|    Jul 26 Wed, 2017 4:31 am
FLASH NEWS

വിദ്യാര്‍ഥിയുടെ ജീവനു വേണ്ടി ഒരേ ദിവസം നാലു ബസ്സുകളുടെ സാന്ത്വനയാത്ര

Published : 19th August 2016 | Posted By: SMR

ചെറുപുഴ: രക്താര്‍ബുദ ബാധിതനായ വിദ്യാര്‍ഥിയുടെ ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ യുവജന സംഘടനക്കൊപ്പം ഒരേ റൂട്ടിലോടുന്ന 4 ബസ്സുകള്‍ ഒരേദിവസം സര്‍വീസ് നടത്തി മാതൃകയായി. കീമോതെറാപ്പിക്ക് വിധേയനായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന പെരിങ്ങോം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയും മടക്കാംപൊയിലിലെ റോയി-ഷീജ ദമ്പതികളുടെ മകനുമായ അമല്‍ റോയിയുടെ ചികില്‍സയ്ക്ക് പണം കണ്ടെത്താനാണ് പയ്യന്നൂര്‍-ചെറുപുഴ-പുളിങ്ങോം-തിരുമേനി റൂട്ടിലോടുന്ന ആവണി, ന്യൂലൈഫ്, മൈക്രോണ്‍, ജാനവി ബസുകള്‍ പെരിങ്ങോം ടീം റെഡ്സ്റ്റാറിനൊപ്പം കൈകോര്‍ത്ത് സാന്ത്വനയാത്ര നടത്തിയത്.
ഇന്നലത്തെ സര്‍വീസുകളില്‍ ടിക്കറ്റിന് പകരമായി യാത്രക്കാരില്‍ നിന്നും ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചാണ് ചികില്‍സാ ഫണ്ട് സ്വരൂപിച്ചത്. സാന്ത്വനയാത്രക്ക് തുടക്കം കുറിച്ച് രാവിലെ 8ന് മൈക്രോണ്‍ ബസിന്റെ യാത്ര പാടിയോട്ടുചാലില്‍ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി നളിനിയും 8.20ന് ന്യൂലൈഫ് ബസിന്റെ യാത്ര പെരിങ്ങോത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലനും 9ന് ജാനവി ബസിന്റെ യാത്ര ചെറുപുഴയില്‍ പഞ്ചായത്തംഗം കെ രാജന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തും 9.30ന് ആവണി ബസ്സിന്റെ യാത്ര പയ്യന്നൂരില്‍ സി കൃഷ്ണന്‍ എംഎല്‍എയും ഫഌഗ് ഓഫ് ചെയ്തു.
ബസ് ജീവനക്കാര്‍ക്കൊപ്പം ടീം റെഡ്സ്റ്റാറിന്റെ പ്രവര്‍ത്തകര്‍ സംഭാവനക്കായി യാത്രക്കാരെ സമീപിച്ചപ്പോള്‍ വലിയ തുക ഫണ്ടിലേക്ക് സ്വരൂപിക്കാനായി. അമല്‍ റോയിയുടെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സംഘടിപ്പിച്ച യാത്രക്ക് ചികില്‍സാ സഹായസമിതി ചെയര്‍മാന്‍ എം ജനാര്‍ദ്ദനന്‍, റെഡ്സ്റ്റാര്‍ ക്ലബ്ബ് രക്ഷാധികാരി കെ രാമകൃഷ്ണന്‍, പ്രവര്‍ത്തകരായ താരേഷ് കുമാര്‍, യു ജിതിന്‍, ജി സനല്‍, പി എ മഹേഷ്, എ അഖില്‍ എന്നിവരും നേതൃത്വം നല്‍കി. ചികില്‍സാഫണ്ട് സ്വരൂപിക്കുന്നതിനായി ഒരുദിവസത്തെ മുഴുവന്‍ സര്‍വീസും വിട്ടുകൊടുത്ത ബസ്സുടമകളെ അടുത്ത ദിവസം അനുമോദിക്കും. ചടങ്ങില്‍ ചികിത്സാ ഫണ്ട് അമല്‍ റോയിയുടെ കുടുംബത്തിന് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക