|    Oct 21 Sun, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥി സുരക്ഷ : സുപ്രിംകോടതി വിശദീകരണം തേടി

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രിംകോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണു നിര്‍ദേശം. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിനു നോട്ടീസ് അയച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കഴുത്തറുത്തു കൊല്ലപ്പെടുകയും സമീപത്തെ മറ്റൊരു സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിന് ഇരയാവുകയും ചെയ്ത പശ്ചാത്തലത്തിലാണു വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ഹരജി കോടതിയുടെ പരിഗണനയ്‌ക്കെത്തി യത്. സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഎസ്ഇക്കും സുപ്രിംകോടതി കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഭയ ആര്‍ ശര്‍മ, സംഗീതാ ഭാരതി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണു ബെഞ്ചിന്റെ മുമ്പിലുള്ളത്. സ്‌കൂളിനകത്തു വച്ചുതന്നെ വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു ശിശുസംരക്ഷണ നയം വേണം. അവ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മനസ്സിലാക്കി അതില്‍ ഒപ്പുവച്ചിരിക്കണം. പുതിയ ജീവനക്കാര്‍ നിയമിതരായി ഒരു മാസത്തിനകം ശിശുസംരക്ഷണം സംബന്ധിച്ചുള്ള ഒരു മുഴുനീള ശില്‍പ്പശാലയില്‍ അവരെ പങ്കെടുപ്പിക്കണം. ഓരോ സ്‌കൂളിലും രണ്ടു വീതം വിദ്യാര്‍ഥികളും രക്ഷാകര്‍തൃ പ്രതിനിധികളും അധ്യാപകരും ഉള്‍പ്പെടുന്ന ലൈംഗികാതിക്രമം തടയല്‍ സമിതി രൂപീകരിക്കണം. ജീവനക്കാരെ നിയമിക്കുന്നതിന് പോലിസ് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ലഹരിവസ്തുക്കള്‍, പുകയില, പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പന നിരോധിക്കണം. സ്‌കൂളിലെ ജീവനക്കാര്‍ ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അവരെ ജോലിയില്‍ നിന്നു പുറത്താക്കണം. സ്‌കൂളുകളിലെ വിശ്രമമുറി, ശൗചാലയങ്ങള്‍, ഭക്ഷണമുറി എന്നിവയ്ക്കു സമീപം വനിതാ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കണം. വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണം എന്നീ കാര്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. നിലവില്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അവ കടലാസില്‍ ഒതുങ്ങിയിരിക്കുകയാണെന്ന് അഭിഭാഷക സംഗീത ഭാരതി പറഞ്ഞു. നിലവില്‍ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ശിശുസംരക്ഷണാവകാശ കമ്മീഷന്റെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മിക്ക സ്‌കൂള്‍ അധികൃതരും ഇതു സംബന്ധിച്ച നിയമത്തെക്കുറിച്ചു ധാരണയുള്ളവരല്ലെന്നും അതിനാല്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രിംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനൊപ്പമാവും ഈ ഹരജി പരിഗണിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss