|    Jan 23 Mon, 2017 10:37 pm

വിധി സ്വാഗതം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്; സിംഗൂരില്‍ ആഘോഷം

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: ടാറ്റയുടെ നാനോ കാര്‍ നിര്‍മാണ ഫാക്ടറിക്ക് ഭുമി ഏറ്റെടുത്ത നടപടി സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെ പശ്ചിമബംഗാളിലെ സിംഗൂരില്‍ കര്‍ഷകര്‍ ആഘോഷവുമായി തെരുവിലിറങ്ങി. സുപ്രിംകോടതി വിധിക്കായി പ്രദേശവാസികള്‍ രാവിലെമുതല്‍ കാത്തിരിക്കുകയായിരുന്നു. കോടതി ഉത്തരവ് ടിവി സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ആഘോഷം അണപൊട്ടി. വീടുകളില്‍നിന്നു വെളിയിലേക്കിറങ്ങിയ ജനക്കൂട്ടം തെരുവുകളില്‍ ആനന്ദനൃത്തം ചവിട്ടി. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങളും പരസ്പരം ആശംസകള്‍ കൈമാറിയും മധുരം വിതരണം ചെയ്തുമാണ് ചരിത്ര വിധിയെ ആഘോഷമാക്കിയത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പോസ്റ്ററുകളുമേന്തി തെരുവിലിറങ്ങിയ ജനങ്ങള്‍ മമത വിജയിക്കട്ടെ, നിങ്ങളെ ഒരിക്കലും മറക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് നന്ദിയും കടപ്പാടും അറിയിച്ചത്.
ഈ വിജയം ദീദി കാരണമാണ്. ആഹ്ലാദ നിമിഷമാണിത്. ദീദിയുടെ സ്ഥിരോല്‍സാഹവും അവരിലുള്ള തങ്ങളുടെ വിശ്വാസവും അന്തിമമായി വിജയിച്ചിരിക്കുന്നു. 26 ദിവസം നീണ്ട നിരാഹാരസത്യഗ്രഹമുള്‍പ്പെടെ മമത നടത്തിയ അചഞ്ചലമായ പോരാട്ടത്തിനുള്ള നന്ദി അറിയിക്കാനുള്ള അവസരമാണിത്. റാലിയില്‍ പങ്കെടുത്ത കര്‍ഷകന്‍ വിളിച്ചു പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധം അവഗണിച്ച് 2006ലാണ് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുത്തത്.
അന്നു പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കലിന് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഉടനീളം നടത്തിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മമതാ ബാനര്‍ജി ടാറ്റയില്‍ നിന്നും ഭൂമി തിരിച്ചുപിടിക്കാന്‍ 2011ല്‍ പുതിയ നിയമം പാസാക്കി. കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്ക് മടക്കി നല്‍കണമെന്നതായിരുന്നു മമതാ ബാനര്‍ജി മുഖ്യമന്ത്രിയായ ശേഷമുളള ആദ്യമന്ത്രിസഭാ യോഗത്തിന്റെ തീരുമാനവും. എന്നാല്‍, ഭൂമി ഏറ്റെടുത്ത നടപടി കല്‍ക്കത്ത ഹൈക്കോടതി ശരിവച്ചു. ഇതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കോടതി വിധിയെ ചരിത്രസംഭവമെന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. പത്തുവര്‍ഷമായി ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മമത കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭുമി ഏറ്റെടുക്കലുമായി മുന്നോട്ട് പോവുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണ്തുറപ്പിക്കുന്നതാണ് വിധിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നു ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക