാട്ടില്‍നിന്നു പിടികൂടുന്നതായാണു കണക്ക്. കര്‍ണാടക, തമിഴ്‌നാട് വനംവകുപ്പുകള്‍ ആനക്കുട്ടികളെ പിടികൂടുന്നതിനെ ശക്തമായി എതിര്‍ക്കുമ്പോഴാണ് കേരള വനംവകുപ്പ് ടൂറിസം വികസനത്തിന്റെ പേരില്‍ നിയമവിരുദ്ധമായി ആനക്കുട്ടികളെ പിടികൂടുന്നത്.
വര്‍ഷക്കാലങ്ങളില്‍ കാട്ടിനുള്ളിലും അതിര്‍ത്തിഗ്രാമങ്ങളിലും അപകടങ്ങളില്‍പെടുന്ന ആനക്കുട്ടികളെ സംരക്ഷണത്തിന്റെ പേരുപറഞ്ഞാണ് വനംവകുപ്പ് ആനസംരക്ഷണകേന്ദ്രങ്ങളിലെത്തിക്കുന്നത്. എന്നാ ല്‍, ഇത്തരത്തില്‍ ഒറ്റപ്പെടുന്ന ആനക്കുട്ടികളെ കര്‍ണാടക, തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്കു തന്നെ വിടുകയാണ് ചെയ്യുന്നത്. ആനകള്‍ കൂട്ടമായി കടന്നുപോവുന്ന ആനത്താരകളില്‍ ഇത്തരം ആനക്കുട്ടികളെ കൊണ്ടുപോയി വിട്ടാല്‍ മറ്റ് ആനകള്‍ ഇവയെ സംരക്ഷിക്കുമെന്ന് വെങ്കിടാചലം പറയുന്നു.
വനംവകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ നാല് ആനസംരക്ഷണകേന്ദ്രങ്ങളില്‍ കുട്ടികളടക്കം 26 ആനകളെയാണ് ഉടമസ്ഥാ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെ പാര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് കേരള വനംവകുപ്പ് കാട്ടാനകളെ പിടികൂടിയിരിക്കുന്നതെന്ന് വിവരാവകാശ രേഖകളും തെളിയിക്കുന്നു.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തി ല്‍ ആനകളെ പിടികൂടുന്നത് വേട്ടയാടുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. മാത്രമല്ല, കേരള വനംവകുപ്പ് പ്രൊജക്ട് എലിഫന്റ് നിയമങ്ങളെ പാടെ ലംഘിച്ചുകൊണ്ട് ആനകളെ ചങ്ങലയ്ക്കിട്ടാണ് ഈ കേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്നത്.
പ്രൊജക്ട് എലിഫന്റ് നിര്‍ദേശപ്രകാരം സംരക്ഷിക്കപ്പെടുന്ന ആനകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം സംസ്ഥാന വനംവകുപ്പുകള്‍ ഒരുക്കിക്കൊടുക്കണം. വൃത്തിയില്ലാത്ത സാഹചര്യംമൂലം നാലു സംരക്ഷണ കേന്ദ്രങ്ങളിലും ആനകള്‍ക്ക് പലതരത്തിലുള്ള രോഗങ്ങള്‍ പിടിപെടുന്നതായും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പിടികൂടപ്പെടുന്ന വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് അതത് ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ സുപ്രിംകോടതി നിയമിച്ച കമ്മിറ്റികള്‍ 2016 മാര്‍ച്ചിനു ശേഷം യോഗംപോലും ചേര്‍ന്നിട്ടില്ല. എട്ടു മാസമായി യോഗം ചേര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും മറുപടി നല്‍കി.
ലക്ഷങ്ങള്‍ ചെലവഴിച്ച് വാരാഘോഷം നടത്തുമ്പോഴും വന്യജീവികളുടെ സംരക്ഷണകാര്യത്തില്‍ വനംവകുപ്പിനും സര്‍ക്കാരിനും തികഞ്ഞ അനാസ്ഥയാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നതെന്ന് വെങ്കിടാചലം കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക