|    Jul 23 Mon, 2018 7:51 am

വിദ്യാലയത്തിനായി സ്ഥലം വാങ്ങിയുള്ള കാത്തിരിപ്പിന് മൂന്നു പതിറ്റാണ്ട്‌

Published : 13th September 2017 | Posted By: fsq

 

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: പത്ത്- പതിനാല് വയസ്സുള്ള കുട്ടികള്‍ക്ക് സ്—കൂളിലെത്താന്‍ മൂന്നോ അതിലധികമോ കിലോമീറ്റര്‍ നടക്കേണ്ടിവരുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് സുപ്രീം കോടതി വിധിയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി എലമ്പ്ര നിവാസികള്‍. ഉള്‍നാടന്‍ പ്രദേശമായ എലമ്പ്രയില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രൈമറി വിദ്യാലയം വേണമെന്ന നാട്ടുകാരുടെ മൂന്നര പതിറ്റാണ്ടു നീണ്ട ആവശ്യത്തിന് കോടതി ഉത്തരവ് നീതിയേകുമെന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു.ഭരണഘടനയുടെ 21 എ വകുപ്പു പ്രകാരമുള്ള വിദ്യാഭ്യാസ അവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം സുപ്രധാന ഉത്തരവിറക്കിയത്. പത്തു മുതല്‍ പതിനാലു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ മൂന്നോ അതിലധികമോ കിലോമീറ്റര്‍ നടക്കേണ്ടി വരുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഈ ദൂരപരിധിക്കുള്ളില്‍ സ്—കൂളുകള്‍ ഉണ്ടായാല്‍ മാത്രമേ നിയമം അര്‍ഥവത്താകൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ എംഎല്‍പി സ്—കൂളിനെ യുപിയായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമീപത്തെ മറ്റൊരു സ്—കൂള്‍ മാനേജര്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റെ സുപ്രധാന വിധി.ഈ വിധി മുന്‍നിര്‍ത്തി വിദ്യാലയത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ് എലമ്പ്രയില്‍ ജനകീയ നീക്കം.  കാലങ്ങളായി അഞ്ച് കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് ഈ നാട്ടിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടുന്നത്. കിലോമീറ്ററുകള്‍ നടന്ന് വിദ്യാലയങ്ങളിലെത്തേണ്ട അവസ്ഥയുള്ളതിനാല്‍ ഗ്രാമത്തിലെ മുന്‍ തലമുറക്കാര്‍ പലരും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരാണ്. ഇതേതുടര്‍ന്ന് 1985ലാണ് നാട്ടില്‍ പ്രൈമറി വിദ്യാലയം കൊണ്ടുവരാന്‍ ജനകീയ മുന്നേറ്റമുണ്ടാകുന്നത്. വിദ്യാലയത്തിനായി നാട്ടുകാര്‍ പണം സ്വരുക്കൂട്ടി സ്ഥലവും അന്ന് വാങ്ങി. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയും ഹജ്ജിനുപോകാന്‍ കരുതിവെച്ച പണം നല്‍കിയുമൊക്കെയാണ് ദലിതരും ന്യൂനപക്ഷ വിഭാഗക്കാരും കൂടുതലുള്ള ഗ്രാമത്തിലെ സാധാരണക്കാര്‍ സ്ഥലം വാങ്ങിയത്. എന്നാലീ ജനത കഴീഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി ക്രൂരമായിത്തന്നെ അവഗണിക്കപ്പെടുന്നു. ആര്‍ടിഇ ആക്ട് പ്രകാരം കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രൈമറി വിദ്യാലയം വേണമെന്നാണ് ചട്ടം. എന്നാല്‍ എലമ്പ്ര നിവാസികള്‍ക്ക് ഈ ചട്ടമൊന്നും ബാധകമല്ലെന്ന നിലപാടാണ് ഇക്കാലമത്രയും മാറി മാറി വന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചത്. മൂന്നു മുതല്‍ അഞ്ചു കിലോമീറ്ററുകള്‍ അകലെയുള്ള പൊതുമേഖല വിദ്യാലയങ്ങള്‍ ലഭ്യമായ സൗകര്യങ്ങളില്‍ ഏര്‍പ്പെടുത്തിയ യാത്രാ സവിധാനങ്ങളുണ്ട്. സ്‌ക്കൂള്‍ ബസ്സിലും മറ്റ് വാഹനങ്ങളിലും സ്‌ക്കൂളില്‍ പോകാന്‍ മക്കള്‍ക്ക് വേണ്ടി പണം നീക്കിവെക്കാനാകുന്നവര്‍ കുട്ടികള്‍ക്കായി ആ സൗകര്യം ഉപയോഗപ്പെടുത്തുന്നു. എന്നാലിവിടുത്തെ ബഹു ഭൂരിപക്ഷവും സാധാരണക്കാരാണെന്നിരിക്കെ, മിക്കവരും വിദ്യാലയങ്ങളില്‍ എത്തുന്നത് കാല്‍നടയായിത്തന്നെയാണ്.നാട്ടിലൊരു വിദ്യാലയം എന്ന ആവശ്യവുമായി എലമ്പ്ര നിവാസികള്‍ പരാതി നല്‍കാത്ത ഇടങ്ങളില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടല്‍ പ്രതീക്ഷ വളര്‍ത്തിയെങ്കിലും ഫലമൊന്നും ഇതുവരെയുണ്ടായിട്ടില്ല. എലമ്പ്രയില്‍ വിദ്യാലയം സ്ഥാപിക്കണമെന്ന നിലപാടെടുത്ത കമ്മീഷന്‍ ഇതു സംബന്ധിച്ച് പരിശോധനകള്‍ സമയബന്ധിതമായി നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാലയം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ഉത്തരവിട്ടിരുന്നെങ്കിലും മാസങ്ങളായി നടപടികളൊന്നുമില്ല. വിദ്യാലയത്തിനു വേണ്ട ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ, നഗരസഭ എന്നിവര്‍ക്കും ഉത്തരവ് നല്‍കിയിരുന്നു. നീതിക്കായി ഹൈകോടതിയെ സമീപിച്ച് കാത്തിരിക്കുകയാണ് ഗ്രാമീണര്‍. ഇപ്പോഴത്തെ കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അംഗീകാരത്തിനായി കാത്തിരിക്കുന്ന സ്—കൂളുകളുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ചുരുങ്ങിയത് ഒരു യുപി സ്—കൂളെങ്കിലും വേണ്ടിവരുമെന്നാണ് സുപ്രീം കോടതി വിധിയോടെ വ്യക്തമാകുന്നത്. ഇത് എലമ്പ്രയുടെ ന്യായമായ ആവശ്യത്തിന് തണലേകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss