|    Feb 25 Sat, 2017 10:35 am
FLASH NEWS

വിദ്വേഷവിദൂഷകരുടെ രാഷ്ട്രീയം

Published : 9th January 2017 | Posted By: fsq

ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഇല്ലായിരുന്നെങ്കില്‍ ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ഗതി എന്താവുമായിരുന്നെന്ന് പലരും സ്വയം ചോദിച്ചിരിക്കാന്‍ ഇടയുണ്ട്. രാജ്യത്തു ഗതിപിടിക്കാതെ പോവുമായിരുന്ന തങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക് ഒരത്താണിയായി നിന്നുതന്നതിനു മുസ്‌ലിംകളോട് ബിജെപി നേതാക്കള്‍ ഉള്ളാലെയെങ്കിലും നന്ദി പറഞ്ഞിരിക്കും. ഇന്ത്യാ മഹാരാജ്യത്തിന് മുമ്പ് സംഭവിച്ചതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതുമായ മുഴുവന്‍ ദുര്യോഗങ്ങള്‍ക്കും ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന വളരെ ലളിതമായൊരു സമവാക്യത്തില്‍ അധിഷ്ഠിതമാണ് ബിജെപി സൈദ്ധാന്തികത. മുസ്‌ലിംഭീതിയെക്കുറിച്ച ആധിയില്‍ നിന്നു മുക്തമായ എന്തെങ്കിലുമൊന്ന് രാജ്യത്തെ ഹിന്ദുത്വ വിഭാവനകളില്‍ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുസ്‌ലിംകളെ തെറിപറയുന്ന മുറതെറ്റാത്ത ദിനചര്യകളാല്‍ ചിട്ടപ്പെടുത്തപ്പെട്ടതാണ് ബിജെപി നേതൃത്വത്തിന്റെ ജീവിതശൈലി.ഇത്തരം വിദ്വേഷ വിരേചനങ്ങള്‍ വസ്തുതാപരമാവണമെന്ന നിര്‍ബന്ധം ബിജെപിക്കു മാത്രമല്ല, മാധ്യമങ്ങള്‍ക്കുമില്ല. ഇവ രാജ്യസ്‌നേഹപ്രചോദിതമാണെന്നു വിശ്വസിക്കുന്നവരും അതിന്റെ നിഗൂഢമായ ആനന്ദലബ്ധി ആസ്വദിക്കുന്നവരും രാജ്യത്തുണ്ട്. മനോരോഗജന്യമെന്നു കരുതാവുന്ന ഇത്തരമൊരു രാഷ്ട്രീയത്തിന്റെ അന്തസ്സാരശൂന്യതയോ അതു നേരിടുന്ന സാംസ്‌കാരികമായ അപചയമോ രാജ്യത്തെവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നതായി കാണുന്നില്ല. ബിജെപിയുടെ അസഭ്യവര്‍ഷ രാജാക്കന്മാരില്‍പെട്ട സാക്ഷി മഹാരാജിന്റേതാണ് ഏറ്റവും ഒടുവിലത്തെ വെടി. മറ്റെല്ലാ ദൗര്‍ഭാഗ്യങ്ങളെയും പോലെ രാജ്യത്തെ ജനസംഖ്യ കുത്തനെ വര്‍ധിക്കാന്‍ കാരണം മുസ്‌ലിംകളാണെന്നാണ്”അദ്ദേഹത്തിന്റെ ആരോപണം. അതിനു കാരണം മുസ്‌ലിംകള്‍ നാലു കെട്ടുന്നതാണെന്നും അദ്ദേഹം പറയുന്നു. ബഹുഭാര്യത്വം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുസ്‌ലിംകളില്‍ അതു കുറവാണെന്നാണ് കണക്കുകള്‍. മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യത്വം 5.7 ശതമാനമാണെങ്കില്‍ ഹൈന്ദവരില്‍ 5.8 ശതമാനമാണ്. ഭരണഘടന പ്രകാരം ഹിന്ദുസമൂഹത്തിന്റെ ഭാഗമായി എണ്ണപ്പെടുന്ന ഗോത്രജനവിഭാഗങ്ങളെയും ബുദ്ധ-ജൈന വിഭാഗങ്ങളെയും കൂടി ചേര്‍ത്താല്‍ ബഹുഭാര്യത്വ നിരക്ക് 20.4 ശതമാനം വരെ എത്തും. മഹാരാജിനെപ്പോലുള്ളവരുടെ ഉറക്കം കെടുത്തുന്ന മുത്വലാഖിന്റെ കാര്യവും അങ്ങനെത്തന്നെ. പക്ഷേ, ഇവിടെ ആര്‍ക്കാണ് സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും ആവശ്യമുള്ളത്? വെറുപ്പിന്റെ ശവപ്പറമ്പുകള്‍ ഉണ്ടാക്കുന്നവരില്‍ നിന്ന് അധികാരസ്ഥാനങ്ങളെങ്കിലും ശുദ്ധീകരിക്കപ്പെടും വരെ സ്വച്ഛ് ഭാരത്”വെറുമൊരു സ്വപ്‌നമായി അവശേഷിക്കാനാണ് സാധ്യത. ഇത്തരം സാഹചര്യത്തില്‍ നാട്ടില്‍ സമാധാനപരമായ ജീവിതം അസാധ്യമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക