|    Sep 24 Mon, 2018 9:08 pm
FLASH NEWS

വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നടപ്പായില്ല

Published : 15th January 2017 | Posted By: fsq

 

കോട്ടക്കല്‍: സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ നിരോധനം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും 85 ശതമാനം സ്‌കൂളുകളിലും ഇതു നടക്കുന്നില്ലെന്ന് പരാതി. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ മടിക്കുകയാണ്. വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ അവ പിടിച്ചെടുത്ത് ലേലം ചെയ്യണമെന്നാണ് നിയമത്തില്‍ നിര്‍ദേശിക്കുന്നത്. ഇതിനായി എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കുകയും വേണം. ലേലത്തുക എന്തുചെയ്യണമെന്ന് ഈ കമ്മിറ്റിക്കു തീരുമാനിക്കാനാവും. പത്തു വര്‍ഷം മുമ്പാണ് ഈ നിയമം പാസാക്കിയത്. പിന്നീട് 2007ല്‍ ഇതുമായി ബന്ധപ്പെട്ടു പരിശോധനകള്‍ നടന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. മിക്ക സ്ഥാപനങ്ങളിലും ഫോണ്‍ പിടിച്ചാല്‍ കുട്ടികളെ ഉപദേശിച്ചു വിടുമെന്നല്ലാതെ കാര്യമായ നടപടിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്. പലസ്ഥാപനങ്ങളിലും കുട്ടികളില്‍ കൂട്ടം തിരിഞ്ഞുണ്ടാവുന്ന പ്രതികരണത്തെ ഭയന്നുകൊണ്ട് ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന നടിക്കുന്നതായും ആരോപണമുണ്ട്. ഫോണ്‍ ഉപയോഗം കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഓരോ സ്‌കൂളുകളിലും പിടിഎ പ്രസിഡന്റ് അധ്യക്ഷനായ പെരുമാറ്റചട്ട സമിതിയുണ്ടാക്കണമെന്ന്  സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാനത്തുടനീളെ ഈ കമ്മിറ്റി രൂപീകരിച്ച സ്‌കൂളുകളുടെ എണ്ണം പത്തുശതമാനത്തില്‍ താഴെ മാത്രമാണ്. ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുമൊക്കെ നിയന്ത്രിക്കാനാത്തവിധം ഫോണിന്റെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇവ നിയന്ത്രിക്കേണ്ട അധ്യാപകരും ഫോണിന്റെ ഉപയോഗത്തില്‍ അതിരുകടന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സ്റ്റാഫ് റൂമില്‍ മാത്രമാണ് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമുള്ളു. എന്നാല്‍, അധ്യാപകര്‍ ക്ലാസ്‌റൂമില്‍ പഠനപ്രക്രിയകള്‍ക്കിടയില്‍ വരെ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള നിയന്ത്രണവുമില്ല. അധ്യാപകര്‍ക്കാവാമെങ്കില്‍ തങ്ങള്‍ക്കുമാവാം എന്ന മട്ടാണ് കുട്ടികള്‍ക്ക്. അധ്യാപകരുടെ മറ്റു ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം ഇന്ന് സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം കൊണ്ട് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ആധുനികസൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളാണ് 90 ശതമാനം വിദ്യാര്‍ഥികളും സ്‌കൂളില്‍ കൊണ്ടുവരുന്നത്. ഇതുകൊണ്ടുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് രക്ഷിതാക്കളോ മറ്റോ ബോധവാന്മാരല്ല. സോഷ്യല്‍ മീഡിയയില്‍ സ്ജീവമായ പുതുതലമുറ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളും മറ്റും വരുത്തിവയ്ക്കുന്ന വിനകളെകുറിച്ച് ഇവര്‍ക്ക് പറഞ്ഞുകൊടുക്കാനോ അതു നിയന്ത്രിക്കാനോ ആരും തയ്യാറാവുന്നുമില്ല. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പലതവണ പരാതിപെട്ടിട്ടും ഇതുവരെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതില്‍ മിക്ക സ്ഥാപനങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. സ്‌കൂളില്‍ നടക്കുന്ന കലോല്‍സവങ്ങളിലും മറ്റും പെണ്‍കുട്ടികളുടെ വീഡിയോകളെടുത്തതുമായി ബന്ധപ്പെട്ട് പലപ്രശ്‌നങ്ങളുമുണ്ടായിരുന്നെങ്കിലും വ്യക്തമായ രീതില്‍ ഇവ നിയന്ത്രിക്കാന്‍ ഇതുവരെ മിക്ക സ്ഥാപനങ്ങള്‍ക്കുമായിട്ടില്ല. അധ്യാപകര്‍തന്നെ മാതൃകയായാല്‍ ഇവ നിയന്ത്രിക്കാനാവുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss