|    Feb 28 Tue, 2017 9:09 am
FLASH NEWS

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പ്പറ്റ് നിരീക്ഷണസമിതി വരുന്നു

Published : 3rd November 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയും ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ കണ്‍വീനറുമാണ്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എംവി കുഞ്ഞിരാമനാണ് സമിതിയുടെ സെക്രട്ടറി.വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വനപാതകളിലും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് കര്‍ശനമായി തടയാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. എല്ലാ കേന്ദ്രങ്ങളിലും പ്രവേശന കവാടത്തില്‍ വാഹനങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കും. വാഹനങ്ങളില്‍  നിന്ന്  പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കും. പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അധികാരികളുടെ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടൂറിസം വകുപ്പിന് നിര്‍ദേശം നല്‍കി. അതിരപ്പിള്ളി, തമ്പൂര്‍മുഴി, പീച്ചി, വാഴാനി, സ്‌നേഹതീരം, വിലങ്ങന്‍കുന്ന്, പൂമല എന്നീ ഏഴ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലാണ് ഗ്രീന്‍ കാര്‍പ്പ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍,  എന്‍എസ്എസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും  സുസ്ഥിര പരിപാലനമാണ് പദ്ധതിയുടെ ലക്ഷ്യം.വനം, ഇറിഗേഷന്‍, ടൂറിസം എന്നീ വകുപ്പുകള്‍ സഹകരിച്ച് വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനം എന്നിവ ഒരുക്കും. പൊതുശുചിമുറികള്‍, അടിസ്ഥാന പാശ്ചാത്തല സൗകര്യം, നടപ്പാതകള്‍, ദിശാ സൂചികള്‍, ഉല്ലാസ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പരിശീലനം ലഭിച്ച രക്ഷാ പ്രവര്‍ത്തകരെ നിയോഗിക്കാം. സന്ദര്‍ശകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിന് അഭിപ്രായം നിക്ഷേപിക്കാനുള്ള പെട്ടി സ്ഥാപിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കണം.     വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സമിതിയില്‍ അംഗങ്ങളാണ്. എഡിഎം, ജില്ലാ പോലിസ് മേധാവി, ഡിഎംഒ(ഹെല്‍ത്ത്), ഫിനാന്‍സ് ഓഫിസര്‍ (കലക്ടറേറ്റ്), ഡിഎഫ്ഒ (തൃശൂര്‍), ബില്‍ഡിങ്‌സ്, റോഡ്‌സ്, മേജര്‍ ഇറിഗേഷന്‍ ഡിവിഷന്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ശുചിത്വ മിഷന്‍ ജില്ലാ ഓഫിസര്‍, കുടുംബശ്രീ, എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day