|    Apr 21 Sat, 2018 3:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്വേഷപ്രസംഗം: മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച് ഗോപാലകൃഷ്ണന്‍

Published : 19th October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: മലപ്പുറം ജില്ലയിലെ മുസ്‌ലിം സ്ത്രീകളെയും പുരുഷന്‍മാരെയും അപഹസിക്കുന്ന പ്രസംഗം നടത്തിയ സംഘപരിവാര ആത്മീയ പ്രഭാഷകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറഞ്ഞ് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം വിഫലമാവുന്നു.
ഇഎംഎസ് മുസ്‌ലിംകള്‍ക്കു    രൂപംനല്‍കിയ ജില്ലയാണ് മലപ്പുറമെന്നും അവിടെ കൂടുതല്‍ എംഎല്‍എമാരുണ്ടാവാന്‍ കാരണം പുരുഷന്‍മാര്‍ രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട് പന്നികളെപ്പോലെ പ്രസവിപ്പിക്കുന്നതുമൂലമാണെന്നുമാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത പ്രസംഗം. ഡോ. സാക്കിര്‍ നായിക്കിനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം നടത്തിയ പ്രഭാഷണത്തിനു ധാരാളം വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതിനുള്ള മറുപടിയിലാണ് വിവാദപരവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ ഗോപാലകൃഷ്ണന്‍ നടത്തിയത്. ഈ പ്രഭാഷണം മതവൈരം വളര്‍ത്തുന്നതാണെന്നു പരാതിപ്പെട്ടുകൊണ്ട് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. പി ടി ജഹാംഗീര്‍ നിലമ്പൂര്‍ പോത്തുകല്‍ പോലിസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച പരാതിനല്‍കിയിരുന്നു.
വര്‍ഗീയകലാപം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഗോപാലകൃഷ്ണന്‍ മുസ്‌ലിംകളെ അപമാനിക്കുന്നതെന്നും അതിനാല്‍ തന്നെ മതവൈരം സൃഷ്ടിച്ചതിന് ഇദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിച്ചതിനാല്‍ സൈബര്‍ കുറ്റകൃത്യമായി കണക്കാക്കണമെന്നും ജഹാംഗീര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിവാദ പ്രസംഗത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മതേതര കാഴ്ചപ്പാടുള്ള വലിയൊരുവിഭാഗം ആളുകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഷംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ പ്രകാരം കേസെടുത്തതുപോലെ ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മലപ്പുറം ജില്ല ഇസ്‌ലാമിക പാകിസ്താനാണെന്ന പ്രഭാഷണത്തിലെ വരികള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഇതിനു മുമ്പും ഗോപാലകൃഷ്ണന്‍ സമാന രീതിയിലുള്ള പ്രസംഗങ്ങള്‍ നടത്തിയതയി ചൂണ്ടിക്കാണിക്കപ്പെടുന്നു. തനിക്കെതിരേ യുഎപിഎ ചുമത്തപ്പെടുമോ എന്ന ഭയംകാരണം പ്രഭാഷണത്തിന്റെ പേരില്‍ മാപ്പുചോദിച്ചുകൊണ്ട് രക്ഷപ്പെടാനാണു ഗോപാലകൃഷ്ണന്റെ ശ്രമം. ഇതിന്റെ ഭാഗമായി മാപ്പുചോദിച്ചുകൊണ്ട് യൂട്യൂബില്‍ പുതിയ പ്രസംഗം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
എന്നാല്‍ ഇതുകൊണ്ടു നേരത്തെ പ്രഭാഷണം വഴി വമിച്ച വര്‍ഗീയവിഷം ഇല്ലാതാവുകയില്ലെന്നാണു മതേതര സൈബര്‍ പോരാളികള്‍ വാദിക്കുന്നത്. മാപ്പുപറഞ്ഞതുകൊണ്ടു മാത്രം ഒരാളും ചെയ്ത കുറ്റകൃത്യങ്ങളില്‍ നിന്നു മോചിതനാവുകയില്ലെന്നും ഒരു ജില്ലയിലെ ആളുകളെ അപമാനിച്ചവരെ വെറുതെവിടാന്‍ പാടില്ലെന്നുമാണ് പൊതുവികാരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss