|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിധിയുടെ അടിസ്ഥാനത്തില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടതില്ലേയെന്ന് ഹൈക്കോടതി

Published : 24th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടതില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വ്രതമെടുത്ത് കാത്തിരുന്നിട്ടും അക്രമംമൂലം മല ചവിട്ടാന്‍ ആവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജീഷ്, വി ബി ധന്യ, എം സൂര്യ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ഇതുവരെ ഒരുക്കിയ സൗകര്യങ്ങളും സുരക്ഷയും സംബന്ധിച്ച കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി.
കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സുപ്രിംകോടതി വിധിക്ക് ശേഷം മലചവിട്ടാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ എന്നു പറഞ്ഞെത്തിയവര്‍ തടഞ്ഞുവെന്നു ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. വീടുകള്‍ ആക്രമിക്കപ്പെട്ടു. വ്രതമെടുത്തിരിക്കുമ്പോള്‍ പോലും ആക്രമിക്കപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വ്രതമെടുത്തവര്‍ ആക്രമിക്കപ്പെട്ടോയെന്ന് കോടതി ചോദിച്ചു. ആക്രമണമുണ്ടായെന്ന് ഹരജിക്കാര്‍ മറുപടി നല്‍കി. പോലിസില്‍ പരാതി നല്‍കിയിട്ടും വേണ്ട സംരക്ഷണം ലഭിക്കുന്നില്ല. ശബരിമലയില്‍ പോവാന്‍ പോലിസ് സംരക്ഷണം മാത്രം പോര. തീര്‍ത്ഥാടനം നല്ലരീതിയില്‍ നടക്കാന്‍ രണ്ടുദിവസം സ്ത്രീകള്‍ക്കു മാത്രമായി നല്‍കുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നല്‍കുമ്പോള്‍ ക്ഷേത്രപരിസരത്തു നിന്നും സമീപത്തെ ടൗണുകളില്‍ നിന്നും ക്രിമിനലുകളെ മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്ത് അടിസ്ഥാന സൗകര്യവും സുരക്ഷയുമാണ് പുതിയ വിഭാഗം ഭക്തര്‍ക്ക് ഒരുക്കിയിരിക്കുന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. പ്രളയംമൂലം അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചെങ്കിലും കുളിമുറി പോലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. പുതിയ വിഭാഗം ഭക്തര്‍ക്ക് പ്രത്യേക ക്യൂ, സമയം എന്നിവ വേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കാന്‍ കാലതാമസം തേടി സുപ്രിംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. സുപ്രിംകോടതി വിധി അന്തിമമായാല്‍ പിന്നെ സൗകര്യം ഒരുക്കേണ്ടിവരില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.
സ്ത്രീകള്‍ക്ക് മാത്രം പ്രത്യേകമായി രണ്ടുദിവസം വേണമെന്ന നിവേദനത്തിലെ ആവശ്യം പരിശോധിക്കാമെന്ന് സ ര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിയെ അറിയിച്ചു. സ്ത്രീകള്‍ ശബരിമലയില്‍ വരുമ്പോള്‍ പുരുഷ ഭക്തന്‍മാരുടെ വ്രതം മുടങ്ങുമെന്ന് ചിലര്‍ വാദമുന്നയിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സമയം നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്‍മാരെ മൊത്തത്തില്‍ ഒഴിവാക്കി വേണോ സ്ത്രീകളെ ഒഴിവാക്കുന്നു എന്ന പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് കോടതി ചോദിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും സുരക്ഷയും ഒരുക്കുകയല്ലേ വേണ്ടത്. അവരെ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടാനാവില്ല. വിവിധ കക്ഷികള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് ദൈവത്തെ വലിച്ചിഴയ്ക്കരുത്. എല്ലാവരും ശാന്തരാവണം. ഒരുകൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായ അവകാശം നടപ്പാവുമ്പോള്‍ മറ്റൊരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. രണ്ടു മൗലികാവകാശങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ ഐക്യത്തിന്റെ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. അവകാശങ്ങള്‍ പരസ്പരധാരണയോടെ നിലനില്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സ്റ്റേറ്റ് അറ്റോര്‍ണിയും വ്യക്തമാക്കി. തുടര്‍ന്നാണ് സുപ്രിംകോടതി വിധിക്കു ശേഷം കൊണ്ടുവന്ന സൗകര്യങ്ങളും സുരക്ഷയും സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കിയത്.
എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ ഇടപെടരുതെന്നും റിപോര്‍ട്ടിങിന് എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോടതി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss