|    Feb 23 Fri, 2018 9:55 am
FLASH NEWS
Home   >  Sports  >  Football  >  

വിനീതിന്റെ ഇരട്ടഗോളില്‍ ഫെഡറേഷന്‍ കപ്പ് ബംഗളൂരുവിന്

Published : 22nd May 2017 | Posted By: ev sports

– ബംഗളൂരു എഫ്‌സി 2- മോഹന്‍ ബഗാന്‍ 0
– അധിക സമയത്ത് വിനീതിന് ഇരട്ടഗോള്‍

കട്ടക്ക്: തന്റെ ജോലി കാല്‍പന്ത് കളിക്കലാണെന്ന് സി കെ വിനീത് മൈതാനത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ ഫെഡറേഷന്‍ കപ്പ് ബംഗളൂരു സ്വന്തമാക്കി. ഫൈനല്‍ മല്‍സരത്തില്‍ കരുത്തന്മാരായ മോഹന്‍ ബഗാനെ ഏകപക്ഷീയമായ രണ്ട് ഗോളില്‍ പരാജയപ്പെടുത്തിയാണ് ബംഗളൂരു കപ്പുയര്‍ത്തിയത്. അനുവദിച്ച സമയത്ത് ഗോള്‍രഹിതമായി അവസാനിച്ച മല്‍സരത്തില്‍ അധികസമയത്ത് സി കെ വിനീത് നേടിയ ഇരട്ടഗോളിലാണ് ബംഗളൂരു കപ്പടിച്ചത്.
കട്ടക്കിലെ ബറാബലി സ്റ്റേഡിയത്തില്‍ അക്ഷരാര്‍ഥത്തില്‍ മുള്‍മുനയിലാണ് ഫെഡറേഷന്‍ കപ്പ് ഫൈനല്‍ അവസാനിച്ചത്. അനുവദിച്ച സമയത്ത് ഗോള്‍ നേടാനാവാതെ ഇരുകൂട്ടരും വിയര്‍ത്തതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. അരമണിക്കൂര്‍ എക്‌സ്ട്രാ ടൈം അനുവദിച്ച മല്‍സരത്തില്‍ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീത് 107, 119 മിനിറ്റുകളിലാണ് വല ചലിപ്പിച്ചത്. 4-4-2 ഫോര്‍മാറ്റില്‍ ആല്‍െബര്‍ട്ട് റോക്ക ബംഗളുരുവിനെ വിന്യസിച്ചപ്പോള്‍ അതേ ഫോര്‍മാറ്റില്‍ തന്നെ സഞ്ജയ് സെന്‍ ബഗാനെയും കളത്തില്‍ നിര്‍ത്തി. സന്ദേശ് ജിംഗന്റെ കളി മികവില്‍ ആദ്യപകുതിയില്‍ ബംഗളൂരുവിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, ആദ്യപകുതിയില്‍ ഇരുകൂട്ടരുടെയും ഒരുപിടി അവസരങ്ങള്‍ പുറത്തേക്കായിരുന്നു പാഞ്ഞത്. രണ്ടാംപകുതിയുടെ തുടക്കത്തിലും ബംഗളുരു ആക്രമണത്തോടെ മല്‍സരത്തില്‍ കൈയടക്കിയെങ്കിലും പിന്നീട് മോഹന്‍ ബഗാന്റെ കാലിലേക്ക് പന്ത് പാഞ്ഞു. ഇത്തവണയും ഗോള്‍ മാത്രം പിറന്നില്ല. അധികസമയത്ത് അപ്രതീക്ഷിത കൊടുങ്കാറ്റായി വിനീത് മാറിയപ്പോള്‍ പ്രഫഷണല്‍ മികവുണ്ടായിട്ടും ഐ ലീഗ് കിരീടം കൈവിട്ടുപോയ ആല്‍ബെര്‍ട്ട് റോക്കയ്ക്കും സംഘത്തിനും ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കാനായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss