|    Feb 21 Tue, 2017 10:56 pm
FLASH NEWS

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കോട്ടക്കലില്‍ ഉപേക്ഷിച്ചു

Published : 30th November 2016 | Posted By: SMR

രാമനാട്ടുകര: രാമനാട്ടുകരയില്‍ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ഒമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോയി മൊട്ടയടിച്ചതിനു ശേഷം കോട്ടക്കലില്‍ ഉപേക്ഷിച്ചു. രാമനാട്ടുകര സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഇന്നലെ രാവിലെ രാമനാട്ടുകര രാമേശ്വരം റോഡില്‍ വെച്ച് ഒമ്‌നി വാനില്‍ വന്നവര്‍ തട്ടിക്കൊണ്ട് പോയെന്ന് വിദ്യാര്‍ഥി പറഞ്ഞു. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് വ്യക്തമാക്കി. വാനില്‍ വന്നവര്‍ രാമേശ്വരം ക്ഷേത്രത്തിലേക്ക് വഴി ചോദിച്ചാണ് വിദ്യാര്‍ഥിയെ സമീപിച്ചത്. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ ഒരാള്‍ ഡോര്‍ തുറന്ന് കുട്ടിയെ വാനിലേക്ക് തള്ളിയിടുകയായിരുന്നുവത്രേ. ബാക്ക് സീറ്റില്‍ ഇരുന്ന ആള്‍ പഞ്ഞിയില്‍ മുക്കിയ എന്തോ സാധനം മണപ്പിച്ചതോടെ ബോധം പോയതായും ബോധം വരുമ്പോള്‍ എവിടയാണെന്ന് അറിയില്ലായിരുന്നുവെന്നും വിദ്യാര്‍ഥി മൊഴിനല്‍കി.  കുറച്ചു കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ നിന്ന് സ്‌കൂള്‍ ബാഗടക്കം തന്നെ പുറത്തേക്കു തള്ളിയിട്ടതായും കുട്ടി പറഞ്ഞു. കോട്ടക്കല്‍ ആണ് സ്ഥലമെന്ന് പിന്നീട് മനസ്സിലായി. ഇതിനിടെ വാഹനത്തില്‍ നിന്ന് മൊട്ടയടിച്ചതാവാമെന്നാണ് വിദ്യാര്‍ഥി പറയുന്നത്. വണ്ടിയില്‍ കുറച്ചു മുടിയും ഉണ്ടായിരുന്നുവത്രെ. റോഡില്‍ വീണ കുട്ടിയുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ കോട്ടക്കല്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍ മനസ്സിലാക്കിയ പോലിസ് അധികൃതരെ അറിയിക്കുകയായിരുന്നു.  അധ്യാപകരും രക്ഷിതാക്കളും കോട്ടക്കലില്‍ ചെന്ന് കുട്ടിയെ രാത്രിയോടെ രാമനാട്ടുകരയിലേക്ക് കൂട്ടികൊണ്ടുപോന്നു. എന്നാല്‍ വിദ്യാര്‍ഥി പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളില്‍ സമാന സ്വാഭാവമുള്ള ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക