|    Mar 23 Thu, 2017 4:04 pm
FLASH NEWS

വിദ്യാര്‍ഥിയുടെ മരണം: നാട്ടുകാര്‍ റോഡും പോലിസ് സ്റ്റേഷനും ഉപരോധിച്ചു

Published : 29th August 2016 | Posted By: SMR

പാലക്കുന്ന്: അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരുടെ ദേഹത്ത് പാഞ്ഞുകയറി പ്ലസ് വണ്‍ വിദ്യാര്‍ഥി മരണപ്പെടുകയും മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് ഉപരോധിച്ചു.
ബേക്കല്‍ സ്‌റ്റേഷന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. തൃക്കണ്ണാട് കെഎസ്ടിപി പാതയാണ് ഇന്നലെ വൈകിട്ട് മൂന്നരമുതല്‍ നാട്ടുകാര്‍ ഉപരോധിച്ചത്. അപകടം വരുത്തിയ കാര്‍ ഓടിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബേക്കല്‍ സ്‌റ്റേഷന് മുന്നിലും നാട്ടുകാര്‍ സംഘടിച്ചെത്തി. കെഎസ്ടിപി റോഡ് ഉപരോധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറായി.
കോണ്‍ഗ്രസ് നേതാവ് വി ആര്‍ വിദ്യാസാഗറിന്റെ കാറാണ് അപകടം വരുത്തിയതെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതോടെയാണ് നാട്ടുകാര്‍ പ്രകോപിതരായത്.
ഒരു മാസംമുമ്പും ഇതേ സ്ഥലത്ത് മറ്റൊരു കാറിടിച്ച് ഒരു യുവാവ് മരണപ്പെട്ടിരുന്നു. അ ന്നും നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. നിരവധി വാഹനങ്ങളും തകര്‍ത്തിരുന്നു.
എന്നാല്‍ അപകടം കുറക്കാന്‍ ശാശ്വതമായ പരിഹാരം ഇനിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതിനിടെ ബേക്കല്‍ ജങ്ഷനില്‍ നിന്ന് മൗവ്വല്‍ ഭാഗത്തേക്ക് ബസുകള്‍ തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ഗതാഗതം തടഞ്ഞത്.
അവധി ദിവസമായതിനാല്‍ ബേക്കല്‍ കോട്ടയടക്കമുള്ള പ്രദേശങ്ങളിലേക്ക് അന്യ ദിക്കുകളില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് തിരിച്ചുപോകാന്‍ വഴിയില്ലാതായി. കല്ല്യാണ പാര്‍ട്ടികള്‍ സഞ്ചരിച്ച വാഹനങ്ങളും റോഡില്‍ കുടുങ്ങിക്കിടുന്നു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക