|    Sep 26 Wed, 2018 12:58 pm
FLASH NEWS
Home   >  National   >  

വിദ്വേഷ പ്രസംഗം: സാക്ഷി മഹാരാജിന് തിര. കമ്മീഷന്റെ താക്കീത്

Published : 13th January 2017 | Posted By: mi.ptk

sakshi-maharaj

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം നടത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ഇനിയും ലംഘിക്കുന്നുവെങ്കില്‍ നിക്ഷിപ്തമായ എല്ലാ അധികാരവുമുപയോഗിച്ച് കടുത്ത നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണംകാണിക്കല്‍ നോട്ടീസിന് മഹാരാജ് നല്‍കിയ മറുപടി തൃപ്തികരമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവന പുറപ്പെടുവിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും സുപ്രിംകോടതി ഉത്തരവിന്റെയും ലംഘനമാണ്- കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ഈ മാസം നാലിന് പെരുമാറ്റച്ചട്ടം നിലവില്‍വന്നിരുന്നു. വിദ്വേഷപ്രസംഗം നടത്തിയതിനു നടപടിയെടുക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു സാക്ഷി മഹാരാജിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പൊതുയോഗത്തിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ അല്ല സന്ന്യാസി സമ്മേളനത്തിലാണ് താന്‍ സംസാരിച്ചതെന്നും അതിനാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കാനാവില്ലെന്നുമാണ് മഹാരാജ് കമ്മീഷനെ അറിയിച്ചത്. മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശമാണ് സാക്ഷി മഹാരാജ് നടത്തിയത്. ജനസംഖ്യാ വളര്‍ച്ച രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഹിന്ദുക്കളല്ല അതിന് ഉത്തരവാദിയെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. നാല് ഭാര്യമാരെയും 40 കുട്ടികളെയും കുറിച്ച് പറയുന്നവരാണ് അതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞിരുന്നു. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ വോട്ട് ചോദിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു വിവാദ പ്രസ്താവന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss