|    Jan 21 Sat, 2017 7:48 am
FLASH NEWS

വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തരുത്

Published : 19th August 2016 | Posted By: SMR

ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരേ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന പ്രമേയവുമായി കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് അനുമതി നിഷേധിച്ച ഭരണകൂടത്തിന്റെ തീരുമാനവും പോലിസിന്റെ തുടര്‍നടപടികളും സൂചന നല്‍കുന്നത് വളരെ ആപല്‍കരമായ പ്രവണതയിലേക്കാണ്.
ആഗസ്ത് 16ന് കാസര്‍കോട് നിന്നു തുടങ്ങി സപ്തംബര്‍ 9ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് കാംപസ് ഫ്രണ്ട് കലാജാഥ പ്രഖ്യാപിച്ചത്. പോലിസ് അനുമതി തേടി നാളുകള്‍ക്കു മുമ്പുതന്നെ അധികൃതരെ സമീപിച്ചിരുന്നു. അനുമതി നല്‍കാനാവില്ലെന്ന് ആഗസ്ത് 12നാണ് അധികൃതര്‍ വിവരം നല്‍കിയത്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിന് സംഘടനാനേതാക്കളെ കാണാന്‍ മുഖ്യമന്ത്രിയും പോലിസ് മേധാവിയും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് 17ന് കണ്ണൂരില്‍ നിന്നു കലാജാഥ ആരംഭിക്കുമെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഫാഷിസത്തിനെതിരായ പ്രതിഷേധം പോലിസിനെ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച കാംപസ് ഫ്രണ്ട് നേതൃത്വം നട്ടെല്ല് വളയ്ക്കാന്‍ തയ്യാറില്ലാത്ത പുതുതലമുറയുടെ ചങ്കൂറ്റമാണ് പ്രകടിപ്പിച്ചത്.
വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് ഭീഷണി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുന്നതിനെ ഇടതുസര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല. മനുവാദത്തില്‍നിന്നും ഫാഷിസത്തില്‍ നിന്നും ആസാദി പ്രഖ്യാപിച്ച ജെഎന്‍യു വിദ്യാര്‍ഥികളെയും ഹൈദരാബാദില്‍ രോഹിത് വെമുലയെയും സഹപാഠികളെയും പീഡിപ്പിച്ച നരേന്ദ്രമോദി ഭരണകൂടത്തിന്റെ ശൈലി പകര്‍ത്തുകയായിരുന്നു പിണറായി വിജയന്‍. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെയും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെയും സമീപനങ്ങളും രീതികളും സമാനമാവുന്നത് മതേതര ജനാധിപത്യവിശ്വാസികള്‍ക്ക് ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്.
കേരളത്തിനു പുറത്ത് സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരേ പ്രതിരോധനിര തീര്‍ക്കുന്നതിന് സിപിഎം രംഗത്തുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ ഫാഷിസത്തിനെതിരായ പ്രചാരണം തങ്ങള്‍ തീരുമാനിക്കുന്നവര്‍ മാത്രം നടത്തിയാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് കാണുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യം ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവരുടെ തറവാട്ട് സ്വത്താണോ എന്ന് ചോദിക്കേണ്ടിവരുന്നു. വിദ്യാര്‍ഥിപ്രക്ഷോഭങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റംപറയാനുള്ള അര്‍ഹത നഷ്ടമാവുകയാണ്.
കലാജാഥയ്ക്ക് അനുമതി നിഷേധിച്ചതും വിദ്യാര്‍ഥിനേതാക്കളെ അറസ്റ്റ് ചെയ്തതും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. ഫാഷിസ്റ്റ് അസഹിഷ്ണുതയുടെ വക്താവായി മുഖ്യമന്ത്രി മാറിക്കൂടാത്തതാണ്. രാജ്യം മുഴുവന്‍ ഫാഷിസത്തിനെതിരേ പ്രതിഷേധമുയരുകയും പ്രചാരണം സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ മാത്രം അനുമതി നല്‍കാതിരിക്കുന്നതിന്റെ ന്യായം മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. എകാധിപത്യ ശൈലിയില്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചൊതുക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിനെതിരേ ജനാധിപത്യവിശ്വാസികള്‍ അണിനിരക്കണം. ഫാഷിസത്തിനെതിരേ ഉയരുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമം സ്വാഭാവികം മാത്രമാണ്. അവിടെ കാഴ്ചക്കാരന്റെ റോളല്ല ഇടതുപക്ഷ മുഖ്യമന്ത്രിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. തെറ്റുതിരുത്തി കാംപസ് ഫ്രണ്ടിന്റെ സാംസ്‌കാരിക കലാജാഥയ്ക്ക് അനുമതി നല്‍കാനും കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക