|    Dec 10 Mon, 2018 1:25 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദ്യാലയങ്ങളില്‍ മലയാള പഠനം നിര്‍ബന്ധം; ചട്ടങ്ങള്‍ക്ക് അംഗീകാരം

Published : 30th May 2018 | Posted By: kasim kzm

മടവൂര്‍  അബ്ദുല്‍ ഖാദര്‍
ഇരിക്കൂര്‍ (കണ്ണൂര്‍): ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 10ാം ക്ലാസ് വരെ ഒരു ഭാഷയായി മലയാളം പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന മലയാളഭാഷാ നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. ഇതുപ്രകാരം ഇതില്‍ വീഴ്ചവരുത്തുന്ന സ്‌കൂളുകളിലെ പ്രഥമാധ്യാപകരില്‍നിന്ന് 5000 രൂപ വരെ പിഴ ചുമത്താനും പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി ഉള്‍െപ്പടെയുള്ള കര്‍ശന നടപടിയെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ട്.
മലയാളം പഠിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ മലയാളം അധ്യാപകരുടെ പ്രതിനിധികളും വിദ്യാഭ്യാസ ഓഫിസര്‍മാരും അടങ്ങുന്ന പാനലിനു രൂപം നല്‍കുന്നുണ്ട്. എസ്‌സിഇആര്‍ടി തയ്യാറാക്കിയ മൂന്നുതരത്തിലുള്ള പുസ്തകങ്ങളില്‍ ഏതു പഠിപ്പിക്കണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം.
മലയാളം പഠിപ്പിക്കാതിരുന്നാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അംഗീകാരവും സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളുടെ എന്‍ഒസിയും റദ്ദാക്കും. 10ാം തരത്തില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ മലയാള പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമുണ്ട്. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ എസ്‌സിഇആര്‍ടിയുടെ പ്രത്യേക പുസ്തകം ഉപയോഗിച്ച് മലയാളം പഠിപ്പിക്കുകയും പരീക്ഷ നടത്തുകയും ചെയ്യണമെന്നാണു നിയമം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കിയതോടെ ആയിരക്കണക്കിന് മറ്റു ഭാഷാധ്യാപകരുടെ ജോലിയെ ബാധിക്കുമെന്നാണു വിലയിരുത്തല്‍. കേരള വിദ്യാഭ്യാസ ചട്ടത്തിലെ 14ാം ചാപ്റ്ററില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷകള്‍ പഠിക്കാനും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തിക അനുവദിക്കാനും അവരെ പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കാനും നിയമം അനുവദിക്കുന്നുണ്ട്.
കെഇആര്‍ ചട്ടപ്രകാരം മലയാളത്തിനു പുറമേ അറബിക്, സംസ്‌കൃതം, ഉര്‍ദു, ഹിന്ദി, ഹീബ്രു, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ പഠിക്കാന്‍ അവസരമുണ്ട്. ഒന്നു മുതല്‍ 10ാം ക്ലാസ് വരെ മേല്‍ഭാഷകള്‍ ഒന്നാംഭാഷയായി പഠിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഭാഷാധ്യാപകര്‍. സംസ്ഥാനത്തെ ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ മലയാളത്തിന് പ്രത്യേകം അധ്യാപകരില്ല. എന്നാല്‍, അഞ്ചു മുതല്‍ 10ാം ക്ലാസ് വരെ മലയാളം പഠിക്കാന്‍ ഡിക്ലറേഷന്‍ നല്‍കിയ കുട്ടികളുടെ കണക്കനുസരിച്ച് മലയാളം അധ്യാപകരെ നിയമിച്ചുവരുന്നുണ്ട്. യുപി വിഭാഗം മുതല്‍ തന്റെ കുട്ടി ഏതു ഭാഷയാണു പഠിക്കേണ്ടതെന്ന് പ്രവേശനവേളയില്‍ രക്ഷിതാക്ക ള്‍ എഴുതിനല്‍കുന്ന ഡിക്ലറേഷന്‍ പ്രകാരമുള്ള ഭാഷകള്‍ ഒന്നാംഭാഷയായി പഠിക്കാനുള്ള സൗകര്യവും അവകാശവുമാണ് പുതിയ ഉത്തരവിലൂടെ നഷ്ടപ്പെടുക. കൂടാതെ സംസ്ഥാനത്തെ ഓറിയന്റല്‍ ടൈറ്റില്‍ സ്‌കൂളുകളെയും പുതിയ നിയമം പ്രതിസന്ധിയിലാക്കും. ഇവിടങ്ങളില്‍ ഒന്നാംഭാഷയും രണ്ടാംഭാഷയും നിലവില്‍ അംഗീകാരമുള്ള ഭാഷകളില്‍ തന്നെയാണ് അധ്യയനം നടക്കുന്നത്.
സ്‌കൂളുകളില്‍ ഒന്നാംഭാഷ മലയാളം ഉള്‍പ്പെടെയുള്ളവ പഠിക്കുമ്പോള്‍ രണ്ടാംഭാഷയായി മലയാളം പഠിക്കാന്‍ അവസരമുണ്ട്. എന്നാല്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഒന്നാംഭാഷ ഇംഗ്ലീഷും രണ്ടാംഭാഷ മലയാളമോ ഹിന്ദിയോ എടുത്തു പഠിക്കാമെന്ന സൗകര്യവുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss