|    Jun 19 Tue, 2018 8:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദ്വേഷപ്രസംഗം: മനുഷ്യാവകാശ സംഘടന ഹൈക്കോടതിയിലേക്ക്

Published : 27th October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരേ യുദ്ധപ്രഖ്യാപനവും വിദ്വേഷ പ്രസംഗവും നടത്തിയിട്ടും തൊഗാഡിയക്കെതിരേ കേസെടുക്കാത്ത സര്‍ക്കാരിന്റെയും പോലിസിന്റെയും നിലപാടിനെതിരേ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശശികലയ്‌ക്കെതിരേ കേസെടുക്കാത്ത ഇടതു സര്‍ക്കാരിന്റെ നിലപാട് തന്നെയായിരുന്നു അഞ്ചുവര്‍ഷം ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരും അനുവര്‍ത്തിച്ചിരുന്നത്.
2012 ഒക്ടോബര്‍ 22ന് തൃപ്രയാറില്‍ മല്‍സ്യത്തൊഴിലാളി സമ്മേളനത്തില്‍ എത്തിയാണ് സംസ്ഥാനത്ത് വിശ്വഹിന്ദുപരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ വിദ്വേഷപ്രസംഗത്തിനു തുടക്കം കുറിച്ചത്. 2013ല്‍ കോഴിക്കോട്ടും 2014ല്‍ ആലപ്പുഴയിലും 2015 ല്‍ കാഞ്ഞങ്ങാട്ടും 2016ല്‍ വീണ്ടും കോഴിക്കോട്ടും തൊഗാഡിയ സമാനമായ രീതിയില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരേ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. ഹൊസ്ദുര്‍ഗിലും കോഴിക്കോട്ടും പോലിസ് വിദ്വേഷപ്രസംഗത്തിനു സ്വമേധയാ കേസെടുത്തു. കോഴിക്കോട്ടെ കേസ് കുമ്മനം രാജശേഖരന്‍ സര്‍ക്കാരിന് മാപ്പപേക്ഷിച്ചു കത്തെഴുതിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഹൊസ്ദുര്‍ഗ് കേസ് പ്രതി ഒളിവിലാണെന്ന പേരില്‍ ദീര്‍ഘകാലമായി കോടതിയില്‍ നിശ്ചലാവസ്ഥയിലാണ്. ഈ കേസ് നിലനില്‍ക്കെ തന്നെ കഴിഞ്ഞമാസം വയനാട്ടി ല്‍ ജൈവകൃഷി പരിപാടിക്കും കോഴിക്കോട്ട് പത്രസമ്മേളനത്തിനും തൊഗാഡിയ എത്തിയിരുന്നു. വാറന്റുണ്ടായിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല.
വൈ കാറ്റഗറി സുരക്ഷയുള്ള തൊഗാഡിയ സംസ്ഥാനത്ത് എത്തിയത് അറിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകള്‍ക്കു ലഭിച്ച മറുപടി.
കോഴിക്കോട് മുതലക്കുളം മൈതാനിയിലെ പ്രസംഗത്തിന്റെ പേരിലെടുത്ത കേസാണ് പോലിസ് പിന്‍വലിച്ചത്. ആലപ്പുഴയിലെ ബജ്‌രംഗ്ദള്‍ സമ്മേളനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കാരണം മുസ്‌ലിംകളാണെന്നും അവര്‍ക്കു തിന്നാന്‍ കൊടുത്ത് രാജ്യം മുടിയുകയാണെന്നും രണ്ടും മൂന്നും കല്യാണം കഴിക്കുന്നതിനാല്‍ ജനസംഖ്യ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃപ്രയാറിലെ മല്‍സ്യത്തൊഴിലാളി സമ്മേളനത്തില്‍ സംസ്ഥാനത്തെ കടലോരങ്ങളില്‍നിന്നു മാംസഭുക്കുകളായ മുസ്‌ലിംകളെ അടിച്ചോടിക്കണമെന്ന് ആവശ്യപ്പെട്ടു. അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങളെക്കുറിച്ച് മനുഷ്യാവകാശ ഏകോപന സമിതി കൊണ്ടോട്ടി പോലിസിലും ആലപ്പുഴ, കോഴിക്കോട് ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയെങ്കിലും ഇനിയും കേസെടുത്തിട്ടില്ല. പ്രകോപന പ്രസംഗം നടന്നതായി രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് വിവരാവകാശ അപേക്ഷകള്‍ക്കു നല്‍കിയ മറുപടികളില്‍ വ്യക്തമാക്കുന്നു. നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന തൊഗാഡിയക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഭരണകാലത്ത് 20 മന്ത്രിമാര്‍ക്കും 120 എംഎല്‍എമാര്‍ക്കും എ ന്‍സിഎച്ച്ആര്‍ഒ നിവേദനങ്ങ ള്‍ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. മഅ്ദനിക്കെതിരേ പ്രസംഗങ്ങളുടെ പേരില്‍ നിരന്തരം കേസെടുത്തിരുന്ന കേരള പോലിസിന്റെ തൊഗാഡിയാ സ്‌നേഹം വിവേചനപരമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
സൈബര്‍ നിയമമനുസരിച്ച് ഭരണഘടനാ സംരക്ഷണ ഉത്തരവാദിത്തമുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് സംഘപരിവാരത്തിനു കീഴടങ്ങിയതിന്റെ ഒന്നാംതരം ഉദാഹരണമാണ് കേസെടുക്കാത്ത നടപടിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും പരാതിക്കാരനുമായ പി എം അലി അക്ബര്‍ പറയുന്നു.
തൊഗാഡിയക്കെതിരേ കേസെടുക്കാത്ത പോലിസ്, സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങളിലാണ് മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്റര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss