|    Jan 17 Tue, 2017 2:37 pm
FLASH NEWS

വിനോദസഞ്ചാരത്തിനു മാറ്റേകാന്‍ മാജിക്-സര്‍ക്കസ് ടൂറിസം പദ്ധതി

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് പുതിയ മാനം നല്‍കി മാജിക് പ്ലാനറ്റില്‍ മാജിക്-സര്‍ക്കസ് ടൂറിസം പദ്ധതിക്ക് തുടക്കമാവുന്നു. ലോകത്തെ ആദ്യ മാന്ത്രികക്കൊട്ടാരമായ മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൂറിസംരംഗത്തിന് നാഴികക്കല്ലാവുന്ന മാജിക്-സര്‍ക്കസ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്.
നാളെ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പദ്ധതി പ്രഖ്യാപിക്കും. ചടങ്ങില്‍ മാജിക് പ്ലാനറ്റിന്റെ അടുത്ത ഒരു വര്‍ഷത്തെ സാമൂഹികപ്രതിബദ്ധ കര്‍മപദ്ധതികളുടെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ലോക മാന്ത്രികദിനമായ ഒക്‌ടോബര്‍ 31 വരെ മാജിക് പ്ലാനറ്റില്‍ വിവിധ സാമൂഹികപ്രതിബദ്ധ കര്‍മപദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ദ്രജാലവും സര്‍ക്കസും ഇടകലര്‍ത്തിയുള്ള സര്‍ക്കസ് കാസില്‍ എന്ന നൂതന ആവിഷ്‌കാരം, അന്ധവിശ്വാസം, ലഹരിവസ്തുക്കള്‍ എന്നിവയ്‌ക്കെതിരേ ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍, കുട്ടികളില്‍ ശാസ്ത്ര-ഗണിതശാസ്ത്ര ബോധം വളര്‍ത്തുന്നതിനുള്ള പ്രത്യേക ജാലവിദ്യാ പരിശീലനം, സ്ത്രീ സുരക്ഷ, പ്ലാസ്റ്റിക് വിമുക്ത പ്ലാനറ്റ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങി നിരവധി പരിപാടികള്‍ മാജിക് പ്ലാനറ്റ് ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതില്‍ ഏറ്റവും ശ്രദ്ധേയവും ആദ്യത്തേതുമാണ് സര്‍ക്കസ് കാസില്‍. രോഗപീഡകളാലും വേദികള്‍ നഷ്ടപ്പെട്ടും കൊടിയ ജീവിതദുരിതത്തിന്റെ കാണാക്കയത്തിലകപ്പെട്ട കലാകരന്‍മാരെ കരകയറ്റാനാണ് ഇത്തരമൊരു നവ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കേരള സര്‍ക്കസിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമാണ് മാജിക് പ്ലാനറ്റിലെ സര്‍ക്കസ് കാസില്‍.
മാജിക്കിന്റെ സഹോദരകല കൂടിയായ സര്‍ക്കസിന് സ്ഥിരം വേദിയൊരുക്കുന്നതിലൂടെ സര്‍ക്കസ് എന്ന കലയെ വളര്‍ത്താനും പ്രചാരം നല്‍കാനും യത്‌നിച്ച ജെമിനി ശങ്കരന്‍, ചന്ദ്രന്‍ കോടിയേരി, സാവിത്രി, സര്‍ക്കസ് കലയുടെ പിന്നാമ്പുറവും ദുരിതവും ദുഃഖവും തൂലികയിലൂടെ പ്രതിഫലിപ്പിച്ച ശ്രീധരന്‍ ചമ്പാട് എന്നിവര്‍ക്കുള്ള ആദരവുകൂടിയാവുകയാണ്. സര്‍ക്കസ് കാസിലിന്റെ ഔപചാരിക ഉദ്ഘാടനം മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികദിനമായ 31ന് നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക