|    Apr 23 Mon, 2018 1:49 am
FLASH NEWS

വിധവകളെ ‘തനിയെ’ആക്കുന്നതാര്?

Published : 31st March 2016 | Posted By: swapna en

വി  റസൂല്‍ ഗഫൂര്‍

പ്രതികരണം

vidhava

നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്തിലെ വിധവകളെക്കുറിച്ച് തേജസ് ‘ആഴ്ചവട്ടം മാര്‍ച്ച് -6’ ലക്കത്തില്‍ വന്ന കവര്‍‌സ്റ്റോറി മുസ്‌ലിം സമുദായത്തിനു മുന്നില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ യഥാസമയം വിവാഹം നടക്കാത്തവരും പ്രായം കവിഞ്ഞിട്ടില്ലെങ്കില്‍ തന്നെയും സ്ത്രീധനം നല്‍കി വിവാഹം സാധിക്കാത്തവരുമായ പെണ്‍കുട്ടികളെ മൈസൂരിലേക്കും ഹൈദരാബാദിലേക്കും സേലത്തേക്കും കെട്ടിച്ചയക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചത് ആരാണ് എന്നതാണ് ഒന്നാമത്തെ ചോദ്യം.
സ്ത്രീധനം മുസ്‌ലിം സമൂഹത്തിന്റെ ശാപവും ഭാരവുമായി വളര്‍ന്നുകയറുന്ന കാഴ്ചയ്ക്കു മുന്നില്‍ നിഷ്‌ക്രിയരും നിശ്ശബ്ദരുമായി നോക്കിനിന്ന മതപണ്ഡിതന്മാര്‍ക്കും സമുദായത്തിന്റെ സംരക്ഷകരായി ഭാവിക്കുന്ന മതപ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. അജ്ഞാതവും വിദൂരവുമായ സ്ഥലങ്ങളിലേക്ക് പെണ്‍കുട്ടികളെ പറഞ്ഞയക്കേണ്ടി വരുന്ന മാതാപിതാക്കളുടെ ഉള്ളുരുക്കത്തിന്റെയും ദൗര്‍ഭാഗ്യവതികളായ പെണ്‍കുട്ടികളുടെ നിശ്ശബ്ദ വേദനയുടെയും യഥാര്‍ഥ ഉത്തരവാദികള്‍, സ്ത്രീധനത്തിനും വിവാഹാഡംബരങ്ങള്‍ക്കും ധൂര്‍ത്തിനും മുസ്‌ലിം വിവാഹവേദികളില്‍ വേരുറപ്പുണ്ടാക്കിക്കൊടുത്തവര്‍ തന്നെയാണ്.
പുരോഗമന നവോത്ഥാന പ്രസ്ഥാനങ്ങള്‍ തഴച്ചുവളര്‍ന്നിട്ടും ഇന്നും കേരളത്തിലെ മുസ്‌ലിം വൈവാഹിക മണ്ഡലത്തില്‍ മൂല്യാധിഷ്ഠിതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഇസ്‌ലാം അനുശാസിക്കുന്ന മഹര്‍ എന്ന വിവാഹമൂല്യമല്ലാതെ മറ്റൊരു സാമ്പത്തിക ഘടകവും കടന്നുവരാത്ത വിവാഹത്തെ കച്ചവടവും കൊയ്ത്തുമാക്കി മാറ്റുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മൈസൂര്‍-സേലം വിവാഹങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ബലിയാടുകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടിവരുന്ന തിരിച്ചടികളോ അവര്‍ അനാഥരായി ഒന്നോരണ്ടോ മക്കളുമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന ദുരനുഭവങ്ങളുടെ ആവര്‍ത്തനമോ പാഠമായിത്തീരുന്നില്ല.
ഇന്ത്യയിലെ വിധവകളുടെ ശരാശരി ശതമാനം പതിനൊന്നരയായിരുന്നു. ഇതില്‍ മുസ്‌ലിം വിധവകളുടെ ശതമാനക്കണക്ക് വളരെ കൂടുതലാണ്. മൈസൂര്‍, സേലം, ഹൈദരാബാദ് കല്യാണങ്ങളുടെ ഇരകളായി വീട്ടിലി         രിക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍ മുഴുവന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ് എന്നതു ദൗര്‍ഭാഗ്യകരമായ അനുഭവമാണ്. വിധവകളുടെയും ഭര്‍തൃരഹിതരുടെയും പിതാവില്ലാ ത്ത കുട്ടികളുടെയും സംരക്ഷണത്തിന് വ്യക്തമായ സംവിധാനവും വ്യവസ്ഥയും ഉള്ള        മതമായിരുന്നിട്ടും ഇസ്‌ലാമിന്റെ വക്താക്കളായ മുസ്‌ലിംകള്‍ക്കിടയിലെ വിധവകള്‍ ‘തനിയെ’ ആയിപ്പോകുന്നുവെങ്കില്‍ അതിനര്‍ഥം വിധവാ സംരക്ഷണത്തിന് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നില്ല എന്നുതന്നെയാണ്.
വിവാഹം ആര്‍ഭാടരഹിതവും ലളിതവുമാക്കി അതിന്റെ സാമ്പത്തികഭാരവും സങ്കീര്‍ണതകളും ലഘൂകരിക്കാന്‍ നിര്‍ദേശിച്ച ഇസ്‌ലാം വിധവകളെയും അനാഥകളെയും ജീവിതത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനും അവരെ പാര്‍ശ്വവല്‍ക്കരിച്ച് തനിയെ ആക്കാതിരിക്കാനും മുന്നോട്ടുവയ്ക്കുന്ന ഉപാധിയാണ് ബഹുഭാര്യത്വവും പുനര്‍വിവാഹവും. അനാഥ സംരക്ഷണത്തിനുള്ള ഏക ഉപാധിയും ഇതു തന്നെ. നിലവില്‍ ഭാര്യമാരുള്ള പുരുഷന്‍മാര്‍ തന്നെ കുട്ടികള്‍ ഉള്ളതോ ഇല്ലാത്തതോ ആയ വിധവകളെയും വിവാഹമോചിതരെയും വിവാഹം ചെയ്ത് അവര്‍ക്ക് കുടുംബജീവിതം സാധ്യമാക്കുമ്പോള്‍ സംഭവിക്കുന്നത് സമൂഹത്തില്‍ നിരാലംബരും നിരാശ്രയരുമായ സ്ത്രീകളുടെ സാന്നിധ്യം ഇല്ലാതാകുന്നു എന്നതാണ്.
അനാഥക്കുട്ടികള്‍ക്കും സാധാരണ കുട്ടികളെപ്പോലെ വീട്ടിലും കുടുംബത്തിലും ഒരു പിതാവിന്റെ സംരക്ഷണത്തിനു കീഴിലായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണ് അനാഥ സംരക്ഷണം കൊണ്ട് ഇസ്‌ലാം അര്‍ഥമാക്കിയത്. യതീംഖാനകളില്‍ വളര്‍ത്തപ്പെടുന്ന അനാഥകള്‍ക്കാവട്ടെ അവരുടെ           മാതാവിന്റെ പരിചരണം പോലും നിഷേധിക്കപ്പെടുന്നു. ഈ കുട്ടികള്‍ വളര്‍ന്നു വരുന്നതാവട്ടെ സമൂഹത്തോടും സമുദായത്തോടും പകയും ഈര്‍ഷ്യയും നെഞ്ചില്‍ കൊണ്ടുനടന്നായിരിക്കും. അതേസമയം അവര്‍ക്ക് ഒരു കുടുംബാന്തരീക്ഷത്തില്‍ വളരാന്‍ സാഹചര്യം ലഭിച്ചാല്‍ അവരും സനാഥരായ കുട്ടികളെപ്പോലെ സാധാരണ ജീവിതത്തിലേക്ക് വളര്‍ന്നുമുന്നേറും. ഇതു സാധ്യമാകണമെങ്കില്‍ വിധവകളെ പുനര്‍വിവാഹം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികള്‍ രംഗത്തിറങ്ങണം. അനാഥസംരക്ഷണത്തിന്റെ യഥാര്‍ഥരൂപവും ഇക്കാര്യത്തില്‍ ഇസ്‌ലാം മുന്നോട്ടുവച്ചിട്ടുള്ള ശരിയായ മാതൃകയും ഇതുതന്നെയാണ്.
ഒരു പുരുഷനു നാലു വരെ ഭാര്യമാര്‍ ആകാവുന്നതാണ് എന്ന ഇസ്‌ലാമിക നിര്‍ദേശം അനാഥ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. അനാഥകളുടെ സംരക്ഷണം മുന്‍നിര്‍ത്തി രണ്ടാമതും മൂന്നാമതും നാലാമതും വിവാഹിതരാവാനുള്ള നിര്‍ദേശം ഖുര്‍ആനില്‍ വളരെ സ്പഷ്ടമായി കാണാവുന്നതാണ്. ബഹുഭാര്യത്വത്തെ സാമൂഹിക സുരക്ഷയ്ക്കുള്ള ഒരുപാധിയായാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ബഹുഭാര്യത്വം പലതരത്തിലുള്ള ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നത് അതിന്റെ പ്രയോഗത്തില്‍ വന്ന പരിമിതികളും പോരായ്മകളും കാരണമായിട്ടാണ്.
പ്രവാചകന്റെയും പ്രവാചക ശിഷ്യരുടെയും ജീവിതമാതൃകകള്‍ പിന്തുടരുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ബഹുഭാര്യത്വമെന്നത് നാണത്തിനോ ലജ്ജയ്‌ക്കോ വഴിയൊരുക്കേണ്ട ഒരു വിഷയമല്ല. നാലു ഖലീഫമാരും പ്രവാചക ശിഷ്യരില്‍ കൂടുതല്‍ പേരും ബഹുഭാര്യത്വം പ്രയോഗത്തില്‍ വരുത്തിയവരായിരുന്നു. സ്വഹാബത്തിന്റെ കാലത്ത് വിധവകളോ അനാഥക്കുട്ടികളോ മുസ്‌ലിം സമുദായത്തില്‍ ഉണ്ടാകാതിരുന്നിട്ടും സ്ത്രീകള്‍ തനിയെ ആവാതിരുന്നതിനും കാരണം ബഹുഭാര്യത്വം തന്നെയാണ്.
സ്ത്രീശാക്തീകരണത്തിന്റെ ഭൗതികോപാധികളായ സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളോ സൊസൈറ്റി രൂപീകരണമോ തൊഴില്‍ പരിശീലനമോ ഒന്നും മുസ്‌ലിം വിധവകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാവുന്നില്ല. മുസ്‌ലിം സമൂഹത്തില്‍ അനാഥകളും വിധവകളും നിരാലംബരായ സന്തതികളും ഉണ്ടാവാതിരിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ബഹുഭാര്യത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് പ്രയോഗത്തില്‍ വരുത്തുവാന്‍ ശ്രമിക്കുകയാണു വേണ്ടത്. ി

ആഴ്ചവട്ടം കവര്‍ സ്റ്റോറിയെ കുറിച്ച് ലേഖകന്റെ നിരീക്ഷണങ്ങള്‍, അദ്ദേഹത്തിന്റേതു മാത്രമാണ്. – പത്രാധിപര്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss