|    Aug 20 Sun, 2017 4:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിനായകന്റെ മരണം: ലോകായുക്ത അന്വേഷണം ആരംഭിച്ചു

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍/തിരുവനന്തപുരം:  പോലിസ് മര്‍ദനത്തെ തുടര്‍ന്ന് വിനായകന്‍ എന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കും വിനായകന്റെ സുഹൃത്ത് ശരത്തിനും ലോകായുക്ത സമന്‍സ് അയച്ചിട്ടുണ്ട്. അന്വേഷണ നടപടികളുടെ ഭാഗമായി പരാതിക്കാരില്‍ നിന്ന് പ്രാഥമിക വാദം കേട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍മാരായ ഡോ. ബലറാം, ഡോ. രാഖിന്‍ എന്നിവരോട് സാക്ഷികളായി ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിനായകന്റെ കൂടെ കസ്റ്റഡിയിലെടുത്ത ശരത്തിനോട് 24ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാടാനപ്പിള്ളി എസ്‌ഐയോട് കേസ് ഡയറിയും പാവറട്ടി എസ്‌ഐയോട് ജനറല്‍ ഡയറിയും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ അഭിഭാഷകനായ സുരേഷ്ബാബു മുഖേന നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അതേസമയം, വിനായകന്റെ കുടുംബത്തിനുള്ള ധന സഹായം ഉടന്‍ നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ പറഞ്ഞു. ധനസഹായ തുകയായ 4.12 ലക്ഷം രൂപ മൂന്ന് ദിവസത്തിനകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് വൈസ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.വിനായകന്റെ രക്ഷിതാക്കള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.  തുടര്‍ന്ന് കമ്മീഷന്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു. വിനായകന്റെ സുഹൃത്ത് ശരത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. എസ്പി എ വിജയരാഘവന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ക്രൂരമര്‍ദനത്തിന് ഇരയായെന്നും ബൂട്ടിട്ട് പോലിസുകാര്‍ ചവിട്ടിയെന്നും വിനായകന്‍ തന്നോട് പറഞ്ഞിരുന്നതായി ശരത് മൊഴി നല്‍കി. പോലിസ് സ്‌റ്റേഷനില്‍ വച്ച് വളരെ മോശമായി പെരുമാറിയത് വിനായകനെ മാനസികമായി തളര്‍ത്തിയെന്നും ശരത് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെയും പോലിസുകാരുടെയും എസ്‌ഐമാരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാവാന്‍ സാധ്യതയുണ്ട്. വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക