എ എസ് അജിത് കുമാര്‍
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് വിനായകനു ലഭിച്ചത് കേരള സര്‍ക്കാര്‍ സിനിമാ അവാര്‍ഡ് ചരിത്രത്തിലെ ഒരു ചരിത്രമുഹൂര്ത്തമായാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. വിനായകന്റെ സിനിമാജീവിതത്തിലെ ഒരു പ്രധാന നേട്ടമായിരിക്കുന്നതുപോലെ മലയാള സിനിമയിലെ ദലിത് സാന്നിധ്യം കൂടുതല്‍ വ്യക്തമാക്കുന്ന ഒരു നേട്ടവുമാണിത്. കമ്മട്ടിപ്പാടം എന്ന സിനിമ ഇറങ്ങിയതു മുതല്‍ അതിലെ അഭിനയത്തിനു വിനായകനും മണികണ്ഠന് ആചാരിയും ചര്‍ച്ച ചെയ്യപ്പെടുകയും ജനപ്രിയരാവുകയും ചെയ്യുകയുണ്ടായി. അവാര്‍ഡ് ലഭിക്കുന്നതിനു മുമ്പുതന്നെ ‘വിനായകന് അവാര്‍ഡ് കിട്ടേണ്ടതാണ്’ എന്ന അഭിപ്രായ രൂപീകരണം ഫേസ്ബുക്കിലടക്കം ഉണ്ടായി. സിനിമാ പാരഡീസോ ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അവാര്‍ഡ് വിനായകനു പ്രഖ്യാപിക്കുകയും ചെയ്തു. വിനായകന്റെ അഭിനയം, സിനിമാ നടന് എന്ന വ്യക്തിത്വം എന്നിവയേക്കാളും ചിലപ്പോഴെങ്കിലും മലയാള സിനിമാ ശീലങ്ങള്‍, സിനിമാ വ്യവസായം എന്നിവയോടുള്ള പ്രതികരണമെന്ന നിലയിലാണ് വിനായകന് ഉയര്ത്തിക്കാട്ടപ്പെടുന്നതെന്നു സംശയം തോന്നും. മലയാള സിനിമയുടെ സമ്പ്രദായങ്ങളെ ഈ അംഗീകാരം കീഴ്മേല്‍ മറിക്കുമെന്നും മലയാള സിനിമ അടിമുടി മാറുമെന്നുമുള്ള അമിത പ്രതീക്ഷ ചിലരെങ്കിലും പ്രകടിപ്പിക്കുന്നുണ്ട്. വിനായകനു കിട്ടിയ അംഗീകാരത്തെയും കഴിവിനെയും കുറച്ചു കാണിക്കാതെ ഈ അവാര്‍ഡുമായി ബന്ധപ്പെട്ട വിവിധ മാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട് എന്നു കരുതുന്നു. സര്‍ക്കാര്‍ അവാര്‍ഡുകളാണ് സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡും എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമയും അവാര്‍ഡുമായി ബന്ധപ്പെട്ട ഭരണകൂട നയങ്ങള്‍, മാനദണ്ഡം എന്നിവ അനുസരിച്ചാണ് ഇവ നിര്‍ണയിക്കപ്പെടുന്നത്. സിനിമ പ്രദര്‍ശനത്തിന് എത്തുന്നതും നിര്‍മിക്കപ്പെടുന്നതും പല ഭരണകൂട നിയന്ത്രണങ്ങള്‍ക്കും അകത്താണെങ്കിലും ആസ്വാദനം ഈ നിയന്ത്രണങ്ങളുടെ അകത്തേക്കും പുറത്തേക്കുമൊക്കെ പോകുന്ന സങ്കീര്‍ണമായ ഇടപാടാണ്. സിനിമാ തിയേറ്ററിനു പുറത്തു ടിവി ചാനലുകളില്‍ സിനിമ കാണുന്നത്, വ്യാജ സിഡികളും ടോറന്റ് വഴി ഡൗണ്‍ലോഡ് ചെയ്തു കാണുന്നത് എന്നിങ്ങനെ പ്രേക്ഷകരുടെ ലോകം വളരെ വ്യത്യസ്തവും അതിരുകള്‍ക്കുള്ളില്‍ കൃത്യമായി നില്‍ക്കാത്ത ഒന്നുമാണ്. എന്നാല്‍, സര്‍ക്കാര്‍ അവാര്‍ഡുകള്‍ കലയുടെ കാര്യത്തിലെ സര്‍ക്കാര്‍ രക്ഷാധികാരത്തിന്റെ ഭാഗമായ ഒന്നാണ്. സെന്‍സര്‍ഷിപ് പോലെത്തന്നെ സിനിമയെ നിര്‍ണയിക്കുന്ന ഒരു സര്‍ക്കാര്‍ ഇടപാടു തന്നെയാണ് അവാര്‍ഡും. സിനിമയിലെ പല ശീലങ്ങളെയും ഉണ്ടാക്കിയെടുക്കുന്നതിലും ഉറപ്പിക്കുന്നതിലും അവാര്‍ഡുകള്‍ക്കും പങ്കുണ്ട്. ആര്‍ട്ട് സിനിമ, കമേഴ്സ്യല്‍ സിനിമ എന്ന വിഭജനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ സാധൂകരിക്കുന്നതില്‍ ഇവയ്ക്കുള്ള പങ്കു വലുതാണ്. ആര്‍ട്ട് സിനിമകള്‍ എന്നു വിളിക്കപ്പെടുന്നവ അവാര്‍ഡ് പടങ്ങള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത് ജനപ്രിയ സിനിമയോടുള്ള ഈ സിനിമാ വക്താക്കളുടെയും അവാര്‍ഡുകളുടെയും സമീപനം കൊണ്ടാവണം. അവാര്‍ഡുകള്‍ പലപ്പോഴും ജനപ്രിയ സിനിമാ സംസ്കാരത്തില്‍ നിന്നു മാറിനില്‍ക്കുന്നുവെന്ന ഒരു പ്രശ്നം പരിഹരിക്കാനാവണം ‘കലാമൂല്യമുള്ള ജനപ്രീതി നേടിയ ചിത്രം’ എന്ന അവാര്‍ഡ് കടന്നുവരുന്നത്. ആ നിലയ്ക്ക് അവാര്‍ഡുകള്‍ അത്രയൊന്നും ജനപ്രിയ സിനിമാ പ്രേക്ഷകരുടെ ഇടയില്‍ ഒരു പ്രധാന സംഭവമായിരുന്നില്ല. താരങ്ങളെ അംഗീകരിക്കുന്നതില്‍ സിനിമാ പ്രേക്ഷകര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഫാന്സുകള് സിനിമയുടെ രംഗത്ത് കര്‍തൃത്വമുള്ള ഒരു പ്രധാന ഘടകമായി അംഗീകരിക്കുന്നവര്‍ കുറവാണ്. സര്‍ക്കാര്‍ അവാര്‍ഡുകള്‍ യോഗ്യതയ്ക്കുള്ള യഥാര്‍ഥ അംഗീകാരമായി വ്യാപകമായി കാണപ്പെട്ടിട്ടുണ്ടാവില്ല. മിക്ക സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷവും ഉണ്ടാവുന്ന വിവാദങ്ങള്‍ സര്‍ക്കാര്‍ അവാര്‍ഡുകളുടെ വിശ്വാസ്യതയെ ഉലച്ചിട്ടുണ്ട്. പല താല്പര്യങ്ങളുമാണ് അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നതെന്ന കാര്യവും ജൂറിയുടെ മേലുള്ള സമ്മര്‍ദങ്ങളും അട്ടിമറികളും ഒക്കെ പൊതുചര്ച്ചയാവുന്നു. എല്ലാ വര്‍ഷങ്ങളിലും അവാര്‍ഡുകളുടെ ഈ പ്രശ്നങ്ങളെ രൂക്ഷമായി എല്ലാവരും വിമര്‍ശിക്കാറുണ്ട്. മലയാള സിനിമാ വ്യവസായത്തെക്കുറിച്ചും മലയാള സിനിമയുടെ തന്നെയും ജാതി-മത മാനങ്ങള്‍ എല്ലാം ചര്‍ച്ചയ്ക്കു വരും. കലാഭവന്‍ മണിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നവര്‍ തന്നെ വിനായകനും മണികണ്ഠനും വിധു വിന്‍സെന്റിനും അവാര്‍ഡ് ലഭിക്കുന്നതിലൂടെ സര്‍ക്കാര്‍ അവാര്‍ഡ് അര്‍ഹതയ്ക്ക് കിട്ടുന്ന ഒരു അവാര്‍ഡായി, യഥാര്‍ഥ അംഗീകാരമായി കാണുന്നുണ്ട് എന്നു തോന്നുന്നു. ഒരൊറ്റ നിമിഷം കൊണ്ട് വിമര്‍ശനങ്ങള്‍ അപ്രത്യക്ഷമാവുകയായിരുന്നോ? മറ്റൊരു കാര്യം ആലോചിക്കേണ്ടതുണ്ട്: പെട്ടെന്ന് മലയാള സിനിമയില്‍ ജാതി ഒരു പ്രധാന പ്രമേയമാവുകയും ദലിതരുടെ പെട്ടെന്നുള്ള ദൃശ്യതയുണ്ടാവുകയും ചെയ്യുന്നത് ഒരു മുന്നേറ്റമായാണോ കാണേണ്ടത്? ദലിതരുടെ ദുരിതജീവിതവും പരുക്കന്‍ ജീവിതവും ഒക്കെ റിയലിസം എന്ന പേരില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു ലിബറല്‍ ബോധം പരിശോധിക്കപ്പെടേണ്ടതല്ലേ? വിനായകന് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷിക്കുന്നവരും അതു ന്യായമല്ല എന്നു വാദിക്കുന്നവരും ഒരേപോലെ ചില ആശങ്കകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. മലയാള സിനിമയിലെ ദലിതരുടെ ദൃശ്യതയും ദലിതര്‍ക്കുള്ള അംഗീകാരവും എന്ന നിലയില്‍ കാണണോ, അതോ കമ്മട്ടിപ്പാടത്തിലെ അഭിനയമികവിനു കിട്ടുന്ന അര്‍ഹതയ്ക്കുള്ള അംഗീകാരമായി കാണണോ? അതോ ഇവ രണ്ടും കൂടി ചേരുന്ന ഒന്നായി കാണണോ? ഈ ചര്‍ച്ചകള്‍ മലയാള സിനിമയിലെ ഒരു പ്രധാന ഘടകമായ ജാതിയെ കൂടുതല്‍ സജീവമായി ചര്‍ച്ചയില്‍ കൊണ്ടുവന്നു. വിനായകന് തന്നെ സിനിമാ മേഖലയിലെ ജാതിയെക്കുറിച്ച് പറയുകയും പുലയന് എന്ന ജാതിസ്വത്വം എടുത്തുപറയുകയും ചെയ്തു. ഈ അസമയത്ത് ആലോചിക്കേണ്ട ഒന്ന്, വിനായകനെ പിന്തുണയ്ക്കുന്നവരില്‍ തന്നെ കാണുന്ന ചില പ്രവണതകളാണ്. 18 വര്‍ഷത്തോളം ഈ മേഖലയില്‍ ചെറുത്തുനിന്ന് ഈയൊരു അവസ്ഥയില്‍ എത്തുമ്പോഴും സിനിമാ നടന് എന്ന നിലയില്‍ കാണാതെ സിനിമയ്ക്കു പുറത്ത് അദ്ദേഹത്തെ അന്വേഷിക്കാനാണ് ചിലര്‍ നോക്കുന്നത്. കലാഭവന്‍ മണിയെ പോലെത്തന്നെ സംഗീതം, നൃത്തം, സാമുദായികത എന്നിവയെ ബോധപൂര്‍വം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ വിനായകനില്‍ ‘യഥാര്‍ഥ കമ്മട്ടിപ്പാടത്തെ യഥാര്‍ഥ മനുഷ്യന്’ എന്ന നിലയില്‍ കഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യനെ അന്വേഷിക്കാന്‍ ശ്രമിക്കുകയാണ്. ഒപ്പം ‘നമ്മുടെ രാഷ്ട്രീയം’ അദ്ദേഹം എത്രത്തോളം ടിവി അഭിമുഖങ്ങളില്‍ പറയുന്നു എന്ന് ഒരു ‘രക്ഷാധികാര നോട്ട’ത്തോടെ ശ്രദ്ധിക്കുകയാണ്; ശരിയായ രാഷ്ട്രീയം പറയാനുള്ള ഒരു ബാധ്യത അദ്ദേഹത്തിന് ഉള്ളതുപോലെ. ഉന്തിയ പല്ലും കറുപ്പു പൂശിയും ഇരുണ്ട ലൈറ്റിങ് വഴിയും കമ്മട്ടിപ്പാടം എന്ന സിനിമ ഉണ്ടാക്കിയെടുത്ത ‘യഥാര്‍ഥ ദലിത്’ എന്ന ഒരു ജാതീയമായ മാതൃകയിലേക്ക് എത്രത്തോളം വിനായകനെ ഉറപ്പിച്ചുനിര്‍ത്താം എന്നു മലയാളി പ്രേക്ഷകര്‍ ശ്രമിക്കുന്നു എന്നു തോന്നുന്നു. ഈ ദലിത് മാതൃകയ്ക്കു പുറത്ത്, ഗുണ്ടയും കോളനിക്കാരനും എന്ന വാര്‍പ്പുമാതൃകയ്ക്ക് പുറത്തു മലയാളത്തിലെ മറ്റ് അഭിനേതാക്കള്‍ക്കു ലഭിക്കുന്നതു പോലെയുള്ള സ്വാഭാവിക മനുഷ്യരുടെ വേഷങ്ങള്‍ വിനായകനു ലഭിക്കുമോ? അധ്യാപകന്, പോലിസ് ഓഫിസര്‍, ഐഎഎസ് ഉദ്യോഗസ്ഥന് എന്നീ വേഷങ്ങള്‍ കിട്ടുമോ? അതോ സമുദായമുദ്ര അദ്ദേഹത്തിന് അഭിനയ ജീവിതത്തില്‍ ഉടനീളം ഒരു ബാധ്യതയായി പേറേണ്ടിവരുമോ?