|    Jan 19 Thu, 2017 12:22 pm
FLASH NEWS

വിദ്യാലയങ്ങളുടെ നിലവാരമുയര്‍ത്താന്‍ സമഗ്രപദ്ധതി തുടങ്ങി

Published : 6th September 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ക്ലാസുകളിലെ പഠന നിലവാരം ഉയര്‍ത്താനുള്ള ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിക്ക് പദ്ധതിരേഖ കൈമാറി പി കെ ശ്രീമതി എംപി സമഗ്ര പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു.
അക്കാദമിക രംഗത്ത് ഏറെ പിറകിലായിരുന്ന ജില്ലയിലെ പൊതുവിദ്യാലയങ്ങളെ ഇന്നു കാണുന്ന നിലവാരത്തിലേക്കുയര്‍ത്തിയതിനു പിന്നില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറ്റെല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതികളാണെന്ന് പി കെ ശ്രീമതി എംപി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ലാഭകരമല്ലെന്നതിന്റെ പേരില്‍ ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസ് റൂമുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള വിശദപദ്ധതിരേഖ ഉടന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കണം. ആവശ്യത്തിന് ടോയ്‌ലറ്റുകള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോവുമ്പോള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്ന അവസ്ഥയാണ്. വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമമുറികള്‍ വേണമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 3 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യവും മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീതം തിരഞ്ഞെടുത്ത് 24 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കും.
അടുത്ത നാലു വര്‍ഷത്തിനിടയില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കും. ജില്ലയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ഉപഹാരം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിതരണം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍ പദ്ധതി അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക