|    Mar 28 Tue, 2017 4:02 am
FLASH NEWS

വിദ്യാര്‍ഥിനി മതം മാറിയ സംഭവം: അടിയന്തര അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: വിവാഹത്തിന് 15 ദിവസം മുമ്പ് എയ്‌റോനാട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മതം മാറിയ സംഭവത്തില്‍ വിശദമായ അനേ്വഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയാണ് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആഗസ്ത് 29ന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം സ്വദേശിനി നിമിഷയെ മതം മാറ്റിയവര്‍ തന്റെ മകളെയും തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ആരോപിച്ച് പാങ്ങോട് സ്വദേശിനി ആര്‍മി ഉദേ്യാഗസ്ഥയായ മിനി വിജയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എറണാകുളം ജുവല്‍ എജ്യൂക്കേഷനല്‍ ട്രസ്റ്റില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന അപര്‍ണ വിജയന്‍ (21) ഹാസ്മിന്‍ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. അപര്‍ണയുടെ വിവാഹം 2016 ഏപ്രില്‍ 11ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കോഴ്‌സ് കഴിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് 30ന് മകളെ വിളിക്കാന്‍ അമ്മ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ അപര്‍ണ എന്ന പേരിലൊരാള്‍ അവിടെ താമസിച്ചിട്ടില്ലെന്നറിഞ്ഞു.
തുടര്‍ന്ന് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അയിഷ എന്ന കൂട്ടുകാരിയോടൊപ്പം അപര്‍ണ പോയെന്നാണ് പോലിസിന് ലഭിച്ച വിവരം. ചില കൂട്ടുകാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താമസം മാറിയതെന്നാണ് മിനി വിജയന്റെ പരാതി.
അതേസമയം, രണ്ടുതവണ മിനി വിജയന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് അപര്‍ണ കോടതിയില്‍ ഹാജരായിരുന്നു. പ്രായപൂര്‍ത്തിയായ തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു അപര്‍ണയുടെ ആവശ്യം. ഇതേ തുടര്‍ന്ന് അപര്‍ണയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ ഹൈക്കോടതി അനുമതിയും നല്‍കി. അപര്‍ണയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് സംഘപരിവാര മുഖപത്രമായ ജന്മഭൂമി, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ മഞ്ചേരിയിലെ സത്യസരണിയിലെത്തി അപര്‍ണയെ സന്ദര്‍ശിച്ചിരുന്നു. സതീദേവി, പി കെ സൈനബ എന്നിവരടങ്ങിയ അസോസിയേഷന്‍ ഭാരവാഹികളാണ് അപര്‍ണയെ സന്ദര്‍ശിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും അപര്‍ണ ഭാരവാഹികളെ അറിയിച്ചു. എന്നാല്‍, സത്യസരണിയില്‍ നിന്നു സാമൂഹിക സുരക്ഷാ മിഷന്‍ നടത്തുന്ന ഏതെങ്കിലും ഹോസ്റ്റലില്‍ മകളെ എത്തിക്കണമെന്നും പിന്നീട് മകളുടെ സ്റ്റേറ്റ്‌മെന്റ് എടുക്കണമെന്നുമാണ് മിനി വിജയന്റെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day