|    May 30 Tue, 2017 2:48 am
FLASH NEWS

വിദ്യാര്‍ഥിയുടെ മരണം നാടിന്റെ ദുഃഖമായി; അപകടം വിളിച്ചോതി പഞ്ചായത്ത്കുളം; സുരക്ഷാ മതില്‍ തകര്‍ന്നിട്ട് മാസങ്ങള്‍

Published : 17th July 2016 | Posted By: SMR

മാന്യ: അപകടം വിളിച്ചോതി പഞ്ചായത്ത് കുളം. ബദിയടുക്ക പഞ്ചായത്തിലെ മാന്യയിലെ ആമുകുളമാണ് ജനജീവിതത്തിന് ഭീഷണിയായത്. ഇന്നലെ ഒരു വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. വേനല്‍ക്കാലത്തും മഴക്കാലത്തും ഈ കുളത്തില്‍ നിറയെ വെള്ളമുണ്ടാവാറുണ്ട്. ഇതേ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് ഇവിടെ കുളിക്കാനെത്തുന്നത്.
വിശാലമായ ഈ കുളത്തില്‍ രണ്ട് വര്‍ഷം മുമ്പ് കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ചുറ്റുമതില്‍ നിര്‍മിച്ചിരുന്നുവെങ്കിലും നിര്‍മാണത്തിലെ അപാകത മൂലം ഇതും തകര്‍ന്നു.
ഇതിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പോലും പഞ്ചായത്ത് തയ്യാറായില്ല. അപകടമുണ്ടാക്കുന്ന കുളത്തിനരികില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനും അധികൃതര്‍ തയ്യാറായില്ല. ഈ കുളത്തിലെ വെള്ളം ഉപയോഗിച്ച് ബദിയടുക്ക പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കിയിരുന്നു.
എന്നാല്‍ നിരവധി പേര്‍ കുളിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കുളത്തിന്റെ പരിസരം ചെങ്കല്ല് മേഖലയാണ്. ഇവിടെ നിരവധി സ്വകാര്യ വ്യക്തികളുടെ ചെങ്കല്ല് ക്വാറികളുണ്ട്. ചെങ്കല്ല് മുറിച്ചെടുത്ത ശേഷം പണകള്‍ ഉപേക്ഷിക്കുന്നതിനാല്‍ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ദുരന്തത്തിന് കാരണമാകുന്നു.
ബദിയടുക്ക, മുളിയാര്‍, എണ്‍മകജെ, കാറഡുക്ക, ചെമനാട്, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ നിരവധി ക്വാറികളാണ് സുരക്ഷാ മതിലില്ലാതെ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം നിറയുന്നതിനാല്‍ കുട്ടികള്‍ കുളിക്കാനെത്തുന്നു. ഇതിന് സുരക്ഷാമതില്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല. ഉപേക്ഷിച്ച ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ ജില്ലയില്‍ നിരവധിയാണ്. ഇതിന് സുരക്ഷാ മതില്‍ കെട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചെങ്കള പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെല്ലിക്കട്ടക്കടുത്ത ഒരു കുളത്തില്‍ രണ്ട് വര്‍ഷം മുമ്പ് കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും മരണപ്പെട്ടിരുന്നു. പൊയിനാച്ചിയില്‍ ഉപേക്ഷിച്ച ചെങ്കല്‍ ക്വാറിയില്‍ വീണ് രണ്ട് പിഞ്ചുകുട്ടികളും മരണപ്പെട്ടിരുന്നു. മരണസംഖ്യ കൂടുമ്പോഴും അധികൃതരുടെ അനാസ്ഥമൂലം നടപടി വൈകുകയാണെന്ന് പരാതിയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മാന്യയിലെ കുളത്തില്‍ മുങ്ങിമരിച്ച ചൂരിയിലെ വിദ്യാര്‍ഥിയുടെ മയ്യിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വിദ്യാര്‍ഥിയുടെ സഹപാഠികളും നാട്ടുക ാരും ആശുപത്രിയിലെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day