|    May 27 Sat, 2017 12:03 pm
FLASH NEWS

വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയത്തിലിറങ്ങി; കാര്‍ക്കശ്യത്താല്‍ ശ്രദ്ധേയനായി

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തില്‍ അങ്കംകുറിച്ച നേതാവായിരുന്നു മന്ത്രിസഭയില്‍ നിന്നു പടിയിറങ്ങുന്ന ഇ പി ജയരാജന്‍. പാര്‍ട്ടി നിലപാടുകളിലെ കാര്‍ക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും മികച്ച നേതൃപാടവവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്നുള്ള സംസാരവുമാണ് ഇപിയുടെ മുഖമുദ്ര. കല്യാശ്ശേരി കണ്ണപുരം എല്‍പി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കമ്പില്‍ ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ ചേലേരിയില്‍ ജനിച്ച ഇപി, സഹോദരന്‍ ജനാര്‍ദനന്‍ നമ്പ്യാരില്‍ നിന്നാണ് രാഷ്ട്രീയത്തിന്റെ ബാലപാഠം അഭ്യസിക്കുന്നത്. അഴീക്കോടന്‍ രാഘവന്‍, എം വി രാഘവന്‍ എന്നിവരുമായുള്ള അടുപ്പം ഇപിയെ സജീവ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി ജനറല്‍ മാനേജറുമായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. സ്വന്തം നാട്ടിലെ കൈത്തറി തൊഴിലാളികള്‍ക്കായി ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി നെയ്ത്തുശാല തുടങ്ങുന്നതിനു നേതൃത്വം നല്‍കി. ഇതിനിടയില്‍ ചിറക്കല്‍ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടി ഉപേക്ഷിച്ചു. 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം വി രാഘവനോട് മല്‍സരിച്ച് തോറ്റ ഇ പി ജയരാജന്‍ 1991ല്‍ അഴീക്കോട്ടു നിന്നുതന്നെ ജയിച്ച് നിയമസഭയിലെത്തി. എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇപിയായിരുന്നു. 2011ല്‍ മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അങ്കത്തിനിറങ്ങിയ ഇപി വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായിരുന്ന എം വി രാഘവനോട് 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ നേരിട്ട തോല്‍വിയാണ് ഇപിയുടെ ഒരേയൊരു തോല്‍വി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ഇപി ഇതിനു മധുരപ്രതികാരം നല്‍കി. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ഇത്തവണ മട്ടന്നൂരില്‍ നിന്ന് ഇപി ജയിച്ചത്. ഇപി 84,030 വോട്ടുകള്‍ നേടിയപ്പോള്‍ 40,649 വോട്ടാണ് കെ പി പ്രശാന്തിന് ലഭിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിനിടെ ക്രൂരമായ പോലിസ് മര്‍ദനത്തിന് ഇരയായ ഇപി പലവട്ടം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കുടിയാന്‍മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ടു. 1995ല്‍ 15ാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു മടങ്ങവേ ആന്ധ്രയില്‍ വച്ച് വാടകക്കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തിനേറ്റ വെടിയുണ്ടകളുടെ അസ്വസ്ഥതകളോടെയാണ് കഴിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day