|    Jun 24 Sun, 2018 7:58 pm
FLASH NEWS

വിദ്യാര്‍ഥി യുവജന സംഘടനകള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

Published : 29th January 2017 | Posted By: fsq

 

കൊച്ചി: നഗരത്തില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ മണിക്കൂറുകളോളം ചേരി തിരിഞ്ഞ് ഏറ്റമുട്ടി. ഇന്നലെ രാവിലെ 11 ഓടെ മാഹാരാജാസ് കോളജിനു മുന്നില്‍  തുടങ്ങിയ സംഘര്‍ഷം ഉച്ചയ്ക്ക് രണ്ടോടെയാണ് അവസാനിച്ചത്. രാവിലെ നടന്ന ഐഎന്‍ടിയുസി, കെഎസ്‌യു മാര്‍ച്ചിലേക്ക് കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഐഎന്‍ടിയുസി-കെഎസ്‌യു പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ നഗരം മണിക്കൂറുകളോളം സംഘര്‍ഷത്തിന്റെ മുള്‍മുനയിലായിരുന്നു. എറണാകുളം ലോ കോളജിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ കോലം കത്തിച്ചതു മുതലാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. കോലം കത്തിച്ച കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും സംഘര്‍ഷത്തില്‍ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ഐഎന്‍ടിയുസി-കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നിന്ന് ഐജി ഓഫിസ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് മഹാരാജാസ് കോളജിന് മുന്നില്‍ എത്തിയപ്പോള്‍ സംഘടിച്ചെത്തിയ ഒരുപറ്റം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനു പരിക്കേല്‍ക്കുകയും ചെയ്തതോടെ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങി. കല്ലെറിഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു-ഐഎന്‍ടിയുസി പ്രവര്‍ത്തകരും തമ്മില്‍ മഹാരാജാസിന് മുന്നില്‍ ഏറ്റുമുട്ടി. ഈ സമയം മൂന്ന് പോലിസുകാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കാവട്ടെ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനും സാധിച്ചില്ല. അഖിലേന്ത്യാ സമ്മേളന പ്രചരണാര്‍ഥം മറൈന്‍ ഡ്രൈവ് പരിസരത്ത് ഡിവൈഎഫ്‌ഐ സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. ഇതിനിടിയില്‍ ഐജി ഓഫിസിലേക്ക് എത്തിയ കെഎസ്‌യു-ഐഎന്‍ടിയുസി മാര്‍ച്ച് പൊലിസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. അതേസമയം, പ്രചരണ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചതറിഞ്ഞ് സിഐടിയു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഐജി ഓഫിസിനു സമീപം പോലിസ് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പോലിസിനെ മറികടന്ന് ഹൈക്കോടതി ജങ്ഷന് സമീപത്തേക്ക് ഇവര്‍ നീങ്ങി. ഹൈക്കോടതിക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു ഇവരുടെ നീക്കം. എന്നാല്‍ ഹൈക്കോടതി ജങ്ഷനിലേക്ക് പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും കൂടുതല്‍ നേതാക്കള്‍ ഇവിടെയെത്തി. ഇവരെ തടഞ്ഞതോടെയാണ് പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിച്ചത്. ഈ സമയം, മാര്‍ച്ച് കഴിഞ്ഞ് മടങ്ങിയ ഐഎന്‍ടിയുസി, കെഎസ് യു പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയെങ്കിലും കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസുകാരെത്തി ഇരുവിഭാഗത്തേയും മടക്കി അയച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും പേരില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss