|    Jun 20 Wed, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിപ്രക്ഷോഭം: കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു

Published : 15th January 2017 | Posted By: fsq

 

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥിവിരുദ്ധ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്. പ്രമുഖ ടെലിവിഷന്‍ അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍. ലക്ഷ്മി നായര്‍ക്കെതിരേ വലിയ ആരോപണങ്ങളാണ് വിദ്യാര്‍ഥി സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. മാനേജ്‌മെന്റ് സമീപനങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകപോലും ചെയ്യാതെ ഏകപക്ഷീയമായി കോളജ് അടച്ചുപൂട്ടി രക്ഷപ്പെടുന്ന സമീപനമാണെടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മാനേജ്‌മെന്റിന്റെ മാനസികപീഡനം സഹിക്കവയ്യാതെ ആറുമാസത്തിനിടെ അഞ്ചുവിദ്യാര്‍ഥികളാണ് ടിസി വാങ്ങിപ്പോയത്. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍, ഇത് കോളജില്‍ നടക്കാറേയില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. കോളജിലെ അനാവശ്യ നിയമങ്ങള്‍ക്കെതിരേ പ്രതികരിച്ചാല്‍ ഇയര്‍ബാക്ക് നടത്തുകയാണ് പ്രിന്‍സിപ്പലിന്റെ രീതി. പ്രിന്‍സിപ്പലിനെ എതിര്‍ത്താല്‍ ഇന്റേണല്‍ മാര്‍ക്കും അറ്റഡന്‍സും വെട്ടിക്കുറയ്ക്കും. താല്‍പര്യക്കാരായ വിദ്യാര്‍ഥികളെയൊഴികെ മറ്റെല്ലാവരെയും തോല്‍പ്പിക്കാനുള്ള ശ്രമവും നടക്കുന്നു. യൂനിവേഴ്‌സിറ്റി പരീക്ഷയുടെ വിജ്ഞാപനം വരുന്നതിന് ഒരാഴ്ചമുമ്പ് പ്രിന്‍സിപ്പല്‍ തന്റെ റൂമിലേക്ക് വിദ്യാര്‍ഥികളെ വിളിച്ചിട്ട് ഓരോരുത്തര്‍ക്കുമുള്ള ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും കാണിക്കുകയാണു ചെയ്യുന്നത്. അതിനാല്‍തന്നെ എതിര്‍ത്ത് സംസാരിക്കാന്‍ വിദ്യാര്‍ഥികള്‍ പലരും മടികാണിക്കും. വിദ്യാര്‍ഥികളെ ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുന്നതായും ആരോപണമുണ്ട്. പ്രിന്‍സിപ്പലിന് കോളജിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനെക്കാള്‍ കുക്കറി ഷോകള്‍ക്ക് പങ്കെടുക്കുകയാണ് പ്രധാനമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ മുമ്പ് യൂനിവേഴ്‌സിറ്റിയില്‍ നല്‍കിയ ഒരു പരാതി ഉന്നതബന്ധംകൊണ്ടു പൂഴ്ത്തിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇന്‍സ്റ്റിറ്റിയൂഷനല്‍ റാഗിങ് ആണ് ലോ അക്കാദമിയില്‍ നടക്കുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുക, അടുത്തടുത്ത് ഇരിക്കുക തുടങ്ങിയവയ്ക്കുമുണ്ട് ശിക്ഷകള്‍. കോളജില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന റാഗിങ് വിരുദ്ധ സെല്‍ ഇല്ല. പെണ്‍കുട്ടികള്‍ക്ക് കടുത്ത നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചുരിദാര്‍ ഒഴികെ മറ്റൊരു വസ്ത്രവും പെണ്‍കുട്ടികള്‍ കോളജില്‍ ധരിക്കാന്‍ പാടില്ല. ഒരു ദിവസംപോലും ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നാണു മറ്റൊരു പരാതി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കോളജിനു സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇപ്പോള്‍ സ്വകാര്യ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ആരോപണങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss