|    Jul 20 Fri, 2018 6:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥിയുടെ കൊല : റയാന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ സുപ്രിംകോടതിയില്‍

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിന്റെ വാദം സോഹ്‌ന പ്രാദേശിക കോടതിയില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് റയാന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ സുപ്രിംകോടതിയെ സമീപിച്ചു. ഗുഡ്ഗാവിലെയും സോഹ്‌നയിലെയും ബാര്‍ അസോസിയേഷനുകള്‍, അഭിഭാഷകര്‍ ഈ കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണു റയാന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ഫ്രാന്‍സിസ് തോമസ് കോടതിയെ സമീപിച്ചത്. അഭിഭാഷകനെ ഏര്‍പ്പെടുത്താനുള്ള ഒരു വ്യക്തിയുടെ മൗലികാവകാശമാണ് ഇതുവഴി നിഷേധിക്കപ്പെടുന്നതെന്നു ഫ്രാന്‍സിസ് തോമസിന്റെ അഭിഭാഷകന്‍ കെ ടി സി തുളസി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, അമിതവ റോയ് എന്നിവരായിരിക്കും കേസ് പരിഗണിക്കുക. ഏഴു വയസ്സുകാരനായ വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അശോക് കുമാറിനു വേണ്ടി അഭിഭാഷകര്‍ ഹാജരാവുന്നതില്‍ ബാര്‍ കൗണ്‍സിലിന്റെ വിലക്ക്. അതേസമയം, കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവും രണ്ട് വനിതാ അഭിഭാഷകരും നല്‍കിയ കേസിലും സുപ്രിംകോടതി വാദംകേള്‍ക്കുന്നുണ്ട്. അതിനിടെ റയാന്‍ ഗ്രൂപ്പ് ട്രസ്റ്റികള്‍ക്ക് അറസ്റ്റില്‍ നിന്നുള്ള താല്‍ക്കാലിക സംരക്ഷണം ഇന്നുവരെ നീട്ടിയതായി ബോംബെ ഹൈക്കോടതി വ്യക്തമാക്കി. റയാന്‍ സ്‌കൂള്‍ കാംപസില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് ട്രസ്റ്റികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പിതാവ് ബാരണ്‍ ഠാക്കൂറിനോട് ട്രസ്റ്റികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനെതിരേയുള്ള ഹരജിയുടെ പകര്‍പ്പ് അയച്ചുകൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വിദ്യാര്‍ഥി പ്രധ്യുമ്‌നന്റെ വസതി സന്ദര്‍ശിച്ച കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ കേസില്‍ വിശദമായ അന്വേഷണം വേണമെന്നും സ്‌കൂൡ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss