|    Feb 25 Sun, 2018 5:26 am
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥി സമരം ; കൊടി നിറം നോക്കിയാണോ നടപടികള്‍: ഹൈക്കോടതി

Published : 31st January 2017 | Posted By: fsq

 

കൊച്ചി: വിദ്യാര്‍ഥിസമരങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി. കൊടിയുടെ നിറം നോക്കിയാണോ നടപടിയെടുക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. കുറ്റിപ്പുറം കെഎംസിടി പോളിടെക്‌നിക് കോളജിനു പോലിസ്  സംരക്ഷണം തേടി മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. കോടതി നിര്‍ദേശമനുസരിച്ച് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി വി വിലാസചന്ദ്രന്‍ നായര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പോളിടെക്‌നിക് കോളജിലെ അതിക്രമങ്ങളില്‍ കേസെടുത്തതല്ലാതെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു വിശദീകരിച്ചിട്ടില്ല. ഇതേപോലെ തിരുവനന്തപുരം ലോ അക്കാദമിയില്‍ 200 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയും തിരിച്ചറിയാവുന്ന മറ്റുള്ളവര്‍ക്കെതിരേയും രണ്ടു കേസുകളെടുത്തെന്ന് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്നാണ് കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരമുഖത്തുണ്ടെന്നും അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സമയം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അഞ്ചു കോളജുകളാണ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇവര്‍ക്ക്  സംരക്ഷണം നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. മറ്റക്കര ടോംസ് കോളജിലെ അക്രമസംഭവങ്ങളില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കെഎംസിടി പോളിടെക്‌നിക് കോളജില്‍ ഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരേ കേസെടുത്തു. എസ്എഫ്‌ഐയുടെ ജില്ലാ നേതാവ് സക്കീറാണ് കേസിലെ ഒന്നാം പ്രതി.  നെഹ്‌റു കോളജിലെ സമരങ്ങളുമായി ബന്ധപ്പെട്ട് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 75 പേര്‍ പോലിസ് വാഹനം കത്തിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് കെട്ടിടം അടിച്ചുതകര്‍ത്തു. 300ഓളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി.  സംസ്ഥാനത്തൊട്ടാകെ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss