|    May 24 Wed, 2017 3:26 pm
FLASH NEWS

വിധികര്‍ത്താക്കളുടെ വിവേചനം; ലോകറെക്കോഡുകാരനായ ഇറാന്‍ താരത്തെ പുറത്താക്കി

Published : 19th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ജൂറി അംഗങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റത്തെത്തുടര്‍ന്ന് ഇറാന്റെ മുന്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നിലവിലെ ലോക റെക്കോഡുകാരനുമായ താരം പുറത്തായി.
പുരുഷന്‍മാരുടെ 105 കിലോഗ്രാം വിഭാഗത്തില്‍ ഇറാന്‍ ഹെര്‍ക്കുലീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബെഹ്ദാദ് സാലിമിയെയാണ് ജൂറി അംഗങ്ങള്‍ ചതിച്ചു പുറത്താക്കിയെന്ന ആരോപണമുയര്‍ന്നിട്ടുള്ളത്. തുടര്‍ന്നു വിധികര്‍ത്താക്കള്‍ക്കെതിരേ താരവും ഇറാന്‍ കോച്ചും കാണികളും രംഗത്തെത്തിയതോടെ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു.
245 കിലോഗ്രാം ഉയര്‍ത്താനുള്ള താരത്തിന്റെ രണ്ടാം ശ്രമത്തിനിടെയാണു റഫറിയുടെ വിവാദ തീരുമാനമെത്തിയത്. തലയ്ക്കു മീതെ ഭാരം ഉയര്‍ത്തിയപ്പോള്‍ ഇടതുകൈ നിവര്‍ന്നില്ലെന്നാരോപിച്ചായിരുന്നു റഫറി ഫൗള്‍ വിളിച്ചത്. തുടര്‍ന്നു മൂന്നാമത്തെ ശ്രമം പരാജയപ്പെടുകയും താരം മല്‍സരത്തില്‍ നിന്നു പുറത്താവുകയും ചെയ്തു. ഇതോടെ ജോര്‍ജിയയുടെ ലാഷ തലാകഡ്‌സെ സ്വര്‍ണവും അര്‍മേനിയയുടെ ജോര്‍ മിനസ്യാന്‍ വെള്ളിയും ജോര്‍ജിയയുടെ തന്നെ ഇറാഖ്‌ലി ടര്‍മെനിഡ്‌സെ വെങ്കലമെഡല്‍ ജേതാവുമായി.
തുടര്‍ന്നു പൊട്ടിക്കരഞ്ഞ് റിങില്‍ നിന്നു പുറത്തേക്കെത്തിയ സാലിമി വിധികര്‍ത്താക്കള്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്. ഇറാന്റെ ശത്രുക്കളായ വിധികര്‍ത്താക്കളാണു തന്നെ പുറത്താക്കിയതെന്നു താരം ആരോപിച്ചു. ഇറാന്‍ മുഖ്യ കോച്ച് സജ്ജാദ് അനൗഷിര്‍വാനിയും താരത്തിനെ പിന്തുണച്ചു രംഗത്തെത്തി. തുടര്‍ന്ന് മെഡല്‍ദാന ചടങ്ങില്‍ ഇറാന്‍ ആരാധകര്‍ ബഹളംവയ്ക്കുകയും ചെയ്തതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
ഇന്റര്‍നാഷനല്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്റെ ഇന്‍സ്റ്റാഗ്രാം പേജിലും ഇറാന്‍ ആരാധകര്‍ പിന്നീട് പ്രതിഷേധമറിയിച്ചു. താരത്തിന് അനുകൂലമായും ഫെഡറേഷന്റെ നടപടിയെ വിമര്‍ശിച്ചും 2,85,000 ഓളം ആരാധകരാണു പ്രതിഷേധം രേഖപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day