|    Sep 25 Tue, 2018 6:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിയുടെ മരണം: സ്ഥാപനത്തിന്റെ അറിവോടെ നടന്ന കൊലപാതകമെന്ന് പിതാവ്

Published : 13th September 2018 | Posted By: kasim kzm

മലപ്പുറം: എടവണ്ണ ജാമിഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന കാസര്‍ഗോഡ് പടന്ന സ്വദേശി മുഹമ്മദ് സഹീര്‍ ദൂരൂഹ സാഹചര്യത്തില്‍ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കെണ്ടു വരണമെന്ന് പിതാവ് പി വി മുഹമ്മദ് സ്വാദിഖ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തന്റെ മകന്റെ മരണം സ്ഥാപന അധികാരികളുടെ അറിവോടെ നടന്ന കൊലപാതകം തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
ബലി പെരുന്നാള്‍ അവധിക്ക് ശേഷം കോളജിലേക്ക് പോയ സഹീര്‍ മരണപ്പെട്ടതായി ഈ മാസം രണ്ടിന് വൈകിട്ട് അഞ്ചരയോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്ന് പരിചയപ്പെടുത്തി ഫോ ണ്‍ ലഭിക്കുന്നത്. സഹീര്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചുവെന്നായിരുന്നു ലഭിച്ച വിവരം. പഠനത്തിലും ദീനീ ചര്യകളിലും താല്‍പര്യവും നിഷ്ഠയുമുള്ള സഹീര്‍ ഇങ്ങിനെയൊരു കടുംകൈ ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു.
നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് ആഗസ്ത് 28ന് എടവണ്ണയിലെ സ്ഥാപനത്തിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ ഹോസ്റ്റലിലേക്ക് തിരിച്ചു പോയ ദിവസം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ഹോസ്റ്റലിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍, എവിടെയെങ്കിലും കിടന്നോ, ഇങ്ങോട്ട് വരേണ്ട എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. സുഹൃത്തിന്റെ റൂമില്‍ താമസിച്ച സഹീര്‍ പിറ്റേന്ന് വാര്‍ഡനുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഹോസറ്റല്‍ വാര്‍ഡനുമായി ചില അഭിപ്രായ വ്യാത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതൊക്കെയാണ് മരണം കൊലപാതകമാണെന്ന് പറയാന്‍ കാരണമെന്നും മുഹമ്മദ് സ്വാദിഖ് പറഞ്ഞു. സഹീര്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടതിനെയും ഉപയോഗിച്ചു എന്നു പറയുന്ന കയറിനെക്കുറിച്ചും വൈരുദ്ധ്യമുള്ള വിവരങ്ങളാണു പറയുന്നത്. കോളജിന്റെ വിളിപ്പാടകലെയാണ് പോലിസ് സ്റ്റേഷനെങ്കിലും പോലിസ് മൃതദേഹം കാണുന്നത് പിറ്റേന്ന് രാവിലെ ഒമ്പതരയ്ക്ക് മോര്‍ച്ചറിയില്‍ വച്ചാണ്. പോലിസ് എത്തുന്നതിന് മുമ്പ് തന്നെ സ്ഥാപന അധികാരികള്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം നടന്നു പത്തു ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കുന്നതില്‍ ബാഹ്യ ഇടപെടല്‍ നടക്കുന്നു. സ്ഥാപനം നിയന്ത്രിക്കുന്ന സംഘടനയുടെ നേതാക്കള്‍ പോലും സംഭവം ഒതുക്കിതീര്‍ക്കാനാണു ശ്രമിക്കുന്നത്- മുഹമ്മദ് സ്വാദിഖ് ആ രോപിച്ചു.
പോലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്ഥാപന അധികാരികള്‍ മരണം ആത്മഹത്യയാക്കിയിരിക്കുകയാണ്. അവധി കഴിഞ്ഞു തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥി മരിച്ചിട്ടും സ്ഥാപന അധികാരികളോ,അധ്യാപകരോ മൃതദേഹം അനുഗമിക്കുക പോലും ചെയ്യാത്തത് സംശയം ബലപ്പെടുത്തുന്നുവെന്നും മരണ ശേഷം സഹീറിനെ മാനസിക രോഗിയാക്കാനുള്ള ശ്രമമാണ് സ്ഥാപന അധികൃതര്‍ നടത്തിയതെന്നും പിതാവ് പറഞ്ഞു. മരണം അന്വേഷിക്കണണെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലിസ് മേധാവി, ചൈല്‍ഡ് ലൈന്‍ എന്നിവടങ്ങളില്‍ പരാതി നല്‍കിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ സ്ഥാപനത്തിന് മുന്നില്‍ മരണം വരെ നിരാഹാര സമരമിരിക്കുമെന്നും മുഹമ്മദ് സ്വാദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബന്ധുക്കളായ അഡ്വ. പി എന്‍ അബ്ദുല്‍ ലത്തീഫ്, പി എന്‍ ഹര്‍ഷദ്, പി വി മന്‍സൂര്‍, ടി കെ പി മുസ്്തഫ എന്നിവരും പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss