|    Apr 24 Tue, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിധിയെഴുതി: പോളിങ് 74.12 %

Published : 17th May 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷത്തേക്ക് കേരളം ആരു ഭരിക്കണമെന്നു ജനം വിധിയെഴുതി. ശക്തമായ മഴയെ അവഗണിച്ചും സംസ്ഥാനത്ത് കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്തെ പോളിങ് 74.12 ശതമാനമാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ 75.12 ശതമാനമായിരുന്നു പോളിങ്.
അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിങ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മാത്രമേ വ്യക്തമായ കണക്കുകള്‍ ലഭ്യമാവുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലെ കണക്കുപ്രകാരം 81.76 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 65.87 ശതമാനം പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണു കുറവ്.
മറ്റു ജില്ലകളിലെ പോളിങ് ശതമാനം ചുവടെ; ബ്രാക്കറ്റില്‍ 2011ലെ പോളിങ് ശതമാനം: തിരുവനന്തപുരം- 69.97 (68.2), കൊല്ലം- 71.79 (72.8), പത്തനംതിട്ട- 65.87 (68.2), ആലപ്പുഴ- 76.65 (79.1), കോട്ടയം- 73.97 (73.8), ഇടുക്കി- 74.76 (71.1), എറണാകുളം- 74.43 (77.6), തൃശൂര്‍- 74.46 (74.9), പാലക്കാട്- 79.11 (75.6), മലപ്പുറം- 71.32 (74.2), കോഴിക്കോട്- 76.29 (81.3), വയനാട്- 73.5 (73.8), കണ്ണൂര്‍- 81.76 (80.7), കാസര്‍കോട്- 73.81 (76.3).
1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 80.54 ശതമാനത്തിനുശേഷം 2011ലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം ഉണ്ടായത്. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനവും കഴിഞ്ഞവര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 77.76 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോളിങ് നില. 11 ജില്ലകളില്‍ 70 ശതമാനത്തിനു മുകളിലാണ് പോളിങ്. ഇതില്‍ കൂടുതലും വടക്കന്‍ ജില്ലകളാണ്.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു പോളിങ്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ കനത്ത പോളിങായിരുന്നു രേഖപ്പെടുത്തിയത്. രാവിലെ പോളിങ് തുടങ്ങിയപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും മന്ദഗതിയിലായിരുന്നു വോട്ടെടുപ്പ്. കനത്ത മഴയാണ് ഈ മേഖലകളിലെ വോട്ടെടുപ്പ് ഇഴയാന്‍ കാരണം. വൈകീട്ടും ചിലയിടങ്ങളില്‍ മഴപെയ്തു. ആറുമണിവരെ ക്യൂവിലെത്തിയവര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കിയിരുന്നു.
പോളിങ്‌സമയം അവസാനിച്ച ശേഷവും പല ബൂത്തുകള്‍ക്കു മുന്നിലും നീണ്ടനിരയാണു ദൃശ്യമായത്. പ്രമുഖരെല്ലാം രാവിലെമുതല്‍ വോട്ടുരേഖപ്പെടുത്താനെത്തി. ത്രികോണമല്‍സരങ്ങള്‍ നടന്ന മണ്ഡലങ്ങളില്‍ ശക്തമായ പോളിങാണ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മല്‍സരിച്ച കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മല്‍സരിച്ച മലമ്പുഴയിലും കനത്ത പോളിങ് രേഖപ്പെടുത്തി. രാവിലെയും വൈകീട്ടുമായാണു തെക്കന്‍ ജില്ലകളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെയെത്തിയത്.
രാവിലെ 10 മണിയായപ്പോള്‍ 15 ശതമാനമായിരുന്നു പോളിങ്. 11മണിയായപ്പോള്‍ ഇത് 25ലേക്കു കടന്നു. വടക്കന്‍ ജില്ലകളിലെ കനത്ത പോളിങാണു ശതമാനം പെട്ടെന്ന് ഉയര്‍ത്തിയത്. വോട്ടെടുപ്പ് ആരംഭിച്ച് ഏഴുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 45 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
രണ്ടുമണിക്കും തിരുവനന്തപുരത്തും ഇടുക്കിയിലുമായിരുന്നു ഏറ്റവും കുറവ് പോളിങ്. വൈകീട്ട് മൂന്നുമണിയായപ്പോഴാണു പോളിങ് 50 ശതമാനത്തിലെത്തിയത്. സംസ്ഥാനത്തെ പകുതിപേര്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ കാസര്‍ക്കോട്ടായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ്- 61 ശതമാനം. കുറവ് തിരുവനന്തപുരത്തും- 50.9 ശതമാനം. വോട്ടിങ് അവസാനിക്കുന്നതിനു തൊട്ടുമുമ്പുള്ള മണിക്കൂറിലാണ് പോളിങ് കുത്തനെ കൂടിയത്.
വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. കേന്ദ്രസേനയുടെ ശക്തമായ കാവലുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ കള്ളവോട്ടിനും ശ്രമമുണ്ടായി. ചില ജില്ലകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയത് അല്‍പ്പസമയത്തേക്ക് പോളിങ് തടസ്സപ്പെടുത്തി. അധികമായി തയ്യാറാക്കിയിരുന്ന മെഷീനുകള്‍ പകരം നല്‍കിയാണു പ്രശ്‌നം പരിഹരിച്ചത്. കാസര്‍കോട് ജില്ലയിലേതുള്‍പ്പെടെ ചില ബൂത്തുകളില്‍ വെളിച്ചക്കുറവും വോട്ടെടുപ്പ് വൈകാനിടയാക്കി.
14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുണ്ടായിരുന്നത്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ആര്‍ക്കൊപ്പമെന്നു വ്യാഴാഴ്ച അറിയാം. 19ന് രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss