|    Apr 25 Wed, 2018 6:35 am
FLASH NEWS
Home   >  Fortnightly   >  

വിദ്യാര്‍ഥി രാഷ്ട്രീയം: മണികെട്ടേണ്ടത് ആര്‍ക്ക്?

Published : 26th November 2015 | Posted By: TK
 student politics

 
സി എ റഊഫ്‌
കാംപസുകളിലെ സംഘടനാസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച കേരളത്തില്‍ ഒരിക്കല്‍കൂടെ സജീവമായിരിക്കുകയാണ്. ട്രിവാന്‍ഡ്രം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (സിഇടി) ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവമാണ് അതിന് പശ്ചാത്തലമൊരുക്കിയത്.
പഠിക്കാന്‍ മിടുക്കിയായിരുന്ന സിവില്‍ എഞ്ചിനീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി തസ്‌നിബശീറിന്റെ മരണം ഒരനിഷ്ഠ സംഭവം എന്ന പ്രസ്താവനയില്‍ പരിമിതപ്പെടുത്താതെ അതിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. വിലക്ക് മറികടന്നാണ് ചെകുത്താന്‍ എന്നപേരിലുള്ള ലോറിയും നിരവധി ബൈക്കുകളും രണ്ട് ജീപ്പുകളുമുള്‍പ്പടെ വാഹനങ്ങള്‍ കാംപസിനകത്തേക്ക് പ്രവേശിപ്പിച്ചത്.

 


സാമൂഹിക തിന്മകള്‍ക്കെതിരായ സമരങ്ങളിലും അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പ്പുകളിലും നിര്‍ണ്ണായകവും ശ്രദ്ധേയവുമായ പങ്കുവഹിച്ചവരാണ് വിദ്യാര്‍ഥികള്‍. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കാംപസുകളുടെ മുന്‍കയ്യില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിവിട്ടു.


 
സിഇടിയില്‍തന്നെ ഇതു രണ്ടാം തവണയാണ് കാംപസിനകത്ത് വാഹനമിടിച്ച് വിദ്യാര്‍ഥിനി കൊല്ലപ്പെടുന്നത്. 2002 ജനുവരി 24ന് ഇതേ കോളജില്‍ അമിതാശങ്കര്‍ എന്ന വിദ്യാര്‍ഥിനി സഹപാഠിയുടെ ബൈക്കിടിച്ച് കൊല്ലപ്പെടുകയുണ്ടായി. ഇതിനെതുടര്‍ന്ന് കാംപസിനകത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞ്‌കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സിഇടി ഉള്‍പ്പടെ പലകോളജുകളിലും ഈ ഉത്തരവ് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിവിധ ആഘോഷങ്ങളുടെ മറവില്‍ ബൈക്ക്, ജീപ്പ്, ലോറി എന്നിവക്കുപുറമെ ട്രാക്ടറും ജെസിബിയും വരെ കാംപസിനകത്ത് കയറ്റാറുണ്ട്. വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള നിയമം നിലവിലിരിക്കെതന്നെ നിയമലംഘനത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സിഇടിയില്‍ തന്നെ ചെകുത്താന്‍ ലോറിയും കോലം മാറ്റിയ ജീപ്പും വര്‍ഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ബാച്ചുകള്‍ മാറുന്നതിനനുസരിച്ച് വാഹനങ്ങള്‍ കൈമാറ്റം ചെയ്യുകയാണത്രെ പതിവ്.

 

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നാം ശ്രദ്ധ കൊടുക്കേണ്ടത്. സിഇടി കോളജിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍, കാംപസിനകത്തെ സംഘടനാ പ്രവര്‍ത്തനം സംബന്ധിച്ചും വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനം സംബന്ധിച്ചും 18 നിര്‍ദേശങ്ങളടങ്ങിയ കരട് സര്‍ക്കാര്‍ തയ്യാറാക്കി.

anitha rajanകാംപസിനകത്തെ എല്ലാ ആഘോഷങ്ങള്‍ക്കും പ്രിന്‍സിപ്പലിന്റെ അനുമതി വേണം, കോളജില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലും ആഘോഷങ്ങളിലും പ്രിന്‍സിപ്പലിന്റെ നിയന്ത്രണത്തിലുള്ള അച്ചടക്കസമിതി മേല്‍നോട്ടം വഹിക്കണം, ക്ലാസ് സമയത്ത് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കണം, ഐഡന്റിറ്റി കാര്‍ഡ് ധരിക്കാതെ വരുന്നവരില്‍ നിന്ന് 500 രൂപ പിഴയീടാക്കണം, ഈ ക്രമക്കേട് മൂന്നുതവണ ആവര്‍ത്തിച്ചാല്‍ വിദ്യാര്‍ഥിയെ പുറത്താക്കണം, സ്റ്റുഡന്റ്‌സ് യൂനിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാഫ് അഡൈ്വസറിന്റെയും പ്രിന്‍സിപ്പലിന്റെയും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം, പ്രിന്‍സിപ്പല്‍ ചെയര്‍മാനും സ്റ്റാഫ് അഡൈ്വസര്‍ കണ്‍വീനറുമായ പ്രത്യേക സമിതി രൂപീകരിക്കണം, സ്റ്റുഡന്റ്‌സ് യൂനിയന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സമിതി വിലയിരുത്തുകയും മേല്‍നോട്ടം വഹിക്കുകയും വേണം, നിര്‍ദിഷ്ട സമിതി കോളജ് യൂനിയന്‍ ഓഫിസ് ആഴ്ചയിലൊരിക്കല്‍ പരിശോധിക്കണം, ക്ലാസ് സമയത്തു മാത്രമേ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫിസ് പ്രവര്‍ത്തിക്കാവൂ, വെക്കേഷന്‍ കാലത്ത് താക്കോല്‍ പ്രിന്‍സിപ്പല്‍ കൈവശം വയ്ക്കണം, ആഘോഷസമയങ്ങളില്‍ വാഹനങ്ങള്‍ കാംപസിനകത്ത് അനുവദിക്കരുത്, വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി മുന്‍ ഗേറ്റിനടുത്ത് വ്യത്യസ്ത പാര്‍ക്കിങ് ഏരിയ സജ്ജീകരിക്കണം.

thasni basheerനിശ്ചിത സ്ഥലത്തിനപ്പുറം പാര്‍ക്കിങ് അനുവദിക്കരുത്, വിമുക്തഭടന്‍മാരെ കോളജുകളിലും ഹോസ്റ്റലുകളിലും സെക്യൂരിറ്റിമാരായി നിയമിക്കണം, കോളജ് ഹോസ്റ്റലുകള്‍ ആയുധവിമുക്തവും അക്രമരഹിതവും ആയിരിക്കണം, ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേക സമിതി രൂപീകരിക്കണം, പ്രിന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ഹോസ്റ്റല്‍ വാര്‍ഡന്‍ കണ്‍വീനറുമായ ഈ സമിതിയില്‍ അഞ്ച് അംഗങ്ങള്‍ വീതമുണ്ടായിരിക്കണം, കോളജ്-ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെ മുറി ഗേറ്റിനടുത്തായിരിക്കണം, കൃത്യമായ കാരണമില്ലാതെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ളവര്‍ക്കു കോളജിനകത്തു പ്രവേശനാനുമതി നല്‍കാതിരിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

നിലവിലെ കാംപസുകളുടെ അവസ്ഥ പരിഗണിച്ചാണെങ്കില്‍ മേല്‍ നിര്‍ദേശങ്ങള്‍ ഒന്നോ രണ്ടോ ഭേദഗതികളോടെ പാസ്സാക്കാമെങ്കിലും വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ അവയില്‍ ചിലത് വേണ്ടെന്ന് വെച്ചിരിക്കുന്നു. ഒരു സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ കാര്യങ്ങളെ നോക്കികാണുന്നത്‌കൊണ്ടുള്ള പരിമിതിയാണിത്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കാംപസുകളില്‍ എന്താണ് നടക്കുതെന്ന് സത്യസന്ധമായ പരിശോധന ആവശ്യമാണ്. രോഗനിര്‍ണയം നടത്താതെയുള്ള ചികിത്സ ശമനമുണ്ടാക്കില്ലെന്ന് മാത്രമല്ല, കൂടുതല്‍ ഉപദ്രവകരമാക്കുകയാണ് ചെയ്യുക.

 

 

aisf

 

 

പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന വിദ്യാര്‍ഥി സംഘടനകള്‍ കേരളത്തിലെ കാംപസുകളില്‍ നടത്തുന്ന ‘പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍’ വിദ്യാര്‍ത്ഥികളെയോ രാഷ്ട്രീയത്തെയോ സംബന്ധിച്ചിടത്തോളം പ്രയോജനകരങ്ങളായല്ല അനുഭവപ്പെടുന്നത്. ഒരു കാലത്ത് വിദ്യാര്‍ഥികളുടെ ശബ്ദങ്ങള്‍ക്ക് പൊതുസമൂഹം കാതു കൊടുത്തിരുന്നു. പല വിദ്യാര്‍ഥി സമരങ്ങളും വിജയം കാണുകയും ചെയ്തിരുന്നു. പൊതുവിഷയങ്ങളിലുള്ള കാംപസുകളുടെ പ്രതികരണം ജനങ്ങളില്‍ വമ്പിച്ച സ്വാധീനമാണ് ഉണ്ടാക്കിയിരുന്നത്.

സാമൂഹിക തിന്മകള്‍ക്കെതിരായ സമരങ്ങളിലും അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പ്പുകളിലും നിര്‍ണ്ണായകവും ശ്രദ്ധേയവുമായ പങ്കുവഹിച്ചവരാണ് വിദ്യാര്‍ഥികള്‍. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കാംപസുകളുടെ മുന്‍കയ്യില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിവിട്ടു. അക്കാലത്ത് സമരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ പ്രധാന ഒളിവുകേന്ദ്രങ്ങളും അഭയസ്ഥാനങ്ങളും കാംപസുകളായിരുന്നു. പതിയെ അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും കാംപസുകള്‍ പിന്മാറി. അതിന്റെ പശ്ചാത്തലവും പരിസരവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലേ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രതിസന്ധികള്‍ മനസ്സിലാക്കാനും പ്രതിവിധികള്‍ കണ്ടെത്താനും കഴിയൂ.

അടിയന്തരാവസ്ഥയ്ക്ക് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായ മാറ്റം യഥാര്‍ഥത്തില്‍ കാംപസുകളെയും ബാധിക്കുകയുണ്ടായി. ഭരണകൂട ഭീകരതയോട് ഒത്തുതീര്‍പ്പാവാനുള്ള മനഃസ്ഥിതി രൂപപ്പെട്ടു. കേരളത്തില്‍ സജീവമായിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരിലാണ് ഈ പ്രതിലോമപരത വലിയ തോതില്‍ ദൃശ്യമായത്. ഇതര സംഘടനകളിലെ അംഗങ്ങളെയും ഈ ജീര്‍ണ്ണത ബാധിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചു. അപ്പോള്‍ ബദല്‍ മാര്‍ഗം തേടാതെ അതിന്റെ പിന്തുണയുണ്ടായിരുന്ന ഐഎസ്എല്ലിനെ നേതൃത്വം പിരിച്ചുവിട്ടു. മേല്‍ഘടകങ്ങളുടെ അഥവാ മാതൃസംഘടനകളുടെയും പാര്‍ട്ടികളുടെയും നിയന്ത്രണങ്ങളും നിലപാടുകളുടെ വ്യതിരക്തമായ നിലനില്‍പിന് ദ്രോഹകരമായിബാധിക്കാന്‍ തുടങ്ങി. അതോടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് മൂക്കുകയറിടാന്‍ ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലും ആരംഭിച്ചു. തന്റെ ഏകാധിപത്യ നിലപാടുകള്‍ക്ക് വിദ്യാര്‍ഥി രാഷ്ട്രീയം ഏറെ തടസ്സമാകുമെന്ന് കണ്ട ഇന്ദിരാഗാന്ധി അതിനെ തടയിടാന്‍ മാര്‍ഗമന്വേഷിച്ചിരുന്നു. അന്ന് ഇന്ദിരാഗാന്ധിക്ക് നല്‍കപ്പെട്ട വിദഗ്‌ധോപദേശങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്, ഒഴിവുസമയം കൊടുക്കാതെ വിദ്യാര്‍ഥികളെ സിലബസില്‍ തളച്ചിടുക എന്നതായിരുന്നു. നിരന്തരം പരീക്ഷകളും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും നല്‍കി മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ അവസരം നല്‍കാത്ത വിധം വിദ്യാര്‍ഥികളെ തളച്ചിട്ടാല്‍ സര്‍ക്കാറിന്റെ പരിധി വിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരിലുള്ള നീക്കങ്ങളില്‍നിന്ന് അവരെ തടയാന്‍ കഴിയുമെന്ന കുബുദ്ധി അുതോടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

വിദ്യാര്‍ഥികളെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനം ഒരു വശത്തും നിലപാടുകളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള മേല്‍ഘടക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഇടപെടലുകള്‍ മറുവശത്തും ആരംഭിച്ചതോടെ വിദ്യാര്‍ഥി രാഷ്ട്രീയം വഴിമാറി സഞ്ചരിച്ചു തുടങ്ങി.
അവകാശങ്ങള്‍ നേടിയെടുക്കാനായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. കേരളത്തില്‍ ആരംഭിച്ച സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരം ഇതിനൊരുദാഹരണമാണ്. 1991 ല്‍ കേരളത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ പരിയാരത്ത് സ്വാശ്രയ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം അതിനെതിരേ ശക്തമായി രംഗത്തുവന്നു. കേരളത്തില്‍  വലിയ സ്വാധീനമുണ്ടായിരുന്ന എസ്എഫ്‌ഐയുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഇതിനെതിരേ പ്രമേയം പാസ്സാക്കി. അതിരൂക്ഷമായ പ്രതിഷേധങ്ങളാണ് 90 കളില്‍ ഇതിനെതിരേ ഉണ്ടായത്. അടിയന്തരാവസ്ഥക്ക് ശേഷം പ്രധാനപ്പെട്ട ഇഷ്യൂ കിട്ടാതിരുന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്ക് സ്വാശ്രയ കോളജ് വിഷയം ചാകരയായിരുന്നു. ഭരിച്ചിരുന്നതാവട്ടെ, കോണ്‍ഗ്രസ് മുന്നണിയും.

 

കൂത്തുപറമ്പില്‍ സഹകരണ മന്ത്രി എംവി രാഘവന്‍ എത്തിയപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ക്കു നേരെ വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ അഞ്ചു യുവാക്കള്‍ കൊല്ലപ്പെട്ടു. അതേ തുടര്‍ന്ന് ഇടതുപക്ഷം വലിയ തോതിലുള്ള പ്രക്ഷോഭം അഴിച്ചുവിട്ടു. കേരളത്തിലാകെ സംഘര്‍ഷാവസ്ഥ നിലനിന്നു. പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട് തിരുത്തേണ്ടിവന്നു. അവര്‍ക്ക് അധികാരം കിട്ടിയപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയനയം പിന്തുടരേണ്ടിവന്നു. ഇന്ന് പരിയാരം മെഡിക്കല്‍ കോളജ് സിപിഎം നിയന്ത്രണത്തിലാണെന്ന് ഇതോട് ചേര്‍ത്ത് വായിക്കണം.

മേല്‍ഘടകം നിശ്ചയിച്ചുവച്ച രാഷ്ട്രീയ നിലപാടുകള്‍ക്കും നിലപാടില്ലായ്മകള്‍ക്കും അപ്പുറത്ത് വിദ്യാര്‍ഥി സംഘടനകള്‍ക്കും നിലപാടില്ലാതായി. ഈ പരിമിതിയെ മറികടക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അക്രമവും കലാപവും. നിലപാടുകളും ആശയസംവാദങ്ങളും സജീവമായിരുന്ന കാംപസ് അക്രമത്തിന്റെയും ഗുണ്ടാപ്രവര്‍ത്തനത്തിന്റെയും കേളീരംഗമായി മാറി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍കൊണ്ടും ആശയ സംവാദങ്ങള്‍കൊണ്ടും സജീവമായിരുന്ന കാംപസുകള്‍ അക്രമത്തിന്റെയും കലാപത്തിന്റെയും വഴി സ്വീകരിക്കുന്നതെങ്ങനെയാണ്? കേവലം ഒറ്റപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള നയം മാറ്റമായല്ല ഇതിനെ വിലയിരുത്തേണ്ടത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന രീതി പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. 2005 ല്‍ എഡിബിയില്‍നിന്നും നഗരവികസനത്തിന് വായ്പ വാങ്ങാന്‍ കോണ്‍ഗ്രസ് മുന്നണി തീരുമാനമെടുത്തപ്പോള്‍ സര്‍ക്കാര്‍ സാമ്രാജ്യത്വ ഏജന്റ് എന്നുപറഞ്ഞ് ഇടതുപക്ഷം കേരളം മുഴുക്കെ സമരം നടത്തി. ഓഫിസുകള്‍ അക്രമിച്ചും കരിഓയില്‍ ഒഴിച്ചും സര്‍ക്കാര്‍ ബസ്സുകള്‍ തല്ലിതകര്‍ത്തും സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഈ കരാറില്‍ ഒപ്പിട്ടു. അപ്പോള്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സാമ്രാജ്യത്വ വിരോധം മാളത്തില്‍ ഒളിച്ചു.
തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനകളും കാംപസുകളെ പ്രശ്‌നവല്‍ക്കരിക്കുന്നതില്‍ ഒട്ടും പുറകിലല്ല. തങ്ങള്‍ നിശ്ചയിക്കുന്ന തീരുമാനങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നു.

കലാപത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം തന്നെയാണ് അവരും പയറ്റുന്നത്. ‘ആശയപരമായ അടിത്തറ ശക്തമല്ലാതാവുമ്പോള്‍ ആയുധമേന്തുന്നതാണ് ശരി’യെന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം പ്രയോഗവല്‍ക്കരിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇന്ന് കാംപസുകളില്‍ സാംസ്‌കാരികമായ ശൂന്യതയാണ് നിലനില്‍ക്കുന്നത്. കയ്യൂക്കിനും ഗുണ്ടായിസത്തിനും രാഷ്ട്രീയത്തിന്റെ മേലങ്കി പുതപ്പിച്ചിരിക്കുന്നു. യൂണിയന്‍ ഓഫിസുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വന്‍തോതിലുള്ള അക്രമപ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികം പേരും ഏതെങ്കിലുമൊരു മയക്കുമരുന്നിന്റെ പിടുത്തത്തിലാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കാംപസുകളില്‍ ജനാധിപത്യവിരുദ്ധ പ്രവണതകളും അക്രമങ്ങളും അരങ്ങ് തകര്‍ക്കുന്നു. അക്രമവും കൊലപാതകവും വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി മാറ്റുന്ന ശരികേടിന് മാതൃസംഘടനകള്‍ വളവും വെള്ളവും നല്‍കി പ്രോത്സാഹിപ്പിച്ചു. സംഘങ്ങളെ വലുതാക്കാന്‍ മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നു. ഇതിന്റെ ഫലമായിട്ടുകൂടിയാണ് കേരളത്തില്‍ അരാഷ്ട്രീയവാദം ശക്തിപ്പടുന്നത്.
മര്‍ദ്ദകനോട് പൊരുതാനുള്ള  മര്‍ദ്ദിതന്റെ ആയുധം സംഘടിതബോധമാണ്. അറിവിന്റെ വെളിച്ചം നഷ്ടപ്പെടുമ്പോള്‍ മര്‍ദ്ദിതന്‍ തന്റെ സമരായുധത്തിന്റെ ഫലപ്രദമായ പ്രയോഗത്തില്‍ പരാജയപ്പെടുന്നു. ഈ ആശയമാണ് പൗലോഫ്രെയറെ പുതിയൊരു ബോധനശാസ്ത്രരചനയ്ക്ക് പ്രചോദിപ്പിച്ചത്. നാരായണ ഗുരു ആഹ്വാനം ചെയ്തത് വിദ്യ അഭ്യസിക്കുക പ്രബുദ്ധരാവുക എന്നാണ്. അയ്യങ്കാളി ഈ വഴിയില്‍ വളരെ പ്രധാനപ്പെട്ട ശ്രമങ്ങള്‍ നടത്തി. നമ്മുടെ വിദ്യാഭ്യാസ നയം, സിലബസ്, ടെക്‌സ്റ്റ് ബുക്കുകള്‍ എന്നിവ വിമോചന വിദ്യാഭ്യാസത്തിന്റെ ദൗത്യം നിര്‍വഹിക്കുന്നില്ല.

ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്‌വേണ്ടി കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയം. രാഷ്ട്രീയം ഉപേക്ഷിക്കുക എന്നത് സാമൂഹ്യവിരുദ്ധമായ നീചപ്രവൃത്തിയാണ്. സഹജീവിയുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം സമീപിക്കാതിരിക്കുക സാമൂഹികമായ ആന്ധ്യമാണ്. ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ പൗരന്‍ എന്നതല്ല, ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍ കൂടിയാണ് എന്നതാണ് ശരി. സര്‍വ്വകലാശാല പ്രത്യയ ശാസ്ത്രരംഗത്തെ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദികളിലൊന്നായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥിയുടെ ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും കടമ പഠനമാണ് എന്ന് പറയുന്നത്.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം അരാഷ്ട്രീയവല്‍ക്കരണമാണ്. അമ്പതുകളിലേയും അറുപതുകളിലേയും രാഷ്ട്രീയബോധം വിദ്യാര്‍ത്ഥികളില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഭക്ഷണത്തിനുവേണ്ടി, വിലക്കയറ്റത്തിനെതിരെ, മൗലികാവകാശ ധ്വംസനത്തിനെതിരെ, സ്വാതന്ത്ര്യ നിഷേധത്തിനെതിരെ, വര്‍ഗീയതക്കെതിരെ, ഫാഷിസത്തിനെതിരെ ഇന്ന് വിദ്യാര്‍ത്ഥികള്‍ സമരസന്നദ്ധരാവുന്നില്ല. ഇന്ത്യന്‍ യുവത്വം, കേരളീയ യുവത്വം, അന്യാധീനമാക്കപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയിലും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ക്യാംപസുകളില്‍ ചര്‍ച്ചയാവുന്നില്ല. ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ അധികാരശക്തികള്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴും ദലിതുകളും മുസ്‌ലിംകളും കൊന്നൊടുക്കപ്പെടുമ്പോഴും നമ്മുടെ ക്യാംപസുകള്‍ അപകടകരമായ മൗനമാണ് അവലംബിക്കുന്നത്. ഒരു സമൂഹത്തന്റെ പ്രതികരണത്തിന്റെയും മുന്നോട്ടുപോക്കിന്റെയും ചാലകശക്തിയായി വര്‍ത്തിക്കേണ്ട യുവസമൂഹം ആലസ്യത്തില്‍നിന്നും അലംബാവത്തില്‍നിന്നും ഉണര്‍ന്നേ മതിയാവൂ. അക്രമത്തിന്റെയും അരാഷ്ട്രീയതയുടെയും ആപല്‍ക്കയങ്ങളില്‍നിന്നും ക്യാംപസുകള്‍ വിമോചിപ്പിക്കപ്പെടേണ്ടതുണ്ട്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss