|    Oct 21 Sun, 2018 1:34 am
FLASH NEWS

വിദ്യാര്‍ഥി മരിച്ച സംഭവം : റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന് മര്‍ദനം

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: മിംസ് ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ലോഡ്ജില്‍ ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ  മാധ്യമപ്രവര്‍ത്തകന് മര്‍ദനം.  മലയാള മനോരമ റിപോര്‍ട്ടര്‍ ടി ഡി ദിലീപിന് നേരെയാണ്  ഒരുസംഘം ആളുകള്‍ അക്രമം അഴിച്ച്‌വിട്ടത്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെയാണ് ദിലീപിനെ സംഘം ആക്രമിച്ചത്.  വെള്ളയില്‍ ജോസഫ് റോഡിലെ അറഫ മന്‍സിലില്‍ ഷാജഹാന്റെ  മകനും  മലബാര്‍ ക്രിസ്ത്യന്‍ കോളജ് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ  ഷാഹിലിന്റെ(22) മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട  യുവതിയെ സംഘം തടഞ്ഞുവയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോ ള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് പത്തോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചതെന്ന് ദിലീപ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നു പറഞ്ഞിട്ടും അതു ചെവിക്കൊള്ളാതെ നാഭിക്കു ചവിട്ടുകയും മൂക്കില്‍ ശക്തിയായി ഇടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഇതുവഴി വന്ന മാധ്യമ പ്രവര്‍ത്തകനായ ആഷിക് കൃഷ്ണന്‍  പൊലിസ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചതിനെ തുടര്‍ന്നു പോലിസുകാരാണ് ദിലീപിനെ ആശുപത്രിയിലെത്തിച്ചത്. അതിനിടെ ഷാഹിലിന്റെ (22) മരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കാപ്പമുണ്ടായിരുന്ന നടുവട്ടം കണ്ണന്‍തൊടി സ്വദേശി ആഷിക്ക്, തന്‍വീര്‍ എന്നിവരേയും ഇവരുടെ സുഹൃത്തെന്നു പറയുന്ന യുവതിയെയും പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.25നാണ് മിനിബൈപാസ് റോഡിലെ മിംസ് ആശുപത്രിയ്ക്കു മുന്നിലുള്ള പാലസ് ലോഡ്ജില്‍ ആഷികും തന്‍വീറും  മുറിയെടുക്കാനെത്തിയത്. ആശുപത്രിയിലേക്ക് രോഗിയോടൊപ്പം എത്തിയതാണെന്നും അവിടെ നില്‍ക്കാന്‍ കഴിയാത്തതിനാലാണു മുറിയെടുക്കുന്നതെന്നുമാണ് ഇവര്‍ ലോഡ്ജിലെ റിസപ്ഷനിസ്റ്റിനോട് പറഞ്ഞത്. ആശുപത്രിയിലെ പാസ് കാണിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ആധാര്‍ കാണിക്കുകയും തുടര്‍ന്നു റൂം നല്‍കുകയുമായിരുന്നു. ആഷികിന്റെ പേരിലാണ് മുറിയെടുത്തത്. ഫോണ്‍ നമ്പറും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തിരുന്നു. 20 മുറികളുള്ള ലോഡ്ജില്‍ അഞ്ചു മുറികളിലും ഇന്നലെ ആളുകളുണ്ടായിരുന്നു. പുലര്‍ച്ചെയാണ് ഷാഹില്‍ ഇവിടേക്കെത്തുന്നത്. ലോഡ്ജിലുള്ളവരാരും ഷാഹിലിനെ കണ്ടിരുന്നില്ല. ഇതിനിടെ ഷാഹിലിന് ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും ആഷികിന്റെ സുഹൃത്തായ യുവതിയെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ഉടനെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss