|    May 24 Thu, 2018 11:17 pm
FLASH NEWS

വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കാണണം: മുഖ്യമന്ത്രി

Published : 17th October 2016 | Posted By: Abbasali tf

തലശ്ശേരി: സര്‍ക്കാര്‍, എയ്ഡഡ് എന്നീ വ്യത്യാസമില്ലാതെ വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മടം മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി പിണറായി എകെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ് പൊതുവിദ്യാലയമെന്ന ധാരണ മാറണം. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചവയാണ്. കുടുംബസ്വത്ത് ഉള്‍പ്പെടെ വിറ്റ് സ്‌കൂളുകളുണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക്. ലാഭേച്ഛയില്ലാതെയാണ് അവര്‍ പുണ്യകൃത്യം ചെയ്തത്. മാനേജ്‌മെന്റുകള്‍ക്ക് ചൂഷണ മനസ്ഥിതി വന്നത് അടുത്ത കാലത്താണ്. സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നിയമനാധികാരം ഉള്‍പ്പെടെയുള്ള എയ്ഡഡ് മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ കൈകടത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. അത്തരം ആശങ്കക ള്‍ അസ്ഥാനത്താണ്. അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള നടപടികളും കൈക്കൊള്ളും. പൊതുവിദ്യാലയങ്ങളുടെ മൂല്യശോഷണമാണ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തഴച്ചുവളരാന്‍ കാരണം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നതോടെ വിദ്യാര്‍ഥികള്‍ തിരികെ വരുന്ന അവസ്ഥയുണ്ടാവും. വിദ്യാലയങ്ങള്‍ ഹൈടെക്കാവുകയും ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കുകയും ചെയ്തുകൊണ്ട് മാത്രമേ പൊതുവിദ്യാലയങ്ങളെ മികവിലേക്ക് ഉയര്‍ത്താനാവൂ. കായിക രംഗത്തെ കുരുന്നുപ്രതിഭകളെ കണ്ടെത്തി പ്രത്യേകം പരിശീലനം നല്‍കും. ഓരോ വില്ലേജിലും കുട്ടികള്‍ക്കായി നീന്തല്‍ക്കുളങ്ങള്‍ നിര്‍മിച്ച് നീന്തല്‍ പരിശീലനവും മികവ് പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നേടാനുള്ള സംവിധാനവുമൊരുക്കും. എല്ലാം ഇലക്‌ട്രോണിക് രീതിയിലേക്ക് മാറിക്കഴിഞ്ഞ ഇക്കാലത്ത് ഡിജിറ്റല്‍ ലൈബ്രറികളും ഡിജിറ്റല്‍ മ്യൂസിയങ്ങളും സ്ഥാപിക്കണം. പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്ന കാലം വിദൂരമല്ല. പ്രീ-പ്രൈമറി കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ താമസിയാതെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി, മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിമാരിലൊരാളായ മേജര്‍ ദിനേശ് ഭാസ്‌കര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏണസ്റ്റ് ആന്റ് യങ് വൈസ് ചെയര്‍മാന്‍ ബിനു ശങ്കര്‍, മണ്ഡലം വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍ മുസൂദനന്‍, കെ പ്രദീപന്‍, കെ വി പത്മനാഭന്‍ സംസാരിച്ചു. മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, പിടിഎ അധ്യക്ഷന്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss